Advertisment

എന്തുകൊണ്ട് കണിക്കൊന്ന നേരത്തെ പൂക്കുന്നു?

ഇരുന്നൂറ് കൊല്ലം മുമ്പ് കൊന്നപൂത്ത സമയം പറഞ്ഞുതരാൻ ആരും ജീവിച്ചിരിപ്പില്ല. സൂര്യന്റെ ഈ അയനത്തിലെ മാറ്റത്തിനനുസരിച്ച് കലണ്ടറിൽ നമ്മൾ മാറ്റം വരുത്തിയാൽ മാത്രമേ, വിഷുക്കാലം, സൂര്യഅയനുവമായി ഒത്തുപോവുകയുളളൂ.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
konna UntitleEd.jpg

കഴിഞ്ഞ കുറേക്കാലമായി ധാരാളം ആളുകൾ പരാതിപ്പെടുന്നത് കേട്ടിട്ടുണ്ട് കണിക്കൊന്ന കാലം തെറ്റി പൂക്കുകയാണെന്ന്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉത്തമോദാഹരണമായി പലരും കണിക്കൊന്നയുടെ കാലം തെറ്റിയുള്ള പൂക്കാലം എടുത്തുകാട്ടുന്നുണ്ട്.

Advertisment

വിഷുക്കണി എന്ന പ്രക്രിയയുമായി ബന്ധപ്പെട്ടതുകൊണ്ടാണ് കണിക്കൊന്നയുടെ കാര്യത്തിൽ നാം ഇത്രയേറെ ശ്രദ്ധാലുക്കളായത്. എല്ലാ കൊല്ലവും ഏപ്രിൽ പതിനാലിനോ പതിനഞ്ചിനോ വിഷു വരുമ്പോഴേയ്ക്കും കൊന്നയുടെ സ്വർണ്ണപൂക്കൾ​ നമ്മുടെ തൊടിയിൽ വിളയണം. മുറ്റത്തെ മാവ്, എല്ലാ കൊല്ലവും ഒരേ സമയം തന്നെയാണോ പൂക്കുന്നത് എന്ന് നാം കുറിച്ചുവെയ്ക്കാറില്ല.

മാമ്പൂപ്പ് പറിച്ചെടുക്കുന്ന ഒരു ദിവസവും നമ്മുക്കില്ല. കണിക്കൊന്ന വിഷുവിനും ഒരല്പം നേരത്തെ പൂത്താലും അതിനെ കുറ്റം പറയാനാകില്ല. അതാത് കൊല്ലത്തെ ഇടവപ്പാതിയുടെയും തുലാവർഷത്തിന്റേയും ഏറ്റക്കുറച്ചിലനുസരിച്ച് മരങ്ങളുടെ പൂക്കാലം അല്പസ്വല്പം വ്യത്യാസപ്പെടും.

പ്രത്യേകിച്ചും തുലാവർഷം കുറയുകയും തുടർന്നുളള വേനൽ കൂടുകയും ചെയ്താൽ കൊന്നയൊക്കെ ഒരല്പം നേരത്തെ പൂത്തെന്നിരിക്കും. ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും ചെടികൾ തളിർക്കുന്നതിനെയും പൂക്കുന്നതിനെയും സ്വാധീനം ചെലുത്തുന്നുണ്ട്. അന്തരീക്ഷത്തിലെ നീരാവിയുടെ അളവും ഊഷ്‌മാവും ചെടികളെ ബാധിക്കുന്നുണ്ട്. അതനുസരിച്ച് അവയുടെ പൂവിടലിലും വ്യത്യാസം വരാം.

