ദൈവം മനുഷ്യൻ ആയി വീണ്ടും അവതരിച്ചു... ദൈവം മലയാളി ആയിരുന്നു... ദൈവം സ്നേഹമായിരുന്നു... ദൈവം കനിവായിരുന്നു..
അവൻ നടന്ന വഴികളിലെ മണൽത്തരികൾ പുളകിതരായി... മലകളും കുന്നുകളും ആർത്തു വിളിച്ചു... വൃക്ഷലതാദികൾ ചാമരം വീശി...
സിംഹാസനത്തിൽ അവൻ ഇരിയ്ക്കാൻ ആഗ്രഹിച്ചില്ല... പുരുഷാരങ്ങൾക്കിടയിലായിരുന്നു അവന്റെ വാസസ്ഥലം... പുരുഷാരങ്ങൾ എന്നും അവന്റെ ബലഹീനത ആയിരുന്നു... പുരുഷാരം അവന് പുറകെ പുഴയായി ഒഴുകി... അവരുടെ മദ്ധ്യത്തിൽ അവൻ നിറഞ്ഞ് നിന്നു...
അവൻ സൗമ്യമായി അവരോട് സംസാരിച്ചു... അനുകമ്പയോടെ അവരെ കേട്ടു... എളിയവരെയും ദരിദ്രരെയും സമ്പന്നരെയും ഒരുപോലെ ചേർത്ത് പിടിച്ചു... സമ്പന്നരുടെ മനസ്സ് ദരിദ്രരിലേയ്ക്കും രോഗികളിലേയ്ക്കും വിധവകളിലേയ്ക്കും അശരണരിലേയ്ക്കും തിരിച്ചു...
കേൾവിയില്ലാത്തവന് കേൾവി കൊടുത്തു... അന്ധർക്ക് വഴികാട്ടിയായി... മുടന്തരെ വഴിനടത്തി...
ഭവനരഹിതർക്ക് ഭവനമൊരുക്കി... തൊഴിൽ രഹിതർക്ക് വേതനം... രോഗികൾക്ക് കാരുണ്യം... ആലംബഹീനർക്ക് താങ്ങും തണലും.. വൃദ്ധജനങ്ങൾക്ക് സ്വാന്തനം... ആവശ്യങ്ങളനുസരിച്ച് അവൻ നറുപുഞ്ചിരിയായി...
കൊടും വെയിലിൽ തണലായി... വിശന്നവന് അപ്പം നൽകി... നാടുനീളെ അവൻ യാത്ര ചെയ്തു... അവനെ തേടി ആയിരങ്ങൾ വന്നു... നിരാശരായി ആരും മടങ്ങിയില്ല...
അവന് മതം ഇല്ലായിരുന്നു... ജാതി ഇല്ലായിരുന്നു... നിറമില്ലായിരുന്നു... ദേശഭേദം ഇല്ലായിരുന്നു... അതിർത്തികൾ തടസ്സമായില്ല...
അവൻ മകനായി... പിതാവായി... ജ്യേഷ്ഠനായി.. അനുജനായി... സഹോദരനായി.. കൂടെപ്പിറപ്പായി...
അവന് മുന്നിൽ മഴയില്ലായിരുന്നു... വെയിലും മഞ്ഞും ഇല്ലായിരുന്നു... വിശപ്പും ദാഹവും ഇല്ലായിരുന്നു... നിദ്രയും അകന്ന് പോയിരുന്നു...
ചീകാത്ത ചപ്രമുടികൾ... അങ്ങിങ്ങായി കീറിയ ശുഭ്രവസ്ത്രങ്ങൾ.. ലാളിത്യം വാരിപുതച്ച ദൈവം... മന്ദസ്മിതം തൂകി വിടർന്നു നിന്നു... അവൻ ഹൃദയം കൊണ്ട് സംസാരിച്ചു...
യൂദാസുകൾ അസ്വസ്ഥരായി... ദൈവത്തെ വിചാരണ ചെയ്തു... ദൈവം കണ്ടില്ലെന്നു നടിച്ചു... ദൈവത്തിന്റെ നെഞ്ചിലേയ്ക്ക് കരിങ്കൽ ലക്ഷ്യം തെറ്റിയില്ല... ദൈവം അക്ഷോഭ്യനായില്ല...
സ്ത്രീകളെ മുന്നില്‍ നിര്‍ത്തി ദൈവത്തെ അപകീർത്തിപ്പെടുത്തി... ദൈവത്തെ പരസ്യമായി വിചാരണ ചെയ്തു... ദൈവം ക്ഷോഭിച്ചില്ല.. പുഞ്ചിരിയോടെ സഹിച്ചു... പീഢാനുഭവങ്ങൾ ജനങ്ങളുടെ മുന്നിൽ അർപ്പിച്ചു... ദൈവം സത്യമായിരുന്നു...
ദൈവം ഉറക്കെ സംസാരിച്ചില്ല... ഘോരഘോരം അലറിയില്ല... ആരെയും വെല്ലുവിളിച്ചില്ല... പുരുഷാരങ്ങളുടെ ശബ്ദം കേട്ടു കേട്ട് ദൈവത്തിന്റെ ശബ്ദം കുറഞ്ഞു കുറഞ്ഞു വന്നു...
ഒടുവിൽ ദൈവത്തിന്റെ ശബ്ദം തൊണ്ടയിൽ കുരുങ്ങി... ദൈവത്തിന് ഏകാന്തത അസഹനീയമായിരുന്നു... ഏകാന്തതയുടെ വത്മീകത്തിൽ ദൈവം തടവിലാക്കപ്പെട്ടു... ദൈവത്തിന്റെ ഉള്ളം ഉരുകി...
അവന് പുറപ്പെടുവാൻ സമയമായി... സ്വർഗ്ഗം വാതിൽ തുറന്നു വച്ചു... മാലാഖമാർ പാടി ഉറക്കി... ദൈവം യാത്രയായി... വെള്ളിമേഘങ്ങൾ ആകാശത്ത് നിരന്നു... ആകാശം വിതുമ്പി... പുരുഷാരം അവനെ പൊതിഞ്ഞു... ഹൃദയത്തേരിൽ അവനെ ലാളിച്ച് യാത്രാമൊഴി നേർന്നു...
ദൈവം സ്നേഹമായിരുന്നു... ദൈവം കനിവായിരുന്നു... ദൈവത്തിന്റെ പേര് ഉമ്മൻചാണ്ടി എന്നായിരുന്നു... ദൈവത്തിന്റെ പേര് കുഞ്ഞൂഞ്ഞ് എന്നായിരുന്നു...