Advertisment

ഓണം ഓർമകളിൽ...

author-image
സത്യം ഡെസ്ക്
Updated On
New Update
kk menon article

ഇന്നോണത്തെക്കുറിച്ച് എഴുതുമ്പോൾ, ഓർമകളെ കുറിച്ചെഴുതാനേ സാധിക്കുകയുള്ളു. കാരണം ഓണം ഇന്ന് ഓർമ്മകളിൽ മാത്രമാണ്. ആ ഓർമകൾ അവിസ്മരണീയങ്ങളുമാണ്. 

Advertisment

മനസ്സിനെ ധന്യമാക്കിയിരുന്ന ചെറുപ്പകാലത്തെ അനുഭവങ്ങളും ഓർമ്മകളുടെ പൂകൂടകൾ തന്നെ. എന്നും വാടാതെ മനസ്സിനെ സമാശ്വസിപ്പിക്കുന്ന, പ്രത്യാശ നൽകുന്ന, നിറഞ്ഞുനിൽക്കുന്ന വർണ്ണപുഷ്പങ്ങൾ തന്നെയാണ്.

സ്കൂൾ ജീവിത കാലങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം. സമൃദ്ധിയുടെ നാളുകൾ സമ്മാനിച്ച, സന്തോഷം പകർന്നിരുന്ന ഓണക്കാലം. ഉത്രാടരാത്രിയിൽ അത്താഴം കഴിഞ്ഞ് നേരത്തെ കിടന്നുറങ്ങാൻ പറയുമായിരുന്ന അച്ഛമ്മ. 

ആദ്യമൊന്നും കാരണമെന്താണെന്ന് അറിഞ്ഞിരുന്നില്ല. പിന്നെ എല്ലാ വർഷങ്ങളിലും അതൊരു പതിവായി മാറിയപ്പോൾ, ഉറക്കമൊഴിച്ച് അച്ഛമ്മയുടെ വിളി കേൾക്കാനായി കാത്തിരിക്കാറുണ്ട്. പൂർണ നിലാവ് ഒഴുകി കൊണ്ട്, അണിമതി പോലും ഓണത്തെ വരവേൽക്കാനായി ഉള്ള കാത്തിരിപ്പ്. 

ഏകദേശം പന്ത്രണ്ട് മണിയാകുമ്പോൾ അച്ഛമ്മയുടെ വിളി കേൾക്കാം. എഴുന്നേറ്റ് ഉമ്മറത്തെത്തുമ്പോൾ  നിലവിളക്കും, അരി, നെല്ല്, ഓണപ്പുടവ, നല്ലെണ്ണ, നേന്ത്രപ്പഴം, പപ്പടം എന്നീ സാധനങ്ങൾ എല്ലാമൊരുക്കി ആരെയോ കാത്തിരിക്കുന്ന അച്ഛൻ, അമ്മ, അച്ഛമ്മ, സഹോദരിമാർ. ഇവരുടെ ഇടയിലേക്ക് കയറിച്ചെന്ന് അമ്മയുടെ അടുത്തു സ്ഥാനമുറപ്പിച്ച് ഞാനും ആ കാത്തിരിപ്പിൽ പങ്കുചേരും. 

അധികം താമസിയാതെ ഒരു ചെണ്ടയും കൊട്ടികൊണ്ട്, ഞങ്ങളുടെ ആശ്രിതനായി കഴിഞ്ഞിരുന്ന, വീട്ടിൽ പുറത്ത് ജോലി എല്ലാം ചെയ്തിരുന്ന രാമനും, ഭാര്യ ഉണ്ണുനീലയും വന്ന് കുറച്ചു മാറി ഞങ്ങളുടെ പത്തായപ്പുരയുടെ കോലായയിൽ കയറിയിരുന്ന് തുയിലുണർത്തു പാട്ടുപാടുവാൻ തുടങ്ങും. 

അമ്പലത്തിലെ തേവരെ പാട്ട് പാടി ഉണർത്തുന്നതാണ് തുയിൽ ഉണർത്തൽ. വീടുകൾ തോറും പോയി തുയിലുണർത്തു പാട്ട് പാടി അവരുടെ അവകാശം വാങ്ങുക അന്നൊരു പതിവായിരുന്നു.

സ്വതസിദ്ധമായ ശൈലിയിൽ - വീട്ടിൽ ഓരോ അംഗത്തിന്റെയും പേരും, നാളും പറഞ്ഞു പൊലിച്ചു പാടും. അവസാനം എന്റെ പേരും - അവരെന്നെ ഉണ്ണി തമ്പുരാൻ എന്നാണ് വിളിച്ചിരുന്നത്. പാടുന്നതിന്റെ സാഹിത്യമോ അർത്ഥമോ അന്ന് അറിഞ്ഞിരുന്നില്ല. 

ഈ ചടങ്ങ് ഏകദേശം അരമണിക്കൂറോളം തുടരും. അതുകഴിഞ്ഞ് അവർ തിരിച്ചു പോകുമ്പോൾ, അവിടെ ഒരുക്കിവച്ച സാധനങ്ങൾ അവർക്ക് നൽകി, അവർക്ക് നന്മകൾ നേരാൻ ഞങ്ങളെ എല്ലാവരെയും അച്ഛമ്മ പറഞ്ഞ് ചട്ടം കെട്ടിയിരുന്നു.

തിരുവോണ ദിവസം രാവിലെ എഴുന്നേറ്റ് കുളി കഴിഞ്ഞു, പുതിയ ഡ്രസ്സും ഇട്ട് കൂട്ടുകാരുടെ കൂടെ മുറ്റത്ത് നടന്നിരുന്ന തലമ പന്ത്, ആട്ടത്തല്ല് എന്നീ  ആവേശകരമായ കളികളും, വിനോദങ്ങളും കാണാറുള്ള അനുഭവം പ്രത്യേകം എടുത്തു പറയേണ്ടതാണ്. 

