Advertisment

അദ്ധ്യാപകർ തങ്ങളുടെ ഓരോ കുട്ടികളിലും പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ക്ലാസ് മുറികളിൽ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ സാധിക്കാതെ വരുന്ന കുട്ടികളുണ്ടെങ്കിൽ അവരിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ധ്യാപകർ രക്ഷകരാകുമ്പോൾ... പഠനവൈകല്യം തിരിച്ചറിയാം - ഡോ. ലിഷ പി. ബാലൻ

പഠനവൈകല്യം എന്ന അവസ്ഥ തിരിച്ചറിയാനും കുട്ടികളെ അതിൽ നിന്ന് മെച്ചപ്പെടുത്താനും  അദ്ധ്യാപകർ വഹിക്കുന്ന പങ്ക് ചെറുതല്ല. എഴുതുക, വായിക്കുക, കണക്ക് പരിഹരിക്കുക തുടങ്ങി പഠനത്തിന് ആവശ്യമായ കഴിവുകളിൽ നേരിടുന്ന ബുദ്ധിമുട്ടുകളാണ് പഠനവൈകല്യമായി കണക്കാക്കുന്നത്. 

author-image
സത്യം ഡെസ്ക്
New Update
dr. lisha p balan article-2

കുട്ടികളുടെ രണ്ടാമത്തെ വീടാണ് സ്കൂൾ എന്നാണല്ലോ. അവിടെ രക്ഷിതാക്കളുടെ സ്ഥാനത്താണ് അദ്ധ്യാപകരും. ഒരുപക്ഷേ, സ്കൂൾ കാലഘട്ടത്തിൽ കുട്ടികളുടെ വളർച്ച മാതാപിതാക്കളേക്കാൾ കൂടുതൽ അറിയുന്നത് അദ്ധ്യാപകർക്കാവും. അവരുടെ ശരിതെറ്റുകൾ മനസ്സിലാക്കാനും തിരുത്താനും അദ്ധ്യാപകർക്ക് എളുപ്പമാകുന്നതും അതുകൊണ്ടാണ്. 

Advertisment

പഠനവൈകല്യം എന്ന അവസ്ഥ തിരിച്ചറിയാനും കുട്ടികളെ അതിൽ നിന്ന് മെച്ചപ്പെടുത്താനും  അദ്ധ്യാപകർ വഹിക്കുന്ന പങ്ക് ചെറുതല്ല. എഴുതുക, വായിക്കുക, കണക്ക് പരിഹരിക്കുക തുടങ്ങി പഠനത്തിന് ആവശ്യമായ കഴിവുകളിൽ നേരിടുന്ന ബുദ്ധിമുട്ടുകളാണ് പഠനവൈകല്യമായി കണക്കാക്കുന്നത്. 


വായിക്കാൻ, വായിക്കുന്ന കാര്യങ്ങളെ മനസ്സിലാക്കി ഉൾക്കൊള്ളാൻ, എഴുതാൻ, എഴുതിയത് പറയാൻ, കണക്കുകൂട്ടാൻ എന്നിങ്ങനെ ബുദ്ധിമുട്ടുകളാണ് പഠനവൈകല്യമുള്ള കുട്ടികൾ നേരിടുന്നത്. 


ഇത്തരം കാര്യങ്ങൾ കൂടുതൽ നടക്കുന്നത് സ്കൂൾ കാലത്തിലായതു കൊണ്ട് തന്നെ അദ്ധ്യാപകർക്കാണ് കുട്ടികളുടെ ഇത്തരം വൈകല്യങ്ങൾ ആദ്യം മനസ്സിലാക്കാൻ കഴിയുക. 

