ഒറ്റ പ്രാവശ്യം ഒരുമിച്ചു കൂടിയിട്ടുള്ളവർ ജീവിതത്തിൽ പിന്നീടൊരിക്കലും മറക്കാത്ത ദീപ്ത സ്നേഹ സൗഹൃദത്തിന്റെ മറു പേരായിരുന്നു എസ്‌പിബി എന്ന മൂന്നക്ഷരം. ഇരിപ്പിലും നടപ്പിലും സ്വര സൗന്ദര്യത്തിലും കണ്ടാലും കേട്ടാലും തീരാത്ത സാന്നിധ്യം. അപൂർവ്വഗായകവ്യക്തിത്വം.
എൺപതുകളുടെ പകുതി. നിൽക്കാനും ഇരിക്കാനും നേരമില്ലാത്ത വിധം വർക്കുകൾ, സ്റ്റുഡിയോയിൽ നിന്ന് സ്റ്റുഡിയോയിലേക്ക്. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ തിരക്ക് അത്രത്തോളമായി.
രാത്രി വൈകി അവസാനിക്കുന്ന റെക്കോഡിങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കാണാൻ ഊഴം കാത്തു നിൽക്കുന്നവർ. സർ, കാശെത്രയായാലും അതൊരു പ്രശ്നമല്ല. എസ്‌പിബി സാറിന്റെ ശബ്ദത്തിലല്ലാതെ ഞങ്ങൾക്കീ ഗാനം സങ്കൽപ്പിക്കുവാൻ പോലും കഴിയില്ല.
തന്റെ സമയത്തിനു വേണ്ടി കാത്തു നിൽക്കുന്നവരെ അദ്ദേഹം സമാധാനിപ്പിക്കും. എന്റെ ഇതേ ശബ്ദത്തിൽ പാടുന്ന പുതിയ ഒരാളുണ്ട്. നാഗൂർ സാഹിബ് എന്നാണ് പേര്. നല്ല പയ്യൻ. ഞാൻ പറയാം. അയാളിത് ഞാൻ പാടിയ പോലെ തന്നെ നിങ്ങൾക്ക് നന്നായി പാടിത്തരും.
ആ പുതുഗായകനാണ് പിന്നീട് മനോ എന്ന പേരിൽ പ്രശസ്തനായത്. മുക്കാലാ മുക്കാബലാ പോലെ അനേകഹിറ്റുകൾ പാടിത്തകർത്തത്.
തനിക്ക് അഡ്വാൻസുമായി വരുന്നവർക്ക് തന്നെ അനുകരിച്ചു പാടുന്നയാളെ സജസ്റ്റ് ചെയ്യുക. അതും തനിക്ക് ഇന്നുള്ള തിരക്ക് നാളെ ഉണ്ടാകുമോ എന്ന് സിനിമാഫീൽഡിന്റെ രീതി വെച്ച് യാതൊരുറപ്പുമില്ല.
ശേഷം മനോയെ വിളിച്ച് ഇന്നയാൾ വിളിക്കും ചെയ്തു കൊടുക്കണം എന്ന് ഓർമിപ്പിക്കും. നമ്മുടെ സ്വന്തം ആളാണ്. നീ തന്നെ പാടിക്കൊടുക്കണം. പ്രൊഡ്യൂസർക്കോ, അത്ര പ്രതിഫലം കൊടുക്കേണ്ടതില്ല.
പുതിയ ആൾ വന്നാൽ, ജനം അയാളെ ഇഷ്ടപ്പെട്ടാൽ പഴയ ആൾ തഴയപ്പെടുക ഇൻഡസ്ട്രിയിൽ സ്വാഭാവികം. ആസ്വാദക ശീലവും മാറാം.. പാരവെയ്പിന്റെയും കുതികാൽ വെട്ടിന്റെയും ചരിത്രം അത്രയ്ക്കുള്ള ലോകമാണ്. പലരും തടഞ്ഞു.. അപകടം സൂചിപ്പിച്ചു. സെലബ്രിറ്റിക്കു ചുറ്റും കൂട്ടാറുള്ള ആരാധകവൃന്ദവും കോക്കസുകളും സ്വാഭാവികമായും മറ്റേ ഗായകനെ പാരവെച്ചു മൂലക്കിരുത്തണം എന്നു വരെ ഉപദേശിച്ചിരിക്കാം. എസ്‌പിബിക്ക് പക്ഷേ അതൊന്നും കാര്യമായി തോന്നിയില്ല.
