വി.കെ ശ്രീകണ്ഠൻ ഡിസിസി പ്രസിഡൻറ് സ്ഥാനം രാജിവെച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: ജില്ലകോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ച്‌ പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കാണിച്ച്‌ രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് നല്‍കിയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് താത്പര്യം. ജനപ്രതിനിധിയെന്ന നിലയില്‍ എംപിയായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനേറ്റ ക്ഷീണത്തിലും വിജയത്തിലും തനിക്ക് ഉത്തരവാദിത്വമുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.

പാര്‍ട്ടി നേരിടുന്ന വെല്ലുവിളി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ അദ്ദേഹം ഇരട്ട പദവി ഒഴിവാക്കാനാണ് രാജിയെന്നും വിശദീകരിച്ചു. എംപിയായ ശേഷം പല തവണ രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാണെന്നും പുനഃസംഘടന വരുന്നത് വരെ തുടരണമെന്നും തന്നോട് ആവശ്യപ്പെട്ടു.

എന്നാല്‍ പുനഃസംഘടന പല കാരണങ്ങളാല്‍ നീണ്ടുപോവുകയാണെന്നും എംപിയെന്ന നിലയില്‍ ഭാരിച്ച ചുമതലകള്‍ ഉള്ളതിനാല്‍ അതിന് പൂര്‍ണ സമയം വിനിയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഡിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി ഇന്ന് തന്നെ സ്വീകരിക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തുടര്‍ന്നും പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും താന്‍ സജീവമായി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കാന്‍ കൂടി ഈ സന്ദര്‍ഭം വിനിയോഗിക്കുന്നു. തന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്നുണ്ടായ സഹായ സഹകരണങ്ങള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ശ്രീകണ്ഠന്‍ രാജിക്കത്തില്‍ പറയുന്നു.

palakkad news
Advertisment