എത്ര നേരത്തെ കണ്ടെത്തുന്നുവോ അത്ര നേരത്തെ പ്രൊഫഷണലുകളുടെ സഹായത്തോടെ ഇതിന് ചികിത്സ തേടി മികച്ച ഫലം കണ്ടെത്താനാകും. എന്നാൽ, പലപ്പോഴും കുട്ടികൾ ഹൈസ്കൂൾ കാലത്തിലെത്തുമ്പോഴാണ് ഇത്തരം പഠനവൈകല്യങ്ങളെക്കുറിച്ച് രക്ഷിതാക്കൾ ആശങ്കപ്പെടാറുള്ളത്. അത് കൃത്യമായ ഇടപെടൽ വൈകിക്കുകയും അതിന്റെ ബുദ്ധിമുട്ടുകൾ കുട്ടികൾ അനുഭവിക്കുകയും ചെയ്യേണ്ടി വരാറുണ്ട്.

പഠിക്കാനുള്ള എല്ലാ ബുദ്ധിമുട്ടുകളും പഠനവൈകല്യമല്ല. കേൾവി, കാഴ്ച, മോട്ടോർ സ്കിൽ എന്നിവയിലെ തകരാറുകൾ കൊണ്ടും കുട്ടികൾ പഠനത്തിൽ പിന്നാക്കം പോകാം.


ബുദ്ധിശക്തിയിലെ പ്രശ്നങ്ങൾ, മാനസികമായ പ്രശ്നങ്ങൾ, ചുറ്റുപാടിലെ പ്രശ്നങ്ങൾ, സാംസ്കാരികമോ സാമ്പത്തികമോ ആയ കാരണങ്ങൾ ഇവയൊക്കെയും കുട്ടികളുടെ പഠനത്തെ ബാധിച്ചേക്കാം. അതുകൊണ്ടു തന്നെ കുട്ടികൾ പഠനകാര്യങ്ങളിൽ പിന്നാക്കം നിൽക്കുകയോ വ്യത്യസ്തത കാട്ടുകയോ ചെയ്താൽ ഒരു പ്രൊഫഷണലിന്റെ സഹായം തേടേണ്ടത് പ്രധാനമാണ്.


തലച്ചോറിന്റെ വികസനവുമായി ബന്ധപ്പെട്ടതാണ് പഠനവൈകല്യം. ശരാശരിയിലോ അതിലും മേലെയോ ബുദ്ധിശക്തിയുള്ള കുട്ടി പഠനത്തിൽ മാത്രം നേരിടുന്ന ബുദ്ധിമുട്ടാണ് പഠന വൈകല്യം. ഇത് മരുന്ന് കഴിച്ച് മാറ്റാനാകുന്ന രോഗമല്ല.

കൃത്യമായി കൈകാര്യം ചെയ്ത് നിയന്ത്രിച്ചില്ലെങ്കിൽ പഠനത്തെ മാത്രമല്ല ജോലി ഉൾപ്പെടെയുള്ള തുട‌ർജീവിതത്തിലും ഇത് ബാധിച്ചേക്കാം. കുടുംബത്തിൽ നിന്നും ചുറ്റുമുള്ളവരിൽ നിന്നും ലഭിക്കുന്ന പിന്തുണയോടെ സ്കൂൾ കാലഘട്ടത്തിലും തുടർന്നങ്ങോട്ടുള്ള ജീവിതത്തിലും വിജയം നേടാൻ ഇത്തരം കുട്ടികൾക്ക് കഴിയുമെന്നതിൽ തർക്കമില്ല.

അദ്ധ്യാപകർക്ക് എങ്ങനെ തിരിച്ചറിയാം

അദ്ധ്യാപകർ തങ്ങളുടെ ഓരോ കുട്ടികളിലും പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ക്ലാസ് മുറികളിൽ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ സാധിക്കാതെ വരുന്ന കുട്ടികളുണ്ടെങ്കിൽ അവരിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്.


