ലണ്ടന്‍: നവംബറില്‍ ഇന്‍ഡോനേഷ്യയില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ വിലക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കു മത്സരിക്കുന്ന ഋഷി സുനാക് ആവശ്യപ്പെട്ടു.
യുക്രെയ്നില്‍ കുട്ടികളുടെപോലും മരണത്തിനിടയാക്കിയ യുദ്ധത്തിന്റെ കാരണം പുടിന്‍ ആണെന്നും അദ്ദേഹത്തിന്റെ കൂടെ ചര്‍ച്ചക്കായി വട്ടമിട്ടിരിക്കുന്നത് ലോകനേതാക്കള്‍ക്ക് ചേര്‍ന്നതല്ലെന്നും സുനക് അഭിപ്രായപ്പെട്ടു. പുടിനെ വിലക്കണമെന്ന ആവശ്യം യുഎസ് സര്‍ക്കാരും നേരത്തെ തന്നെ മുന്നോട്ടുവച്ചിരുന്നു.
പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ബാലിയില്‍ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിദോദോയാണ് പ്രഖ്യാപിച്ചത്. യുക്രെയ്ന്‍ യുദ്ധവും തായ്വാന്‍ സംഘര്‍ഷവുമുണ്ടായ ശേഷം നടക്കുന്ന ആദ്യ ആഗോള ഉച്ചകോടിയാണിത്.
കോവിഡിനെ തുടര്‍ന്ന് 2020 ജനുവരിയില്‍ ചൈന യാത്രക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയശേഷം ഷി ജിന്‍പിങ് ആദ്യമായാണ് രാജ്യം വിടുന്നത്. യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഉച്ചകോടിക്കെത്തും.