മലയാള സിനിമ

മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച് ആര്യ ദയാല്‍

ഫിലിം ഡസ്ക്
Friday, July 23, 2021

പാട്ടുപാടി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഗായികയാണ് ആര്യ ദയാല്‍. മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കും ആര്യ ചുവടുവെച്ചിരിക്കുകയാണ്. മധുരം എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആര്യ ദയാല്‍ ആദ്യമായി പാടുന്നത്.

ജോജു ജോര്‍ജ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മധുരം. അഹമ്മദ് കബീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജൂണ്‍ എന്ന ചിത്രത്തിനു ശേഷം അഹമ്മദ് കബീറും ജോജു ജോര്‍ജും ഒരുമിച്ചെത്തുന്ന ചിത്രംകൂടിയാണ് മധുരം.

അര്‍ജുന്‍ അശോകന്‍, നിഖില വിമല്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ഫഹിം സഫര്‍, മാളവിക, ബാബു ജോസ് തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ അഹമ്മദ് കബീറിന്റേതാണ് ചിത്രത്തിന്റെ കഥയും.

അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്ജും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിനായക് ശശികുമാറാണ് ചിത്രത്തിലെ ഗാനത്തിന് വരികളെഴുതിയിരിയ്ക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

×