സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിന് പത്ത് പോരാട്ട വർഷങ്ങൾ… വെൽഫെയർ പാർട്ടി ദശവാർഷിക പരിപാടികൾക്ക് നാളെ തുടക്കം കുറിക്കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, April 17, 2021

തിരുവനന്തപുരം: നവ ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കം കുറിച്ച് പ്രവർത്തനമാരംഭിച്ച വെൽഫെയർ പാർട്ടി പത്ത് വർഷം പൂർത്തിയാക്കുകയാണ്. ഇതിനോടനുബന്ധിച്ച് പാർട്ടിയുടെ പത്താം വാർഷിക ആഘോഷ പരിപാടികൾക്ക് നാളെ തുടക്കം കുറിക്കും. സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിന് പത്ത് പോരാട്ട വർഷങ്ങൾ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് കേരളത്തിൽ നടക്കുകയെന്ന് പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2011 ഏപ്രിൽ 18നാണ് ഡൽഹിയിലെ മാവ്‍ലങ്കാർ ഹാളിലാണ് വെൽഫെയർ പാർട്ടി രൂപീകരണ പ്രഖ്യാപനം നടന്നത്. സാമൂഹ്യ നീതി, നവജനാധിപത്യം, സാഹോദര്യം, മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നീ രാഷ്ട്രീയാടിത്തറകളിൽ നിലയുറപ്പിച്ചാണ് കഴിഞ്ഞ കാലയളവിൽ പാർട്ടി പ്രവർ ത്തിച്ചത്.

സംഘ്പരിവാർ ഫാഷിസത്തിനെതിരായ ധീര പോരാട്ടമാണ് പാർട്ടി തുടക്കം മുതൽ നടത്തിക്കൊണ്ടിരിക്കുന്നത്. പാർട്ടി ദേശീയ പ്രസിഡണ്ടും പാർട്ടി വിദ്യാർഥി നേതാക്കളുമടക്കം സംഘ് ഭരണകൂടത്തിന്റെ വേട്ടയാടലുകൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ദൽഹിയിൽ വിദ്യാർഥികൾ ആരംഭിച്ച പൗരത്വ പ്രക്ഷോഭത്തിന്റെ മുൻ നിരയിൽ വിദ്യാർഥി സംഘടനയുടെ നേതാക്കളാണ് അണിനിരന്നത്.

മുസ്‌ലിം-ദലിത്-ആദിവാസി ജനതയുടെ അവകാശ സമരങ്ങൾ, സ്ത്രീകളുടെ സാമൂഹിക പദവിക്കും സുരക്ഷക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ, ഭൂപ്രക്ഷോഭങ്ങൾ, സംവരണ സമരങ്ങൾ, മദ്യവിരുദ്ധ പ്രക്ഷോഭങ്ങൾ, ഭരണകൂടങ്ങളുടെ ജനദ്രോഹ നിലപാടുകൾക്കെതിരായ സമരങ്ങൾ , ഭരണകൂട ഭീകരതയുടെ ഇരകൾക്ക് വേണ്ടിയുള്ള പ്രക്ഷോഭം, പോലീസ് ഭീരതക്കെതിരായ സമരങ്ങൾ തുടങ്ങി നിരവധി ജനകീയ മുന്നേറ്റങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകി.

കേരളത്തിൽ കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ രൂപപ്പെട്ട ഭൂസമരങ്ങളിൽ നിർണ്ണായകമായ പങ്കാണ് വെൽഫെയർ പാർട്ടിക്കുള്ളത്. കല്ലടത്തണ്ണി, ചേരിയൻമല അടക്കം നിരവധി ഭൂസമരങ്ങൾ പാർട്ടി നേരിട്ട് നേതൃത്വം നൽകി. കേരളത്തിലെ എല്ലാ ഭൂസമരങ്ങളിലും പാർട്ടി സജീവ പങ്കാളിയായി. രണ്ടായിരത്തോളം ഭൂ രഹിതർക്ക് ഭൂമി ലഭ്യമാക്കാൻ ഈ സമരങ്ങൾക്ക് സാധിച്ചു. സമഗ്ര ഭൂനിയമം എന്ന ആവശ്യമുന്നയിച്ച് കേരള ലാൻഡ് സമ്മിറ്റു നടത്തകയും ബദൽ ഭൂനിയമം രൂപപ്പെടുത്തുകയും ചെയ്തു.