ക്ലാസിൽ ശ്രദ്ധിക്കുന്നതിലും അദ്ധ്യാപകരുടെ നിർദ്ദേശങ്ങൾ പിന്തുരാനും ബുദ്ധിമുട്ട്, വായിക്കാനുള്ള ബുദ്ധിമുട്ട്, ക്ലാസിൽ ബോർഡിലെഴുതുന്നത് കൃത്യമായി പകർത്തി എഴുതാതിരിക്കുക, സാവധാനത്തിൽ പകർത്തിയെഴുതുക, നോട്ടുപുസ്തകങ്ങൾ പൂർണ്ണമാക്കാതിരിക്കുക എന്നിങ്ങനെ ചില കുട്ടികൾ ചെയ്യാറുണ്ട്. 


തുടർച്ചയായി ഇതേ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ അത്തരം കുട്ടികൾ ഹോംവർക്ക് ചെയ്യുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ, ടെക്സ്റ്റ് ബുക്ക്, നോട്ട് ബുക്ക് എന്നിവ സൂക്ഷിക്കുന്നുണ്ടോ, അവർക്ക് ടൈംടേബിൾ പാലിക്കാനാവുന്നുണ്ടോ, പുസ്തകങ്ങൾ കൃത്യമായി എടുത്തുവയ്ക്കുന്നുണ്ടോ, പരീക്ഷ എഴുതുമ്പോൾ പൂർണ്ണമാക്കുന്നുണ്ടോ എന്നീ കാര്യങ്ങൾ സസൂക്ഷ്മം ശ്രദ്ധിക്കുക. 

പരീക്ഷയ്ക്ക് ചോദ്യങ്ങൾ വായിക്കാൻ ബുദ്ധിമുട്ട് കാണിക്കുന്നതിനാൽ അദ്ധ്യാപകർക്ക് വായിച്ചു കൊടുക്കേണ്ടി വരികയോ പരീക്ഷയ്ക്ക് മുഴുവൻ ചോദ്യങ്ങളും എഴുതാതിരിക്കുകയോ മൂന്നോ നാലോ വരി മാത്രം എഴുതി നിറുത്തുകയോ ചെയ്യുന്ന കുട്ടികളൊക്കെ ഒരുപക്ഷേ പഠനവൈകല്യത്തിന്റെ ലക്ഷണങ്ങളാവാം കാണിക്കുന്നത്.


കുട്ടികൾ എഴുതാനോ വായിക്കാനോ മടി കാണിച്ചാൽ അത് പഠിക്കാനുള്ള മടിയാണെന്ന് കരുതി ശിക്ഷിക്കരുത്. ഒരുപക്ഷേ, അവർ നേരിടുന്ന ബുദ്ധിമുട്ടാണ് നാം മടിയായി തെറ്റിദ്ധരിക്കുന്നത്. ചില കുട്ടികൾക്ക് എഴുതാൻ മാത്രമോ, മറ്റു ചിലർക്ക് വായിക്കാൻ മാത്രമോ, ചിലർക്ക് കണക്കിൽ മാത്രമോ ആണ് ബുദ്ധിമുട്ട് കാണിക്കാറുള്ളത്. ചില കുട്ടികൾക്ക് ഇവയെല്ലാം ഒരുമിച്ചും കാണാം.


ലക്ഷണങ്ങളറിയാം

വായന: വായനയിൽ ബുദ്ധിമുട്ട് ഉള്ളവർക്ക് അക്ഷരങ്ങളുടെ യഥാർത്ഥ ശബ്ദം തിരിച്ചറിയാൻ പറ്റാതെ വരും. വളരെ പതുക്കെ, ഒരു വാക്ക് വായിക്കാൻ ഒരുപാട് സമയമെടുക്കുകയോ ഓരോ അക്ഷരങ്ങളായി പെറുക്കി വായിക്കുകയോ ചെയ്യും. 

