എസ്.എഫ്.ഐ മാർ‌ച്ചിനെ തള്ളി സീതാറാം യെച്ചൂരി ; ഓഫീസ് അടിച്ചുതകർത്ത നടപടിയോട് യോജിപ്പില്ലെന്ന് വിശദീകരണം

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image
വയനാട് : ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഓഫീസ് അടിച്ചു തകർത്ത നടപടിയോട് ഒരു തരത്തിലും ജോയിക്കുന്നില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. നടക്കാൻ പാടില്ലാത്ത സംഭവമാണുണ്ടായത്. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾ അതിക്രമത്തിലേക്ക് കടക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ അതിക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രം​ഗത്തെത്തിയിരുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സംഭവത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. സിപിഐഎം സംഘടിത മാഫിയയായി മാറിയിരിക്കുകയാണ്. എസ്എഫ്‌ഐ പ്രവർത്തകരുടെ ഗുണ്ടായിസമാണ് നടക്കുന്നതെന്ന് സതീശൻ പറഞ്ഞു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ട്വിറ്ററിൽ അദ്ദേഹം കുറിച്ചു. എസ്എഫ്‌ഐ പ്രവർത്തകരുടെ അക്രമം സിപിഐഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് നോക്കി നിൽക്കെയാണ് സംഭവം നടന്നത്. ഇത് വളരെ ഗൗരവമേറിയതാണ്. സിപിഐഎം തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽഗാന്ധി എംപിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ തള്ളിക്കയറിയതോടെ പൊലീസ് ലാത്തിവീശി. എംപി യുടെ ഓഫീസിൻറെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിൻ പുൽപ്പള്ളിയെ മർദ്ദിച്ചതായി കോൺഗ്രസ് ആരോപിച്ചു.

അതേസമയം ഇക്കോ സെൻസിറ്റീവ് സോൺ വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പ്രശ്നപരിഹാരം കാണണം എന്നും, ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും  പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും എത്രയും വേഗം സമീപിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി. കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

Advertisment