Advertisment

പൂജയപ്പം മുതല്‍ കൈനീട്ടം വരെ: ഓര്‍മ്മയിലും രുചിയിലും നിറയുന്ന വിഷു

പുതുവർഷാരംഭം വർഷം മുഴുവൻ വരാനിരിയ്ക്കുന്ന സമൃദ്ധിയും ഐശ്വര്യവും വിഷുക്കണിയായി കണ്ണിൽ നിറച്ച് സമ്പത്തിന്റെ സൂചകം കൈനീട്ടമായി കൈകളിൽ വാങ്ങി പടക്കവും പൂത്തിരിയും കത്തിച്ച് ആനന്ദം വിതറി അങ്ങനെയങ്ങനെ.

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
vishu2UntitleEd.jpg

മദ്ധ്യവേനലവധിക്കാലം! കത്തിക്കാളുന്ന വെയിൽ. വെട്ടിവൃത്തിയാക്കിയിട്ട കുളങ്ങളിലും വിളവൊഴിഞ്ഞ പാടത്തും പറമ്പിലുമൊക്കെയായി ഉല്ലാസമായ ബാല്യം. ഉത്സവങ്ങളുടേയും പൂരങ്ങളുടേയും ആരവത്തിനിടയ്ക്ക് വിഷു വന്നെത്തുകയായി.

Advertisment

വിഷു ഓർമ്മയിൽ വിഷുക്കണിയും കൈനീട്ടവും പടക്കവുമൊക്ക തന്നെ പ്രധാനം. പുതുവർഷാരംഭം വർഷം മുഴുവൻ വരാനിരിയ്ക്കുന്ന സമൃദ്ധിയും ഐശ്വര്യവും വിഷുക്കണിയായി കണ്ണിൽ നിറച്ച് സമ്പത്തിന്റെ സൂചകം കൈനീട്ടമായി കൈകളിൽ വാങ്ങി പടക്കവും പൂത്തിരിയും കത്തിച്ച് ആനന്ദം വിതറി അങ്ങനെയങ്ങനെ.

വിഷു സംക്രാന്തി, വിഷു കൈനീട്ടം, വിഷു കണി

വിഷുസംക്രാന്തി തലേദിവസം തന്നെ ഒരുക്കങ്ങൾ തുടങ്ങുകയായി. പറമ്പൊക്കെ തൂത്തു വൃത്തിയാക്കി മുറികളൊക്കെ തേച്ചു കഴുകി വീടൊരുങ്ങുകയായി. ഇഞ്ചിയും പച്ചമുളകുമൊക്കെ പലകയിൽ വച്ച് ചെറുതായി അരിയുന്ന അമ്മൂമ്മ.

വൈകുന്നേരത്തോടെ ചക്ക വറക്കൽ, കശുവണ്ടി ചുട്ടുതല്ലൽ അങ്ങനെ ബഹളമയം. നേരത്തെ തന്നെ പത്തായത്തിൽ നിന്നും ഏതു വറുതിയിലുമെടുക്കാതെ സൂക്ഷിച്ച പച്ചനെല്ല് വിഷുക്കഞ്ഞിയ്ക്കായി പുറത്തെടുക്കുകയായി. കുട്ടിപ്പട്ടാളം കണിയൊരുക്കാനുളള ഇത്തിരി കൊന്നപ്പൂവും പടക്കം കത്തിക്കാൻ ചക്കത്തിരിയും ശേഖരിച്ചു വയ്ക്കുകയായി. തലേ രാത്രി തന്നെ അമ്മമാർ വിഷുക്കണിയൊരുക്കുന്നു.

മുമ്പൊക്കെ വിഷുക്കണിയോളവും കൈനീട്ടത്തോളവും പ്രധാനമാണ് വിഷുക്കഞ്ഞി അഥവാ വിഷുക്കട്ട. പ്രാദേശിക ഭേദമനുസരിച്ച് ചെറിയ മാറ്റങ്ങൾ ഈ വിഭവത്തിനുണ്ട്. ചില സ്ഥലങ്ങളിൽ വിഷുസംക്രാന്തിനാളിലാണ് വിഷുക്കഞ്ഞിയെങ്കിൽ മിക്കയിടത്തും വിഷുനാളിലെ പ്രാതൽവിഭവമാണിത്.

വിഷുക്കഞ്ഞി ഉണ്ടാക്കുന്ന വിധം

പച്ചനെല്ലു കുത്തിയ അരി(ഇപ്പോൾ പായസനുറുക്ക്) നന്നായി കഴുകി തേങ്ങാ പിഴിഞ്ഞ രണ്ടാംപാലും മൂന്നാം പാലും കൂട്ടിയെടുത്ത് തിളപ്പിച്ച് അതിലിട്ട് വേവിയ്ക്കുക. ചുക്കും ജീരകവും ചതച്ചതും ഉപ്പും ചേർക്കുക. (ഇപ്പോൾ ഏലയ്ക്കയുമാവാം) വെന്തു വരുമ്പോൾ നല്ല കുറുകിയ ഒന്നാം പാലൊഴിച്ച് തിള വരുമ്പോഴേ കഞ്ഞിപ്പരുവത്തിൽ വാങ്ങുക.

ഇതിന്റെ കൂടെ നല്ല കടുമാങ്ങാക്കറിയും ചക്കയവിയലും ഇഞ്ചിക്കറിയും പപ്പടം കാച്ചിയതും കൂടിയായാൽ എന്താ സ്വാദ്! ചൂടത്ത് ഈ ചൂടുപാൽക്കഞ്ഞി ഊതിയൂതി പ്ലാവിലയിൽ കോരിക്കുടിച്ച് വിയർത്തു കുളിച്ചങ്ങനെ....!

ചെറുപയറും അരിയും കൂടി രണ്ടാം പാലിൽ വേവിച്ച് ചുക്കും ജീരകവും ചതച്ചിട്ട് ശർക്കര പാനി ചേർത്ത് കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കും. അണ്ടിപരിപ്പും കിസ്മിസും നെയ്യിൽ വറുത്തിടും. ഇതിന് പായസത്തിന്റത്ര മധുരം കാണില്ല. ചെറുപയറിനു പകരം അരിയുടെ കൂടെ വൻപയറിട്ടും വയ്ക്കാം. ചെറു പയറും വൻപയറുമൊക്കെ കുതിർത്ത് വേവിക്കണം.

Advertisment