കണ്ണൂര്‍: സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും കെ എസ് യു കേരള വിദ്യാര്‍ത്ഥിയൂണിയന്റെ ആദ്യകാലനേതാവുമായിരുന്ന
വി.എം മോഹന്‍ദാസ് (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചൊവ്വാഴ്ച്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. ഭാര്യ: ഭാരതി. മക്കള്‍: പ്രഫുല്‍, പ്രജുന (എറണാകുളം), പ്രിയങ്ക (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: രവീന്ദ്രന്‍, മോഹിനി, സരിത, ബാബുരാജ്, പരേതരായ സരോജിനി, സുജാത, കൃപാലിനി. എരഞ്ഞോളി കുടക്കളം ആയിനിയാട്ടു വേലാണ്ടി മാധവന്റെയും മറോളി മാധവിയുടെയും മകനാണ്.
വയലാർരവി കെ എസ് യു പ്രസിഡന്റായിരിക്കെ അദ്ദേഹത്തോടൊപ്പം ജനറല്‍ സെക്രട്ടറിയായിരുന്നു ശ്രീ മോഹൻദാസ്. ജോര്‍ജ്ജ് തരകന്‍, വയലാര്‍ രവി, എ.സി.ജോസ്, എം.എ.ജോണ്‍, എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, തോപ്പില്‍ രവി, എ.സി.ഷണ്‍മുഖദാസ് തുടങ്ങിയ അക്കാലത്തെ കെ.എസ്.യു. നേതൃനിരയുടെ ഭാഗമായിരുന്നു അദ്ദേഹം. കെ.എസ്.യു. ചരിത്രത്തില്‍ ഉജ്ജ്വല അദ്ധ്യായം രചിച്ച തലശ്ശേരി സമ്മേളനത്തിന്റെ മുഖ്യസംഘാടകനായിരുന്നു. കേരളമാകെ പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍ രാഷ്ട്രീയ എതിര്‍ചേരിയില്‍പ്പെട്ടവരുടെ ശക്തമായ എതിര്‍പ്പിനെ തരണം ചെയ്തു കൊണ്ടാണ് കെ.എസ്.യു. സംഘടനാപ്രവര്‍ത്തനങ്ങളുമായി അദ്ദേഹം മുന്നോട്ടുപോയത്.