തൃശൂർ മെഡിക്കൽ കോളജ് വിദ്യാർഥികളായ നവീനും ജാനകിയും നടത്തിയ ഡാൻസിൽ മതവികാരത്തിൻറെ മിന്നായം കാണുകയാണ് ചില ആങ്ങളമാർ. 30 സെക്കൻഡ് ഡാൻസ് ചെയ്താൽ ഇടിഞ്ഞുവീഴുന്നതാണ് ആകാശമെന്ന മൌഢ്യബോധത്തിൽ നിന്നുയർന്നതാണ് ആ കുട്ടികൾക്കെതിരായ രോഷം എന്ന് വേണം കരുതാൻ.
ഡൻസ് ചെയ്തു എന്നതല്ല പലരും അവരിൽ കാണുന്ന കുറ്റം. മറിച്ച് നവീൻറെയും ജാനകിയുടെയും മതമാണ് വിമർശകരെ അസ്വസ്ഥരാക്കുന്നതത്രെ. ഇന്ത്യയിൽ ജീവിക്കുന്ന ഓരോരുത്തരും എന്ത് ഭക്ഷിക്കണം, എന്ത് വസ്ത്രം ധരിക്കണം എന്നൊക്കെ മറ്റുള്ളവർ തീരുമാനിക്കുന്ന കാലത്ത് കുട്ടികൾ എന്ത് ഡാൻസ് ചെയ്യണം, ആരൊക്കെ ചേർന്നാകണം ഡാൻസ് ചെയ്യേണ്ടത് എന്ന് മറ്റുള്ളവർ തീരുമാനിക്കുന്നു എന്നത് പുതിയ കാര്യം അല്ലാതിരിക്കാം.
ആവിഷ്കാര സ്വാതന്ത്ര്യമെന്നതൊക്കെ ചിലരുടെമാത്രം അവകാശമായി മാറിക്കൊണ്ടിരിക്കുന്ന കാലത്ത് നവീനും ജാനകിക്കും എതിരായ ആക്രോശവും അവരുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്.
കൂരിരുട്ടിൽ കരിമ്പൂച്ചയെ തപ്പുന്ന ഏർപ്പാടാണ് ഡാൻസിനെതിരെയുള്ളവരുടേത്. ചില വാക്കുകൾക്ക് `വിദ്വേഷ വിപണിയിൽ` നല്ല വില ലഭിക്കുന്ന കാലമാണിപ്പോൾ. അതിൽപ്പെട്ടതാണ് `മതവികാരം` എന്നത്.
ആണും പെണ്ണും ഉണ്ടായ കാലംതൊട്ട് പ്രണയവും കല്യാണവുമൊക്കെ ഉണ്ട്. ഒരേമതത്തിലുള്ളവരും വ്യത്യസ്ത മതങ്ങളിൽപ്പെട്ടവർ തമ്മിലുമൊക്കെ പ്രണയിക്കാറുണ്ട്, വിവാഹിതരാകാരുമുണ്ട്. അതൊക്കെ വ്യക്തിയുടെ മാത്രം കാര്യമാണ്. വിവാഹം ചെയ്യുന്നതിന് വേണ്ടി മാത്രം മതം മാറുക എന്നതിൻറെ ഔചിത്യവും അനൌചിത്യവുമൊക്കെ അവർക്ക് മാത്രം വിട്ടുകൊടുക്കുന്നതാകും നല്ലത്.
മെഡിക്കൽ പഠനം നടത്തുന്ന രണ്ട് കുട്ടികൾ നേരമ്പോക്കിന് 30 സെക്കൻഡ് നൃത്തം ചെയ്താൽ അതൊക്കെ മതവികാരം ആകുമെങ്കിൽ കുഴപ്പം ആ കുട്ടികളുടേതല്ല, കാഴ്ചപ്പാടിൻറേതാണ്. ....
കലാലയങ്ങൾ പുതിയ മാനവികതയുടെ പാഠങ്ങൾ ഇനിയും സമൂഹത്തിനു നൽകട്ടെ ..!
ഷെറിൻ മാത്യു
കുവൈത്ത്