Advertisment

ജപ്തി തടയൽ ഭേദഗതി ചതിക്കുഴി ! (പ്രതികരണം)

author-image
സത്യം ഡെസ്ക്
New Update
confiscation

ജൂൺ 10-ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയ "ജപ്തി തടയാനും, ഗഡുക്കളായി അടക്കുന്നതിനും, പലിശ 12 ശതമാനത്തിൽ നിന്ന് 9 ആയി കുറക്കാനും" വേണ്ടി റവന്യൂ റിക്കവറി നിയമത്തിൽ വരുത്തുന്ന  ഭേദഗതിക്ക് പിന്നിൽ കടക്കെണിയിലായി നരകിക്കുന്ന ജനങ്ങളുടെ കിടപ്പാടം പിടിച്ചെടുത്തു വിൽക്കുന്നതിനുള്ള അമിതാധികാരം സർക്കാരിൽ നിക്ഷിപ്തമാക്കാനുള്ള ഗൂഢ നീക്കമല്ലാതെ മറ്റൊന്നുമല്ല !  

Advertisment

പൊതുജന താൽപര്യാർത്ഥം ഏതെങ്കിലും വ്യക്തിക്കോ വ്യക്തികൾക്കോ ഏതെങ്കിലും സ്ഥാപനത്തിനോ സ്ഥാപനങ്ങൾക്കോ കൊടുക്കാനുള്ള തുക വസൂലാക്കാൻ സർക്കാരിന് അധികാരം നൽകുന്ന റവന്യൂ റിക്കവറി ആക്ടിലെ 71-ാം വകുപ്പ് റദ്ദാക്കുന്നതിനു പകരം ജപ്തി നീട്ടിവെച്ച് പാവപ്പെട്ടവരെ സംരക്ഷിക്കാനാണെന്നു വരുത്തി അവർക്കുള്ളതുകൂടി പിടിച്ചുപറിക്കാനാണ് ഭേദഗതി.

ഫലത്തിൽ രക്ഷകന്റെ റോളിൽ തദ്ദേശീയ ജനവിഭാഗങ്ങളുടെ പിന്തുണയും പാർട്ടി കൂറും ഉറപ്പിച്ചെടുക്കാനും ആവും. റവന്യൂ മന്ത്രിക്ക് 5 ലക്ഷം വരേയും, ധനകാര്യ മന്ത്രിക്ക് 10 ലക്ഷം വരേയും, മുഖ്യമന്ത്രിക്ക് 20 ലക്ഷം വരേയുമുള്ള ജപ്തി നീട്ടി വെക്കാനുള്ള അധികാരം നൽകുമത്രെ.

ജപ്തി തടയുമ്പോൾ തന്നെ വെറും ഒരു രൂപ നൽകി ഈടുവസ്തു സർക്കാർ വാങ്ങും. അധമർണന് അഞ്ച് വർഷത്തേക്ക് തുക തിരിച്ചടിച്ച് വസ്തു വീണ്ടെടുക്കാൻ സമയംനൽകും. അടവു തെറ്റിയാൽ വസ്തു വിറ്റു തുക വസൂലാക്കി ഉത്തമർണനു നൽകും. ഫലത്തിൽ "ജപ്തി തടയൽ" ഭേദഗതിയല്ല "ജപ്തി ഉറപ്പാക്കൽ" നിയമമാണ് വരാൻ പോകുന്നത് എന്നു സാരം ! 

ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കിട്ടാക്കടം തിരിച്ചു പിടിക്കാൻ നിരവധി മനുഷ്യത്വ രഹിതവും കർക്കശവും ജനവിരുദ്ധവുമായ നിയമങ്ങൾ നിലനിൽക്കേ (സർഫാസി, ആർബിട്രേഷൻ, ഡിആര്‍ടി, എആര്‍സി, സിജെഎം കോടതി, സിവിൽ കോടതി മുതലായവ) സർക്കാരും കൂടി ജപ്തി നിർവഹിച്ചു നൽകാൻ നിയമഭേദഗതി വരുത്തുന്നതിന് പിന്നിലുള്ള രഹസ്യ അജണ്ട എന്താണ് ? അതും 5% മുതൽ 7.5 % വരെ കുടിശ്ശിക തുകയ്ക്ക് ആനുപാതികമായി സർക്കാർ  ഇവരിൽ നിന്നും കമ്മീഷൻ കൈപറ്റി കൊണ്ടാണെന്നോർക്കണം.

