വെർച്വൽ റാലിയുമായി വെൽഫെയർ പാർട്ടി; മോഡി ഭരണത്തിനെതിരെ അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരു മാസമായി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ സമാപനം ജൂൺ 25 വൈകീട്ട് നാലിന്; വൻവിജയമാക്കുമെന്ന് പ്രവാസി ജിദ്ദ

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Monday, June 21, 2021

ജിദ്ദ: “രാജ്യത്തെ ശവപ്പറമ്പാക്കിയ നരേന്ദ്ര മോഡി രാജിവെക്കുക” എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് ജൂൺ 25 വെള്ളിയാഴ്ച വൈകുന്നേരം നാല് മണി മുതൽ 6.30 വരെ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന വെർച്വൽ റാലി വമ്പിച്ച വിജയമാക്കാൻ പ്രവാസി സാംസ്കാരിക വേദി സൗദി വെസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി തീരുമാനിച്ചു.

നരേന്ദ്ര മോഡി സർക്കാർ ഏഴു വർഷമായി നടത്തിവരുന്ന ജനദ്രോഹ ഭരണം രാജ്യത്തെ സാമ്പത്തികമായും സാമൂഹ്യമായും നശിപ്പിക്കുകയും, സവർണ്ണ കോർപ്പറേറ്റ് – വംശീയ ഭരണത്തിന്റെ ദുഷ്‌ചെയ്തികൾ ജനജീവിതം ദുസ്സഹമാക്കുകയും ചെയ്തിരിക്കുന്നതായി പരിപാടിയുടെ സംഘാടകർ ചൂണ്ടിക്കാട്ടി.

ദുരിതപൂർണ്ണമായ ഭരണത്തിന്നെതിരെ വെൽഫെയർ പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ ഒരുമാസമായി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ സമാപനം കുറയ്ക്കാനാണ് വിർച്വൽ തലത്തിൽ പുതുമയോടെയുള്ള റാലി.

ഒരു പ്രക്ഷോഭ പരിപാടി എന്ന നിലയിലുള്ള വെർച്വൽ റാലി ഇത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അവകാശപ്പെട്ടു. നാട്ടിലും, പ്രവാസ ലോകത്തുമുള്ള മുഴുവൻ പ്രവർത്തകരും ഈ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും, കുടുംബത്തെയും പരിചയ വൃത്തത്തിലുള്ള മുഴുവനാളുകളേയും പങ്കെടുപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുമെന്ന് പ്രവാസി ജിദ്ദ അറിയിച്ചു.

നമ്മുടെ നാടിൻ്റെ ജനാധിപത്യവും സ്വൈര്യ ജീവിതവും തിരിച്ചുപിടിക്കാനുള്ള ഈ പ്രക്ഷോഭ പരിപാടിയിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രവാസി ജിദ്ദ ആഹ്വാനം ചെയ്തു

പ്രസിഡണ്ട് റഹീം ഒതുക്കുങ്ങലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജനറൽ സെക്രട്ടറി അഷ്റഫ് പാപ്പിനിശ്ശേരി സ്വാഗതം പറഞ്ഞു, നിസാർ ഇരിട്ടി, സുഹറ ബഷീർ, സാബു യാമ്പു, ഓവുങ്ങൽ മുഹമ്മദലി, കെ.എം.കരീം, ബഷീർ സി.എച്ച്, അജ്മൽ പി.കെ, ബഷീർ ചുള്ളിയൻ, ഫിദ അജ്മൽ, മുനീർ ഇബ്രാഹിം, എ.കെ സൈതലവി, റസാഖ് മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സെക്രട്ടറി ഷഫീഖ് മേലാറ്റൂർ നന്ദി പറഞ്ഞു.

×