ഓഫീസ് ആക്രമണം: ദേശീയതലത്തിലും വിമര്‍ശനം ശക്തമാക്കി കോണ്‍ഗ്രസ് ; പ്രതികരിക്കാതെ രാഹുലും പ്രിയങ്കയും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ദില്ലി : രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ ദേശീയ തലത്തിലും വിമ‌ർശനം ശക്തമാക്കി കോണ്‍ഗ്രസ്. ഇന്ന് എകെജി ഭവനിലേക്ക്  യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിപക്ഷ കൂട്ടായ്മ ശ്രമങ്ങള്‍ക്കിടെ ഉണ്ടായ അനാവശ്യ സംഭവം സിപിഎം കേന്ദ്രനേതൃത്വത്തിന്‍റെ അതൃപ്തിക്കും കാരണമായി. അതേസമയം സംഭവം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഒരുപോലെ പരിഹസിക്കുകയാണ് ബിജെപി

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്തത് ദേശീയ തലത്തിലും വാർത്തയായതോടെ മുതിര്‍ന്ന നേതാക്കള്‍ അടക്കം സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും നിശിതമായി വിമർശിച്ചിരുന്നു.

രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖാർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോകെ ഗെലോട്ട് അടക്കമുള്ളവരാണ് കടുത്ത പ്രതിഷേധം ഉയര്‍ത്തി പ്രതികരിച്ചത്. എൻഎസ്‍യുവിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും നേത്വത്തില്‍ ദില്ലിയില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇന്ന് എകെജി ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് നടത്തി

അക്രമത്തിന്  പിന്നാലെ  പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ബഫർ സോണില്‍ അയച്ചിരുന്ന കത്ത് പുറത്ത് വിട്ടതല്ലാതെ സംഭവത്തില്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടില്ല. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇക്കാര്യത്തില്‍ ഇതുവരെയും പ്രതികരണം നടത്തിയിട്ടില്ല.

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമത്തിനിടെ ഉണ്ടായ സംഭവം സിപിഎം കേന്ദ്രനേതൃത്വത്തെയും ചൊടുപ്പിട്ടുണ്ട്. തീര്‍ത്തും അനാവശ്യമായ സംഭവമെന്നാണ് കേന്ദ്രനേതാക്കളുടെ നിലപാട്. ഈ സാഹചര്യത്തിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ സംഭവത്തെ പരസ്യമായി വിമർശിച്ചത്.

അതേസമയം ദില്ലിയിലും ബംഗാളിലും കൈകോര്‍ക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ ഏറ്റുമുട്ടുകയാണെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. രാഹുലിന് കോണ്‍ഗ്രസ് അടുത്ത സുരക്ഷിതമായ  സ്ഥലം  തേടേണ്ടി വരുമെന്നും അക്രമത്തിന്‍റെ ദൃശ്യങ്ങള്‍ പങ്ക് വെച്ച് ബിജെപി നേതാവ് പരിഹസിച്ചു.  ആക്രമണം ജനാധിപത്യത്തോടുള്ള വഞ്ചനായാണെന്നായിരുന്നു ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രതികരണം. അക്രമം നടത്താന്‍ ആർക്കും അവകാശമില്ലെന്നും ഗവർണർ ദില്ലിയില്‍ പറഞ്ഞു.

Advertisment