പ്രളയം, കോവിഡ്,  നോട്ടു നിരോധനം, ജിഎസ്ടി, തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക വിളകളുടെ വിലയിടിവ്, മാരകരോഗാവസ്ഥകൾ എന്നീ പ്രതിസന്ധികൾ മറികടക്കാനാവാതെ കടക്കെണിയിൽ കരുങ്ങി നരകിച്ചു കഴിയുന്നവർക്ക് കടാശ്വാസമോ, കടപരിഹാരമോ നൽകാതെ നടത്തുന്ന ഈ നീക്കം ആരെ സഹായിക്കാനാണ് ?

ഭരിക്കുന്ന പാർട്ടിയുടെ കീഴിൽ വരുന്ന അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് വഴിമുട്ടി നിൽക്കുന്ന സഹകരണ ബാങ്കിങ്ങ് മേഖലയെ സഹായിക്കാനുള്ള നീക്കമാണിതെന്ന് വ്യക്തമായി കഴിഞ്ഞതാണ്. സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റി അംഗമായ ഗോപി കോട്ടമുറിക്കൽ അദ്ധ്യക്ഷനായ കേരള ബാങ്ക് പതിനായിര കണക്കിന് റവന്യൂ റിക്കവറി നോട്ടീസുകളാണ് കടത്തിൽ വീണ സാധാരണ ജനങ്ങൾക്ക് അയച്ചുകഴിഞ്ഞിട്ടുള്ളത്.

മാത്രവുമല്ല, ജനകീയ എതിർപ്പ് ഭയന്ന് കഴിഞ്ഞ വർഷം റവന്യൂ റിക്കവറി നടപടികൾ നിർത്തിവെച്ചുകൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവിൽ കേരളാ ബാങ്കിന്റെ ജപ്തി നടപടികൾക്ക് വിലക്കുണ്ടായിരിക്കില്ലെന്ന് പ്രത്യേകം പരാമർശിച്ചിരുന്നതും ഈ നീക്കത്തിനു പിന്നിലെ ഒളിഅജണ്ട വ്യക്തമാക്കുന്നുണ്ട് !  ജപ്തി നടപടികൾ സ്റ്റേ ചെയ്യാനുള്ള അവകാശം സർക്കാരിനില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവിനെ മറികടക്കാനാണ് ഈ ഭേദഗതി എന്ന ന്യായം കാപട്യമാണ്.

ജപ്തി നേരിടുന്ന കുടുംബങ്ങളെ സംരക്ഷിക്കാനാണ് ഈ നിയമഭേദഗതിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ ദിനം ദിനം പത്രക്കുറിപ്പുകൾ ഇറക്കുകയാണ്. ജനപിന്തുണ  അനുദിനം നഷ്ടപ്പെടുന്നതിനെ മറികടക്കാൻ ജപ്തി നീട്ടി വെച്ചുകൊണ്ട് തങ്ങൾ ഉണ്ടാക്കുന്ന രക്ഷകർത്തൃത്വ ബോധം കൊണ്ടാവുമെന്ന് പിണറായി സർക്കാർ കിനാവുകാണുന്നു.

2002 -ൽ പ്രാബല്യത്തിൽ വന്ന് കഴിഞ്ഞ 22 വർഷമായി സാധാരണ ജനങ്ങളെ നിഷ്ക്കരുണം തെരുവിൽ എറിയുന്ന സർഫാസി എന്ന ഭീകര നിയമത്തിന് തടയിടാൻ തങ്ങൾക്ക് ഒന്നും ചെയ്യാൻ ആവില്ലെന്ന് മുൻകൂർ ജാമ്യം എടുത്തുകൊണ്ടാണ് ഇവർ ഈ ഭേദഗതി കൊണ്ടുവരുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ (85 %) കിട്ടാകടം വരുത്തിയിട്ടുള്ള കോർപ്പറേറ്റ് മുതലാളിമാരുടെ ഒരു മൊട്ടുസൂചി പോലും ജപ്തി ചെയ്യാനാവാത്ത കേന്ദ്ര ഭരണകൂടം അവർക്ക് വേണ്ടി ഒരു ഉളുപ്പുമില്ലാതെ 2017-ൽ  പാപ്പരത്ത നിയമം (ബാങ്ക് റെപ്സി ആൻഡ് ഇൻസോൾവെൻസി ആക്റ്റ്) പാസാക്കി കൊടുക്കുകയുണ്ടായി.

എന്നാൽ, ഒന്നര സെന്റും മൂന്നു സെൻറുമുള്ള സാധാരണക്കാരെ അവരുടെ കിടപ്പാടങ്ങളിൽ നിന്ന് ഉടുവസ്ത്രം പോലും ഉരിഞ്ഞെടുത്ത്, ഹൃദയ മാംസം അറുത്തെടുത്ത് തെരുവിലെറിഞ്ഞ് അവരുടെ കിടപ്പാടങ്ങൾ കൊള്ളലാഭത്തിനു വിറ്റു കാശാക്കുകയാണ്.

