കണ്ണൂരിൽ ഫാത്തിമ എന്ന പതിനൊന്നു വയസ്സുകാരിയുടെ മരണം കേരള മനസാക്ഷിയെ വേദനിപ്പിക്കുന്ന ഒന്നാണ്. മാരകമായ രോഗം മൂലമല്ല ഫാത്തിമ മരിച്ചത്. ചികിത്സ നിഷേധിച്ചതു കൊണ്ടാണ്. ഫാത്തിമയെ ബാധിച്ചത് സാധാരണ വൈറൽ പനി, ആശുപത്രിയിൽ പോയി ഡോക്ടറെ കാണുന്നതിന് പകരം ഫാത്തിമയുടെ അച്ഛൻ മന്ത്രവാദിയെക്കൊണ്ട് ചികിൽസ നടത്തി.
വെള്ളം തളിച്ച് അസുഖം മാറ്റാം എന്ന് മന്ത്രവാദി ഉറപ്പ് കൊടുത്തു. മന്ത്രവാദി ഫാത്തിമയുടെ ശരീരത്തിൽ വെള്ളം തളിച്ചു കൊണ്ടേയിരുന്നു. ആറാമത്തെ ദിവസം പനി മൂർഛിച്ച് മസ്തിഷ്ക്ക ജ്വരമായി (മെനിഞ്ചൈറ്റിസ്). തുടർന്ന് ആ പതിനൊന്നുകാരി മരണത്തിന് കീഴടങ്ങി.
ഇത് കണ്ണൂരിന്റെ ഉൾപ്രദേശങ്ങളിൽ നടക്കുന്ന ഒറ്റപ്പെട്ട സംഭവമല്ല. ഇതിന് മുൻപും ഇത്തരം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് കേരളത്തിന് ലജ്ജാകരമായ ഒരു സംഭവമാണ്. സാക്ഷര കേരളം എന്നാണ് പറയുന്നത്. അറിവില്ലായ്മയും അന്ധവിശ്വാസവും ഒന്നിക്കുമ്പോൾ ഇനിയും ഇത്തരം സംഭവം ആവർത്തിക്കും. കേരളത്തിന്റെ മുക്കിനും മൂലയിലും സർക്കാർ ആശുപത്രികൾ ഉണ്ട്. മിക്കവാറും എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകൾ ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് ഇങ്ങിനെ സംഭവിക്കുന്നു ?
രണ്ട് കാര്യങ്ങൾ സർക്കാരിന് ചെയ്യാം. പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് വളരെ എളുപ്പത്തിൽ ഇത്തരം സിദ്ധൻ മാരേയും മന്ത്രവാദികളേയും കണ്ടുപിടിക്കാൻ കഴിയും. മറ്റൊന്ന് ആരോഗ്യ വകുപ്പും സാമൂഹ്യ ക്ഷേമ വകുപ്പും കൂടി സംയുക് മായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ നടത്തുക. ഉത്തർപ്രദേശിൽ നിന്ന് വന്ന സിദ്ധന്റെ കൈയ്യിൽ നിന്നും കോവിഡ് മരുന്ന് വാങ്ങിക്കഴിച്ച മലയാളി എന്ന് മാറുമെന്ന് പറയാനാകില്ല.