അതാണ് ശുഭാപ്തി വിശ്വാസം. മറ്റു മനുഷ്യരിലുള്ള വിശ്വാസം. അതാണ് സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം. തന്റെ ഇടത്തെപ്പറ്റിയുള്ള ആ ഉറപ്പിനെയാണ് വാസ്തവത്തിൽ തന്റേടം എന്നു പറയേണ്ടത്. ദൈവികമാണത്.
കോടീശ്വരനായ നിർമാതാവാകട്ടെ ഹിറ്റ്മേക്കർ സംവിധായകനാകട്ടെ സ്റ്റേജിൽ കൂടെ പാടാൻ നിൽക്കുന്ന പാവം ഗാനമേള പാട്ടുകാരിയാകട്ടെ.... ആണാകട്ടെ പെണ്ണാകട്ടെ. ഏവരെയും പ്രചോദിപ്പിക്കുന്ന സാന്നിധ്യമാണത്.
വലിപ്പച്ചെറുപ്പമില്ലാതെ ഇടപെടും. നിങ്ങളോടൊപ്പം അലിഞ്ഞ് ചിരിച്ചും കളിച്ചും സന്തോഷത്തോടെ ഭക്ഷണം കഴിച്ചും സ്നേഹം പ്രസരിപ്പിച്ചും... വലിയ ശരീരത്തിനകത്ത് നിഷ്കളങ്ക ഹൃദയം.. ഒരു കൊച്ചുകുട്ടി. അതായിരുന്നു എസ്‌പിബി. രാജയായാലും റഹ്മാനായാലും വ്യത്യാസമെന്തവിടെ ? എന്നിരുന്നാലും യേശുദാസിന്റെ സിനിമാ പിന്നണി ഗാനാലാപനത്തിന്റെ അമ്പതാം വാർഷികാഘോഷത്തിനെത്തിയപ്പോൾ യേശുദാസിനെ പ്രത്യേകപീഠത്തിൽ വിളിച്ചിരുത്തി ഗുരുവായിക്കണ്ട് പാദം കഴുകി പൂജിച്ചപ്പോഴാണ് ബാലസുബഹ്മണ്യത്തിന്റെ ഉള്ളിലെ നിഷ്കളങ്ക ശിശുവിന്, സംഗീതരസികന് സമാധാനമായത്.
എല്ലാ ഭാഷകളിലുമായി നാൽപ്പതിനായിരത്തിലധികം ഗാനങ്ങൾ പാടി ഗിന്നസ്ബുക്കിൽ കയറിയതിനും എത്രയോ മുമ്പു തന്നെ ജനഹൃദയങ്ങളിൽ വാസമുറപ്പിച്ചിരുന്നു ആ ശാരീരം.
മഹത്വത്തിലേക്കുയരുന്ന വിനയം... ആ ഹൃദയശുദ്ധി. ആ സാധാരണത്വമാണ് യഥാർത്ഥത്തിൽ അസാധാരണ മനുഷ്യന്റെ ലക്ഷണം. ആ മനുഷ്യന്റെ ചുറ്റും സദാ ഒരു പ്രകാശവലയമില്ലേ. അതൊരനുഭവമാണ്. കൂടിയ മനുഷ്യത്വമാകണം ശരിയായ കലാകാരൻ എന്ന് നമ്മൾ ആഗഹിക്കുന്നത് ഒരു തെറ്റല്ലാതായി - എസ്‌പിബിയിലൂടെ.
അതുല്യ വ്യക്തിത്വം. ഒരേയൊരു എസ്‌പിബി. ഒരു കോവിഡിനും അപഹരിക്കാൻ കഴിയാത്ത വിധം അനശ്വരനാദശരീരനായിരിക്കുന്നവനേ... നിന്റെ ജന്മദിനത്തിൽ സാദര സ്മരണാഞ്ജലി...
-ബദരി നാരായണൻ