ജിദ്ദ: കൊറോണാ പ്രതിസന്ധി മൂലം നിർത്തലാക്കിയിരുന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ജിദ്ദയ്ക്ക് പുറത്തുള്ള കോൺസുലർ പര്യടനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ദക്ഷിണ പശ്ചിമ സൗദിയിലെ തീരദേശമായ ഖുൻഫുദയിലേയ്ക്ക് ഒരു കോൺസുലർ സംഘത്തെ പര്യടനത്തിനായി ഇന്ത്യൻ കോൺസുലേറ്റ് നിയോഗിച്ചു. ഇന്ത്യൻ പാസ്പോർട്ട് - കോൺസുലർ സേവനങ്ങൾക്കുള്ള ഔട്ട് ഏജൻസിയായ വി എഫ് എസിലെ ഉദ്യോഗസ്ഥന്മാർ അടങ്ങുന്ന സർവീസ് സംഘം പ്രദേശത്തു ഒരു പ്രവർത്തി ദിവസം ക്യാമ്പ് ചെയ്യും.
ജനുവരി പതിനഞ്ച് വെള്ളിയാഴ്ചയാണ് വി എഫ് എസ് സംഘം ഖുൻഫുദയിൽ ക്യാമ്പ് ചെയ്യുക. ജിദ്ദ - ജിസാൻ മെയിൻ റോഡിലെ (5, അൽഖുന്ഫുദ, 28821 അൽഖുൻഫോസ) കാർണിവൽ ഹാളിലായിരിക്കും സംഘം ക്യാമ്പ് ചെയ്യുക. രാവിലെ എട്ടു മുതൽ പന്ത്രണ്ടു വരെയും ഉച്ചതിരിഞ്ഞു ഒന്ന് മുതൽ അഞ്ചു വരെയുമായിരിക്കും സംഘത്തിന്റെ പ്രവർത്തനം. ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചതാണ് ഇക്കാര്യങ്ങൾ.
ഖുൻഫുദയിലും പരിസരങ്ങളിലും കഴിയുന്ന ഇന്ത്യൻ സമൂഹത്തിന് സംഘം പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾ നിർവഹിച്ചു കൊടുക്കും. ഖുൻഫുദ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർക്ക് മാത്രമായിരിക്കും സേവനങ്ങളെന്നും മറ്റിവിടങ്ങളിൽ നിന്നുള്ളവരുടെ അപേക്ഷകൾക്ക് പരിഗണന ലഭിക്കില്ലെന്നും കോൺസുലർ സംഘത്തിന്റെ പര്യടനം അറിയിച്ചു കൊണ്ട് കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.