പൗരത്വ സമരങ്ങളിൽ കേരളത്തിലും മുൻനിരയിലായിരുന്നു പാർട്ടി ഉണ്ടായിരുന്നത്. പാർട്ടി സമാനമനസ്കരുമായി കൂടി ചേർന്ന് നടത്തിയ ജനകീയ ഹർത്താലായിരുന്നു കേരളത്തിലെ പൗരത്വ സമരങ്ങളുടെ തുടക്കം. ലോക് ഡൗൺ നിയന്ത്രണങ്ങൾ ആരംഭിക്കുന്നതിന് മുൻപ് നടത്തിയ രണ്ടു ദിവസം നീണ്ടു നിന്ന ഒക്കുപൈ രാജ്ഭവനായിരുന്നു പൗരത്വ പ്രക്ഷോഭങ്ങളിൽ കേരളത്തിൽ ഏറ്റവും ജനകീയ പങ്കാളിത്തമുണ്ടായ പ്രക്ഷോഭം.

സംവരണ പ്രക്ഷോഭങ്ങളിലും പാർട്ടി നിർണ്ണായക പങ്കാണ് പഹിച്ചത്. കെ.എ.എസിലെ സംവരണ അട്ടിറി നീക്കത്തിനെതിരെ സംവരണ സമുദായങ്ങളെകൂടി അണിനിരത്തി പാർട്ടി നടത്തിയ പ്രക്ഷോഭം സർക്കാരിനെ തന്നെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. സാമൂഹ്യ നീതി അട്ടിമറിക്കുന്ന സവർണ്ണ സംവരണത്തിനെതിരെ നിരന്തര പ്രക്ഷോഭമാണ് പാർട്ടി നടത്തിയത്.

കഴിഞ്ഞ പത്തു വർഷത്തിനിടെ നിർണ്ണായകമായ വളർച്ചയാണ് പാർട്ടി കേരളത്തിൽ നേടിയെടുത്തത്. തദ്ദേശ തെരെഞ്ഞെടുപ്പിൽ 2015 ൽ 42 ഉം 2020ൽ 65 ഉം ജനപ്രതിനിധികളെ വിജയിപ്പിക്കാൻ വെൽഫെയർ പാർട്ടിക്ക് കഴിഞ്ഞു. 2014 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിലും 2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിലും നിർണ്ണായകമായ വോട്ടുകൾ നേടിയെടുത്തു. 2019 ലെ കേരളത്തിലെ ജനവിധി നിശ്ചയിക്കുന്നതിലും പാർട്ടി പങ്ക് വഹിച്ചു.

പത്താം വാർഷിക പരിപാടികളുടെ ഭാഗമായി കേരളത്തിലെ വിവിധ പ്രദേശങ്ങളിലായി 100 വെൽഫെയർ ഹോമുകൾ പാർട്ടി നിർമിച്ചു നൽകും. പത്ത് ജനകീയ കുടിവെള്ള പദ്ധതികളും ആരംഭിക്കും. ദലിത്-ആദിവാസി വിഭാഗങ്ങളും മത്സ്യതൊഴിലാളികളും താമസിക്കുന്നയിടങ്ങളിൽ സാമൂഹ്യ ശാക്തീകരണത്തിനുള്ള പദ്ധതികളാരംഭിക്കും. പാർട്ടി ജനപ്രതിനിധികളുള്ള വാർഡുകളിൽ വിപുലമായ ജനസേവന കേന്ദ്രങ്ങൾ ആരംഭിക്കും.

കോവിഡ് വ്യാപനത്തിന്‍റെ തീവ്രത കൂടുതലായതിനാൽ സാമൂഹ്യ നിയന്ത്രണങ്ങൾ പാലിച്ച് ഏപ്രിൽ 18 ഞായർ രാവിലെ പ്രാദേശിക ഘടങ്ങളിൽ പതാക ഉയർത്തലും പഞ്ചായത്തു തലത്തിൽ കേഡർ മീറ്റും നടക്കും. സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഓണലൈനിലൂടെ കേരളത്തെ അഭിസംബോധന ചെയ്യും.

ജില്ലാ റാലികൾ, വിപുലമായ സംസ്ഥാന സമ്മേളനം എന്നിവ സാഹചര്യമനുസരിച്ച് അടുത്ത ഒരു വർഷത്തിനുള്ളിൽ സംഘടിപ്പിക്കും. ഹമീദ് വാണിയമ്പലം (സംസ്ഥാന പ്രസിഡണ്ട്), സുരേന്ദ്രന്‍ കരിപ്പുഴ (സംസ്ഥാന വൈസ് പ്രസിഡണ്ട്), സജീദ് ഖാലിദ് (സംസ്ഥാന സെക്രട്ടറി) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കും.

×