കണിക്കൊന്ന പൂക്കൽ

കണിക്കൊന്നയുടെ കാര്യത്തിൽ നാം വിഷുവുമായി ബന്ധപ്പെടുത്തുന്നു. കണിക്കൊന്ന പൂക്കൽ വിഷുക്കാലത്തു തന്നെ നടക്കണം എന്ന് നമുക്ക് ആഗ്രഹമുണ്ടെങ്കിൽ കൊന്നകളെ കുറ്റം പറയാൻ പറ്റില്ല. ഉത്തരായനം തുടങ്ങുന്ന സൂര്യൻ മാസങ്ങൾ പിന്നിട്ട് ഭൂമദ്ധ്യരേഖാ പ്രദേശത്ത് എത്തുന്നതാണല്ലോ മേടവിഷു. സൂര്യൻ ഉച്ചിയ്ക്കു മേലായതുകൊണ്ട് നല്ല ചൂട് കാലമായിരിക്കും.

ഇലപൊഴിയും മരമായ കണിക്കൊന്ന ഈ സമയമാവുമ്പോഴേയ്ക്കും വേനൽച്ചൂടിലെ ജലനഷ്ടം തടയാൻ ഇലകളൊക്കെ പൊഴിച്ച് നിൽപ്പുണ്ടാകും. സൂര്യന്റെ വരവനുസരിച്ച് പൂക്കുകയും ചെയ്യും. വിഷുവിനാണ് കൊന്ന പൂക്കേണ്ടതെങ്കിൽ അല്പം നേരത്തെ പൂക്കുന്ന കൊന്നകളെ കുറ്റം പറയാൻ പറ്റില്ല.

നാം കലണ്ടറിൽ​കൊണ്ടാടുന്ന ഏപ്രിൽ പതിനാല് അല്ല വിഷു. സൂര്യൻ ഭൂമദ്ധ്യരേഖയ്ക്കു മേലെ വരുന്ന ദിവസം ഇപ്പോൾ മാർച്ച് 21ആണ്. അതായത് സൂര്യന്റെ വരവ് നോക്കി പൂക്കുന്ന കൊന്നയക്ക് വിഷു മാർച്ച് 21 ന് ആണ്.

നമ്മുടെ മലയാളം കലണ്ടർ, ഇംഗ്ലീഷ് കലണ്ടറുമായി ലയിപ്പിച്ച് നീങ്ങുന്നതിനിടയിലാണ് പ്രശ്നം. എല്ലാ കൊല്ലത്തേയും വിഷുവരവ് ഒരേ സമയത്തല്ല. സൗരയൂഥത്തിലേയും നമ്മുടെ ആകാശഗംഗയിലേയും ചില പ്രതിഭാസങ്ങൾ കാരണം ഭൂമദ്ധ്യരേഖയ്ക്ക് മേലെ സൂര്യനെത്തുന്ന നിമിഷം, ഓരോ കൊല്ലത്തിലും ഇരുപത് മിനിറ്റോളം വ്യത്യാസപ്പെട്ടിരിക്കാം.

രണ്ടായിരം കൊല്ലത്തിന് മുമ്പ് ഈ സമയത്തല്ലായിരുന്നു വിഷു. ഇനി മൂന്നു, നാലായിരം കൊല്ലം കഴിഞ്ഞാൽ വിഷു ഈ സമയത്തായിരിക്കില്ല. വേനലും വസന്തവുമൊക്കെ മാറും. നാം നമ്മുടെ ചെറിയൊരു ആയുഷ്ക്കാലത്തെ കാര്യങ്ങൾ മാത്രം കാണുന്നു.

ഇരുന്നൂറ് കൊല്ലം മുമ്പ് കൊന്നപൂത്ത സമയം പറഞ്ഞുതരാൻ ആരും ജീവിച്ചിരിപ്പില്ല. സൂര്യന്റെ ഈ അയനത്തിലെ മാറ്റത്തിനനുസരിച്ച് കലണ്ടറിൽ നമ്മൾ മാറ്റം വരുത്തിയാൽ മാത്രമേ, വിഷുക്കാലം, സൂര്യഅയനുവമായി ഒത്തുപോവുകയുളളൂ.

Advertisment