വായിക്കാൻ വിമുഖത, ചില വാക്കുകൾ ശബ്ദം കുറച്ച് പതുക്കെ വായിക്കുക, ചില വാക്കുകളോ വരികളോ വായിക്കാതെ വിട്ടുകളയുക, ചില വാക്കുകൾ അധികമായി വായിക്കുക, അക്ഷരങ്ങൾ തലതിരിച്ച് വായിക്കുക, ഒരു വാക്കിന് പകരം വേറെ വാക്ക് വായിക്കുക തുടങ്ങിയവയൊക്കെ വായനയിൽ പഠനവൈകല്യമുള്ള കുട്ടികൾ കാട്ടുന്ന ലക്ഷണങ്ങളാണ്. 


അവരുടെ പദസമ്പത്ത് വളരെ പരിമിതമായിരിക്കും. ചില കുട്ടികൾ വായിക്കുമ്പോൾ പ്രത്യേകിച്ച് ഭാവഭേദമില്ലാതെയാകും വായിക്കുക. കോമ, കുത്ത് പോലെയുള്ള ചിഹ്നങ്ങൾ ഒഴിവാക്കും.


 വായിക്കുന്നത് എന്താണെന്ന് മനസ്സിലാകാതെ ഇരിക്കുക, ചിത്രങ്ങൾ കണ്ട് അത് എന്താണെന്ന് ഊഹിച്ച് പറയാനോ വായിച്ചതിന്റെ സംഗ്രഹം പറയാനോ ബുദ്ധിമുട്ട്, വായിക്കാൻ ഇഷ്ടമില്ലാതെ ഇരിക്കുക, പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ട്, വായിക്കാൻ പറയുമ്പോൾ കരയുക എന്നിവയൊക്കെയും വായനയുമായി ബന്ധപ്പെട്ട പഠനവൈകല്യത്തിന്റെ ലക്ഷണങ്ങളാവാം.

എഴുത്ത്: കുട്ടികൾ എഴുതാൻ പെൻസിൽ പിടിക്കുന്ന രീതി ശ്രദ്ധിക്കേണ്ടതാണ്. പെൻസിൽ പിടിക്കുന്നതിലെ വ്യത്യാസം, അക്ഷരം എഴുതാൻ ബുദ്ധിമുട്ട്, എഴുതിയ അക്ഷരം വായിക്കാനാവാതെ വരിക, വളരെ പതുക്കെ എഴുതുക, ഇംഗ്ളീഷ് അക്ഷരമാലയിലെ വലിയ അക്ഷരങ്ങളും ചെറിയ അക്ഷരങ്ങളും കൂട്ടിച്ചേർത്ത് വാക്കുകൾ എഴുതുക, എഴുതുന്ന അക്ഷരങ്ങൾ മാറിപോവുക, അക്ഷരങ്ങൾ കണ്ണാടിയിൽ കാണുന്നതുപോലെ തല തിരിച്ച് എഴുതുക, സ്പെല്ലിംഗ് മാറിപ്പോവുക, അക്ഷരങ്ങൾ കൂടുതൽ എഴുതിച്ചേർക്കുകയോ ചില അക്ഷരങ്ങൾ ഒഴിവാക്കുകയോ ചെയ്യുക, ഉപന്യാസങ്ങൾ എഴുതുമ്പോൾ ഒരേ തെറ്റുകൾ ആവർത്തിക്കുക, ചിഹ്നങ്ങൾ ഉപയോഗിക്കാതിരിക്കുക, വാക്കുകൾ തമ്മിൽ അകലം ഇല്ലാതിരിക്കുക, ഉപന്യാസ രചനയിൽ ആസൂത്രണം ഇല്ലാതിരിക്കുക എന്നിവയൊക്കെ എഴുത്തുമായി ബന്ധപ്പെട്ട പഠനവൈകല്യത്തിന്റെ ലക്ഷണങ്ങളാവാം.

