വയനാട് ആക്രമണം ; ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു ; അവിഷിത്തിനെ നീക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത് ഇന്ന്

author-image
ന്യൂസ് ബ്യൂറോ, വയനാട്
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പൊലീസ് പ്രതി ചേര്‍ത്ത കെ.ആർ.അവിഷിത്തിനെ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്  കത്ത് നൽകിയത് ഇന്ന്. മന്ത്രി വീണ ജോ‍ർജിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് പൊതുഭരണ വകുപ്പിന് കത്ത് നൽകിയത്. ഏറെ നാളായി ഓഫീസിൽ ഹാജരാകുന്നില്ലെന്നും അതിനാൽ ഒഴിവാക്കണമെന്നുമാണ് കത്തിലെ ആവശ്യം. ഈ മാസം 14 മുതൽ അവിഷിത്ത് ഓഫീസിലെത്തുന്നില്ലെന്ന് പ്രൈവറ്റ് സെക്രട്ടറി സജീവൻ നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ അവിഷിത്തിനെ വീണ ജോ‍ർജിന്റെ ഓഫീസിൽ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഓഫീസ് അറ്റൻഡറായാണ് നിയമനം നൽകിയിരുന്നത്. എസ്എഫ്ഐ മുൻ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായി അവിഷിത്ത് ഇപ്പോള്‍ തന്‍റെ സ്റ്റാഫംഗം അല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാൽ അവിഷിത്തിനെ ജോലിയിൽ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് ഇതുവരെ പൊതുഭരണ വകുപ്പോ ആരോഗ്യ മന്ത്രിയുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല.  ആഭ്യന്തര വകുപ്പ് നൽകിയ തിരിച്ചറിയൽ കാർഡ് അവിഷിത്ത് ഇതുവരെ പൊതുഭരണ വകുപ്പിൽ തിരിച്ച് ഏൽപ്പിച്ചിട്ടുമില്ല.

ആക്രമണം നടത്തിയവരിൽ അവിഷിത്ത് ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ ഇപ്പോൾ തന്റെ സ്റ്റാഫല്ലെന്ന് വീണ ജോർജ് വ്യക്തമാക്കിയത്. ഈ മാസം ആദ്യമാണ് വ്യക്തിപരമായ കാരണങ്ങളാൽ അവിഷിത്ത് ഒഴിവായത് എന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. ആക്രമണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വീണ ജോർജ് കൂട്ടിച്ചേര്‍ത്തിരുന്നു.

Advertisment