അതിനെതിരെ അമേരിക്കയിലെ Wall Street-ൽ ഉയർന്നതു പോലുള്ള വലിയ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നത് കണ്ടില്ലെന്ന് നടിച്ചുകൊണ്ട് കേരള സർക്കാൻ തങ്ങളുടെ വരുതിയിലുള്ള ബാങ്കുകളുടെ ബാധ്യത തീർക്കുന്നതിന് വേണ്ടി ഭേദഗതി കൊണ്ടുവരുന്നത് ജന വഞ്ചനയാണ്. 

കിടപ്പാടം ജപ്തിചെയ്യില്ലെന്ന് നിയമനിർമ്മാണം കൊണ്ടുവരാം എന്ന തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലെ വാഗ്ദാനം ഇവർ സൗകര്യപൂർവ്വം മറന്നു കളഞ്ഞു. സർഫാസി നിയമം റദ്ദാക്കാൻ നിലപാടെടുത്ത മുന്നണി അതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല.

ദരിദ്ര ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതി തള്ളാനും സർഫാസി നിയമം റദ്ദാക്കാനും, കിടപ്പാടങ്ങൾ ജപ്തി ചെയ്യാതിരിക്കാനും കേരളമെമ്പാടും ഉയർന്നു വരുന്ന പ്രതിഷേധങ്ങളെ മയപ്പെടുത്താൻ വേണ്ടി സർക്കാർ നടത്തുന്ന ഈ നീക്കം ബാങ്ക്ജപ്തികളും ജപതിചെയ്ത വസ്തുക്കളുടെ ലേലവും, വില്പനയും ഏറെക്കുറെ നിശ്ചലമാക്കപ്പെടുന്ന വർത്തമാന കാല പ്രതിസന്ധിയെ കൂടി മറികടക്കാൻ ലക്ഷ്യമിടുന്നുണ്ടെന്ന് കാണാം.  

മാത്രമല്ല, 20 ലക്ഷത്തിന് മുകളിൽ വരുന്ന വായ്പകളിന്മേലുള്ള ജപ്തികൾ യാതൊരു തടസ്സമോ പരിശോധനയോ കൂടാതെ ഉടനടി നടത്തുന്നതിനുള്ള മൗനാനുവാദം കൂടി നൽകുകയാണ് ഈ ഭേദഗതി ചെയ്യുന്നത്. ദീർഘകാലമായി കേരള ബാങ്ക് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കാര്യമാണത്. 

കേന്ദ്ര നിയമമാണെന്ന് ചൂണ്ടിക്കാട്ടി  സർഫാസി നിയമം റദ്ദാക്കേണ്ട ബാധ്യതയിൽ നിന്ന് കൈ കഴുകി മാറുന്നുമുണ്ട് സംസ്ഥാന സർക്കാർ. കടത്തിൽ വീണ സാധാരണ ജനങ്ങൾക്ക് മുതൽ തന്നെ തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിൽ 12% പലിശ 9% ആക്കി കുറക്കുന്നതിൽ എന്ത്  അർത്ഥമാണുള്ളത് ? യഥാർത്ഥത്തിൽ സർക്കാർ ചെയ്യേണ്ടിയിരുന്നത് റവന്യൂ റിക്കവറി ആക്ടിൽ നിന്ന് പൊതു താൽപര്യാർത്ഥം ബാങ്കുകളുടെ കമ്മീഷൻ പറ്റി ജപ്തി നടപടി ചെയ്ത് കൊടുക്കാനുള്ള 71 -ാം വകുപ്പ് റദ്ദാക്കുകയാണ്.

"പൊതുതാൽപര്യം" ഏതായാലും ബാങ്കുകൾക്ക് വേണ്ടി ജപ്തി സർക്കാർ നടത്തി കൊടുക്കലല്ല, തീർച്ച ! പൊതുജനങ്ങൾ താൽപര്യപ്പെടുന്നത് കിടപ്പാടങ്ങൾ ജപ്തിയില്ലെന്ന നിയമനിർമാണം നടത്തുവാനും, ദരിദ്ര ജന ഭാഗങ്ങളുടെ കടങ്ങൾ എഴുതിത്തള്ളാനും, ജന വിരുദ്ധ സർഫാസി നിയമം റദ്ദാക്കാനും ആണെന്നതിൽ രണ്ട് പക്ഷമില്ല. ഈ ആവശ്യകതയിൽ ഊന്നി ക്കൊണ്ടുള്ള ശക്തമായ നീക്കങ്ങൾ നടത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ കേരളീയ സമൂഹം വലിയ ദുരന്തത്തെ അഭിമുഖീകരിക്കേണ്ടിവരും. 

Advertisment