പാലക്കാട് : നീണ്ട മുടിയുള്ള സ്ത്രീ അയൽപക്കത്ത് ഉണ്ടായതു കൊണ്ടാണ് തൻ്റെ കുടുംബത്തിൽ പ്രശ്നമുണ്ടായതെന്ന അന്ധവിശ്വാസമാണ് ചെന്താമരയെന്ന ചോരക്കൊതിയന് മൂന്ന് ജീവനെടുക്കാൻ ധൈര്യം നൽകിയതെന്ന വാർത്ത ശരിയാണങ്കിൽ അയാൾക്ക് അത് ഉപദേശിച്ചു കൊടുത്തവനേയും നിയമത്തിന് മുന്നിൽ ഹാജറാക്കണം.
കേരളത്തിൽ ഇത്തരം അന്ധവിശ്വാത്തിൻ്റെ പ്രേരണയാലുള്ള കൊലപാതകങ്ങൾ ആദ്യമായിട്ടല്ല നടക്കുന്നത്. തിരുവനന്തപുരത്ത് ഒരു വീട്ടിലുള്ള മുഴുവൻ അംഗങ്ങളേയും മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലും സമാനമായ കാരണമാണ് പറഞ്ഞ് കേട്ടിരുന്നത്. കാസർഗോഡ് ഒരു ഹാജിയാരുടെ മരണത്തിന് പിന്നിലും മന്ത്രവാദിയുടെ കരങ്ങളാണന്ന വാർത്ത നാം കണ്ടതാണ്. ഇത് തുടർക്കഥയാവുകയാണ്.
ഇത്തരം അന്ധവിശ്വാസങ്ങളിൽ ജനങ്ങളെ തളച്ചിടുന്ന കേന്ദ്രങ്ങൾ കൂടി ഇല്ലാതായെങ്കിൽ മാത്രമേ ഈ കൊലപാതകങ്ങൾക്ക് അറുതി ഉണ്ടാവുകയുള്ളൂ. അതിലേക്ക് കൂടി അന്വേഷണം നീങ്ങുമ്പോഴാണ് ശാശ്വത പരിഹാരമുണ്ടാവുക. മാരണം, കൂടോത്രം, മന്ത്രവാദം.തുടങ്ങിയ വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന ഈ മഹാപാപം ചെയ്യുന്നവരേയും ചെയ്യിക്കുന്നവരേയും മേലിൽ ഇത് മറ്റൊരാൾക്ക് ആവർത്തിക്കാൻ തോന്നാത്ത വിധം ശിക്ഷക്ക് വിധേയമാക്കണം.
എന്നാൽ,ഇത്തരം കേന്ദ്രങ്ങളെ തൊടാൻ ഭരണാധികാരികൾക്കും പോലീസിനും നിയമപീഠങ്ങളിലിരിക്കുന്നവർക്കും വരെ ഭയമാണ് എന്നതാണ് അടിസ്ഥാന പ്രശ്‌നം.കോടതിയിലെ 13 മത്തെ നമ്പർ റൂമിനെ ഇപ്പോഴും ഭയക്കുന്നത് അതിൻ്റെ പ്രത്യക്ഷ തെളിവാണ്.
പല രാഷ്ട്രീയ നേതാക്കളും കൂടോത്രത്തിൻ്റെ തടവറയിൽ നിന്ന് മുക്തമാവാത്തതിൻ്റെ അടയാളങ്ങൾ നാം പലവുരു കണ്ടതാണ്. പോലീസ് സ്റ്റേഷനുകളടക്കം ഇത്തരം മന്ത്രവാദികളുടെ വിഹാരകേന്ദ്രങ്ങളാകുന്ന വാർത്ത വിരളമല്ല.
അഭൗതികവഴിയിലൂടെ ഈ മന്ത്രവാദികൾക്ക് എന്തോ ഉപദ്രവം വരുത്താൻ കഴിയുമെന്ന വിശ്വാസമാണ് ഇതിൻ്റെയൊക്കെ നാരായവേര്. അതാണ് ആദ്യം അറുത്ത് കളയേണ്ടത്. അഭൗതിക മാർഗത്തിലൂടെ ദൈവത്തിന് മാത്രമേ മനുഷ്യനെ രക്ഷിക്കാനും ശിക്ഷിക്കാനും കഴിയുകയുള്ളൂ. ഒരു മന്ത്രവാദിക്കും അതിനാവില്ല. പിന്നെ എന്തിന് നാം ഭയക്കണം.?
മന്ത്രവാദികൾ ചെയ്ത് കൂട്ടുന്ന വേലകളെല്ലാം കാര്യകാരണബന്ധത്തിനുള്ളിൽ നടക്കുന്ന പൈശാചിക വൃത്തികളാണ്.അത് തിരിച്ചറിഞ്ഞാൽ തീരാവുന്നതേയുള്ളൂ ഈ മന്ത്രവാദികളുടെ ആയുസ്. ഇനിയുമൊരു ചെന്താമര ഉണ്ടായിക്കൂടാ.
രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. വിചാരണ കാത്ത് കിടക്കുന്ന ധാരാളം നിരപരാധികൾ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുമ്പോൾ ഇത്തരം കൊലയാളികൾക്ക് ജാമ്യവ്യവസ്ഥകൾ ലംഘിച്ച് മനുഷ്യ മനസ്സാക്ഷിയെ വെല്ലുവിളിക്കാൻ അവസരം ലഭിക്കുന്ന സാഹചര്യത്തെയും നാം വിചാരണക്ക് വിധേയമാക്കണം.
-ടി.കെ.അഷ്റഫ്