അതു കഴിയുമ്പോൾ അടുത്ത വീടുകളിൽ നടക്കാറുള്ള സത്രീകളുടെ തുമ്പിതുള്ളൽ, തെരുപറകൽ എന്നീ ഓണക്കാലകളികളെന്നു  വിശേഷിപ്പിക്കാവുന്ന പരിപാടികൾ കാണുവാനായി സുഹൃത്തുകളുമൊത്ത് അങ്ങോട്ട്‌ പോകും. 

വളരെ രസകരമായ ആ കളികൾ കണ്ട് കഴിയുമ്പോഴേക്കും ഓണസദ്യയ്ക്കുള്ള സമയമായിരിക്കും. ഇന്നതെല്ലാം ഓർക്കുമ്പോൾ മനസ്സ് ആകുലപ്പെടാറുണ്ട്. ഇനിയും ഒരിക്കലും തിരിച്ചു വരാത്ത ഓണക്കാലങ്ങൾ, നന്മയുടെയും ഐശ്വര്യത്തിന്റെയും നാളുകൾ.

വലിയ പപ്പടം, ചെറിയ പപ്പടം, രണ്ടോ, മൂന്നോ പായസങ്ങൾ തുടങ്ങി വിഭവസമൃദ്ധമായ ഓണസദ്യ ഉണ്ണുവാൻ പന്തിയിൽ കയറി ഇരിക്കാൻ ഒരു തിരക്കാണ്. സദ്യ കഴിഞ്ഞാൽ കൂട്ടുകാരുമൊത്ത് സിനിമയ്ക്ക് പോകുന്നത് അന്നൊരു പതിവായിരുന്നു. 

അന്നൊരിക്കൽ കണ്ട "ഒരു പെണ്ണിന്റെ കഥ" എന്ന സിനിമ മറക്കാനാവാത്ത ഒരു അനുഭവം തന്നെയായിരുന്നു. സത്യൻ, ഷീല, അടൂർഭാസി എന്നിവരുടെ മികവുറ്റ, വാശിയേറിയ അഭിനയം, ഇന്നും മനസ്സിൽ തെളിഞ്ഞുവരുന്ന ഇമ്പമേറിയ ഗാനങ്ങൾ - ഇവയെല്ലാം അതിനെ  വളരെ വിശിഷ്ടമായ, ഒരു നല്ല സിനിമ എന്ന ഖ്യാതി നേടിക്കൊടുത്തു എന്നുപറഞ്ഞാൽ അതിൽ യാതൊരു അതിശയോക്തിയും ഇല്ല. 

സൂര്യഗ്രഹണം.... പൂന്തേനരുവി പൊന്മുടിപ്പുഴയുടെ അനുജത്തി.....എന്നീ ഗാനങ്ങൾ അന്നത്തെ ഏതോ ഒരോണക്കാലത്തിന്റെ സുന്ദര സ്മരണകൾ മനസ്സിൽ ഉണർത്താറുണ്ട്. സിനിമയിലെ സത്യൻ ചെയ്ത മാധവൻ തമ്പി എന്ന വേഷം തികച്ചും ആവിസ്മരണീയം തന്നെ.

ഓർമ്മിക്കാനും, ഓർത്തോർത്ത് പുളകം കൊള്ളുവാനും, ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ചുകൊണ്ട്, ആ കാലങ്ങൾ കടന്നു പോയി. പ്രജകളെ കാണുവാനായി കേരളക്കരയിൽ എത്താറുള്ള മഹാബലി കാലം വരുത്തി വെച്ച മാറ്റങ്ങൾ കണ്ട് ആശ്ചര്യപ്പെടുന്നുണ്ടാവാം.

വന്നു കഴിഞ്ഞ മാറ്റങ്ങൾ, ആ മഹാരാജാവിന് എത്രത്തോളം ഉൾക്കൊള്ളാൻ സാധിക്കും എന്ന ആശങ്ക നമ്മളിൽ ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാവുക തന്നെ ചെയ്യും എന്ന് ഞാൻ കരുതുന്നു.

 

രാമനും ഉണ്ണുനീലിയും ഇന്നില്ല, അവരീ ലോകത്തോട് വിട പറഞ്ഞ് വർഷങ്ങളായി. അവരുടെ മക്കൾക്കോ, കൊച്ചുമക്കൾക്കോ അവരന്നു പാടിയിരുന്ന തുയിലുണർത്തുപാട്ട് ഓർമ്മയുണ്ടാവില്ല. 

നമ്മുടെ പഴയ സംസ്കാരത്തിന്റെ ഭാഗമായിരുന്ന നിരവധി കാര്യങ്ങൾ ഇന്ന് വെറും ഓർമ്മകൾ മാത്രം. ആ ഓർമ്മപ്പൂക്കൾ കൊണ്ട് പൂക്കളങ്ങൾ തീർത്തു നമുക്ക് ഈ പൊന്നോണം ആഘോഷിക്കാം.

 കണ്ണിനും, കരളിനും  കുളിർമയും ഉന്മേഷവും പകർന്നുകൊണ്ട്  മലയാള മണ്ണിന് ആവേശവുമായി വരുന്ന  ഒരു പുത്തൻ പൊന്നോണത്തെ നമുക്ക് എതിരേൽക്കാം,  ഒരു നല്ല നാളെക്കുള്ള കാത്തിരിപ്പുമായി.

 ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...

-കെ.കെ മേനോന്‍ ചെന്നൈ 

Advertisment