/sathyam/media/post_attachments/xbfMNdYbOtqs1AKRW1nh.jpg)
കാസര്‍കോട്; പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊല ചെയ്്ത കേസിലെ സി പി എമ്മുകാരായ പ്രതികള്‍ക്ക് വേണ്ടി വക്കാലത്തെടുത്ത മുന്‍ ഡി സി സി അധ്യക്ഷനും പ്രമുഖ അഭിഭാഷകനുമായ അഡ്വ. സി കെ ശ്രീധരനെതിരെ കടുത്ത വിമര്‍ശനവുമായി കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍.
തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് സി കെ ശ്രീധരനെ കടുത്ത ഭാഷയില്‍ വി പി സജീന്ദ്രന്‍ വിമര്‍ശനം ചൊരിഞ്ഞത്. ഏതാനും ദിവസം മുമ്പാണ് വടക്കേ മലബാറിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സി കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേര്‍ന്നത്.
‘രക്തദാഹികളായ നരഭോജികള്‍ നിഷ്ഠൂരമായി നമ്മുടെ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയപ്പോള്‍ കേരളത്തിന്റെ മന:സാക്ഷി മരവിച്ചതല്ലേ , കേരളം ഒന്നാകെ വിതുമ്പിയതല്ലേ ,അന്ന് നിങ്ങളും കരഞ്ഞില്ലേ ,എന്നിട്ട് ഇപ്പോള്‍ എന്ത് സംഭവിച്ചു സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയ പാളയത്തിലെത്തിയപ്പോള്‍ ഹൃദയം പാറയായി മാറിയോ മനുഷ്യനെ മൃഗമാക്കി മാറ്റുന്ന പാര്‍ട്ടിയുടെ ചങ്ങാത്തം വേണ്ട സുഹൃത്തേ .
ആ വക്കാലത്ത് ഉപേക്ഷിക്കൂ’ എന്നാണ് വി പി സജീന്ദ്രന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2019 ഫെബ്രുവരി 17 നാണ് കാസര്‍കോട് ജില്ലയിലെ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി പി എമ്മുകാരുടെ വെട്ടേറ്റ് മരിച്ചത് കേസ് അട്ടിമറിക്കാന്‍ തുടക്കം മുതലെ സി പി എം ശ്രമിക്കുന്നുവെന്ന ആരോപണവും ഉണ്ടായിരുന്നു. വലിയ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ആ കേസ് സി ബി ഐക്ക് കൈമാറിയത്.
വി പി സജീന്ദ്രന്റെ ഫേസ് ബുക്ക് പോസ്റ്റ്...
രക്തപതാക കണ്ടപ്പോൾ ചങ്ക് കല്ലായി മാറിയോ പ്രിയ സുഹൃത്തേ ശ്രീധരേട്ടാ..?!
സിപിഎമ്മിൽ ചേർന്നതോടെ താങ്കൾ മൃഗമായി മാറിയോ ?! താങ്കൾ എന്തിന് ഈ ബലിച്ചോറ് തിന്നാൻ പോയി ? ശരത് ലാലും കൃപേഷും നമ്മുടെ മക്കളല്ലേ ...
താങ്കൾക്ക് കെപിസിസിയിൽ സ്ഥാനമാണ് വേണ്ടതെങ്കിൽ എൻ്റെ വൈസ് പ്രസിഡൻറ് സ്ഥാനം ഞാൻ തരാം. താങ്കൾ ദയവുചെയ്ത് ഈ കേസിന്റെ വക്കാലത്ത് ഒഴിയണം.
ആ കാശും പദവിയും നമുക്ക് വേണ്ട ചേട്ടാ ...
പെരിയ ഇരട്ടക്കൊലപാതക്കേസിൽ ഒന്നു മുതൽ ഒമ്പത് വരെയുള്ള പ്രതികൾക്ക് വേണ്ടി മുൻ കോൺഗ്രസ് നേതാവ് അഡ്വ.സി.കെ. ശ്രീധരൻ ഹാജരാവുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഒരു പൊതുപ്രവർത്തകനും ഇത്രയൊന്നും അധ:പ്പതിച്ചു കൂടാ..
ക്രൂരനായിക്കൂടാ.. സിപിഎം ഉരുട്ടിവെച്ച ഈ ബലിച്ചോറ് തിന്നുവാൻ എങ്ങനെ മനസ്സു വന്നു ?
രക്തദാഹികളായ നരഭോജികൾ നിഷ്ഠൂരമായി നമ്മുടെ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയപ്പോൾ കേരളത്തിന്റെ മന:സാക്ഷി മരവിച്ചതല്ലേ ...
കേരളം ഒന്നാകെ വിതുമ്പിയതല്ലേ ...
അന്ന് നിങ്ങളും കരഞ്ഞില്ലേ ...എന്നിട്ട് ഇപ്പോൾ എന്ത് സംഭവിച്ചു ?! സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയ പാളയത്തിലെത്തിയപ്പോൾ ഹൃദയം പാറയായി മാറിയോ ? മനുഷ്യനെ മൃഗമാക്കി മാറ്റുന്ന പാർട്ടിയുടെ ചങ്ങാത്തം വേണ്ട സുഹൃത്തേ .
ആ വക്കാലത്ത് ഉപേക്ഷിക്കൂ... ആ സംഭവം നടന്നപ്പോൾ മുതൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നമ്മൾ കൂട്ടായി പ്രവർത്തിച്ചത് താങ്കൾ മറന്നു പോയോ ? കൊലപാതകികളെ രക്ഷിക്കാൻ ഇരയോട് ഒപ്പം നിന്ന വക്കീലിനെ തേടിപ്പിടിച്ച സിപിഎമ്മിന്റെ കുതന്ത്രത്തിന്റെ മുൻപിൽ നിങ്ങൾ വീണുപോയല്ലോ... കഷ്ടം !
നിങ്ങൾ കൂറുമാറി പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതു കൊണ്ട് ക്രൂരരായ ആ കൊലപാതകികൾ രക്ഷപ്പെടില്ല. നടുറോഡിൽ വെട്ടേറ്റ് പിടഞ്ഞ് നഷ്ടപ്പെട്ടത് കോൺഗ്രസിന്റെ കുട്ടികളുടെ ജീവനാണ് . കോൺഗ്രസിന് വേണ്ടിയാണ് ആ ചോര നിലത്ത് വീണത്. കോൺഗ്രസ് ഈ കേസിൽ ഏതറ്റം വരെയും പോകും. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങി നൽകും .
അതിനുമപ്പുറം കർമ്മഫലത്തിന്റെ തീരാശാപം ആ നരഭോജികളെ പിന്തുടരുമ്പോൾ
അതിന്റെ ഒരു പങ്ക് നിങ്ങളുടെ ശിരസിലും
വീഴുമെന്നത് മറക്കണ്ട ശ്രീധരേട്ടാ !
കൊലപാതകികളേക്കാൾ വലിയ ക്രൂരതയാണ് ആ വക്കാലത്ത് ഏറ്റെടുത്തതിലൂടെ താങ്കൾ ചെയ്തത് !എങ്ങനെ ഉറങ്ങാൻ കഴിയുന്നു !!!?
വി പി സജീന്ദ്രൻ.
കെപിസിസി വൈസ് പ്രസിഡണ്ട്.