കണക്ക് കൂട്ടൽ പിഴച്ചാൽ: അക്കങ്ങൾ ഓർത്തെടുക്കാനും കൃത്യമായ ക്രമത്തിൽ എഴുതാൻ പറ്റാതിരിക്കുക, അക്കങ്ങൾ തലതിരിച്ച് എഴുതുക, കണ്ണാടിയിൽ കാണുന്നത് പോലെ തലതിരിച്ച് അക്കങ്ങൾ എഴുതുക, അടുത്ത്-അകലെ, ചെറുത്-വലുത്, മുമ്പ്-ശേഷം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ പറ്റാതെ വരിക, കൂട്ടാനും കുറയ്ക്കാനും ഗുണിക്കാനും ഹരിക്കാനുമുള്ള ബുദ്ധിമുട്ട്, കണക്കിലെ പ്രശ്നം പരിഹരിക്കുമ്പോൾ ഉപയോഗിക്കേണ്ട പടികൾ കൃത്യമായി പിന്തുടരാനാകാതെ വരിക, 10,100, 1000 തുടങ്ങിയവയുടെ മൂല്യത്തിൽ ആശയക്കുഴപ്പം ഉണ്ടാവുക, കണക്കിലെ ചിഹ്നങ്ങൾ മാറിപ്പോവുകയോ അത് മനസ്സിലാകാതെ വരികയോ ചെയ്യുക എന്നിവയൊക്കെ കണക്കുമായി ബന്ധപ്പെട്ട പഠനവൈകല്യത്തിന്റെ ലക്ഷണങ്ങളാവാം.

അദ്ധ്യാപകർക്ക് രക്ഷകരാകാം

പഠനവൈകല്യമുണ്ടെന്ന് തിരിച്ചറിഞ്ഞ കുട്ടികളെ ചേർത്തുനിർത്തേണ്ടത് അദ്ധ്യാപകരുടെ ഉത്തരവാദിത്തമാണ്. അവരുടെ തെറ്റുകൾക്ക് ഊന്നൽ നൽകാതെ, ശരികളെ പ്രോത്സാഹിപ്പിക്കുക. സ്കൂൾ ബാഗ് കൃത്യമായി സൂക്ഷിക്കാത്ത, നൽകുന്ന നിർദ്ദേശം പാലിക്കാത്ത കുട്ടികൾക്കായി അധികസമയം ചെലവഴിക്കേണ്ടി വരും. അവർക്ക് അത്തരം കാര്യങ്ങൾ സ്വയം ചെയ്തോ എന്നറിയാൻ ചെക്ക്ലിസ്റ്റ് നൽകാം. 


ക്ലാസ് മുറികളിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ നിന്ന് ശ്രദ്ധ മാറിപ്പോകുന്നുണ്ടെങ്കിൽ അവരെ അതിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുക. പരീക്ഷകളിൽ ചോദ്യപേപ്പർ വായിച്ചു നൽകി സഹായിക്കാം. കുട്ടികളുമായി ആശയവിനിമയം ലളിതമാക്കാം. ചിത്രങ്ങൾ കാണിച്ചുകൊണ്ടുള്ള ആശയവിനിമയം നടത്തുന്നത് അവർക്ക് എളുപ്പമായിരിക്കും. 


ഹോംവർക്കും മറ്റും നൽകുമ്പോൾ അവർക്ക് അധിക സമയം നൽകുക. കുട്ടികൾക്ക് പാഠഭാഗങ്ങൾ റെക്കാർഡ് ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്തു നൽകുന്നത് നന്നാകും. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ അവർക്ക് അൽപം സമയം കൂടുതൽ നൽകാം. 

ഇത്തരം കുട്ടികളുടെ രക്ഷിതാക്കളുമായി തുറന്ന ആശയവിനിമയം നടത്തുക. നിങ്ങളുടെ ചെറിയ പ്രോത്സാഹനവും കരുതലും  വലിയ വിജയങ്ങൾ നേടാൻ അവർക്ക് കരുത്തേകും. അദ്ധ്യാപകരെന്ന നിലയിൽ അവരുടെ രക്ഷകരാകാം. 

-ഡോ. ലിഷ പി. ബാലൻ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് പ്രയത്ന, കൊച്ചി)

Advertisment