രാമക്ഷേത്രം- കമൽനാഥിന്റെ പ്രസ്താവന : കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം:വെൽഫെയർ പാർട്ടി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, August 3, 2020

തിരുവനന്തപുരം:  അയോദ്ധ്യയിലെ ബാബരി മസ്ജിദ് ഭൂമിയിൽ കോടതി വിധിയുടെ പിൻബലത്തിൽ നിർമിക്കുന്ന രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സ് നേതാവ് കമൽനാഥ് സ്വീകരിച്ച സമീപനത്തോട് കോൺഗ്രസ് ദേശീയ നേതൃത്വത്വം നിലപാട് വ്യക്തമാക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം.

മധ്യപ്രദേശിലെ മറ്റൊരു മുൻ മുഖ്യമന്ത്രിയായ ദിഗ്വിജയ് സിംഗും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ബാബരി മസ്ജിദിൽ ശിലാന്യാസത്തിന് അനുമതി നൽകിയും മസ്ജിദ് തകർക്കപ്പെടുമ്പോൾ നിസ്സംഗ നിലപാട് സ്വീകരിച്ചും കോൺഗ്രസ്സിന്റെ മുൻ നേതാക്കളും പ്രധാനമന്ത്രിമാരും അക്ഷന്ത്യവ്യമായ കുറ്റമാണ് ചെയ്തത്.

ഇതുപയോഗിച്ചാണ് ഇന്ത്യയിൽ സംഘ്പരിവാർ വളർച്ച നേടിയത്. സംഘ്പരിവാർ തകർത്ത ബാബരി മസ്ജിദ് പുനർ നിർമിക്കും എന്ന വാദ്ഗാനം പാലിക്കാനും കോൺഗ്രസ്സിനായില്ല. ഇത് ഇന്ത്യയിലെ ന്യൂനപക്ഷ, മതേതര ജനവിഭാഗങ്ങളെ കോൺഗ്രസ്സിനെതിരാക്കി മാറ്റിയ ചരിത്രം കോൺഗ്രസ്സ് നേതൃത്വം മറന്ന് പോകരുത്.

അന്നുണ്ടായ തിരിച്ചടിയിൽ നിന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിന് ഇപ്പോഴും തിരിച്ച് കയറാൻ ആയിട്ടില്ല. ബീഹാർ, യു.പി എന്നിവിടങ്ങളിൽ പാർട്ടി തകർന്നു. വോട്ട് ബാങ്ക് രാഷ്ട്രിയം മുന്നിൽ വെച്ച് കോൺഗ്രസ്സ് സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനങ്ങൾ കോൺഗ്രസ്സിന്റെ വിശ്വാസ്യത തകർത്തിരുന്നു.

പിന്നീട് കോൺഗ്രസ് അദ്ധ്യക്ഷയായി സോണിയാ ഗാന്ധി തെരെഞ്ഞടുക്കപ്പെട്ട ശേഷം ബാബരി മസ്ജിദ് സംബന്ധിച്ച് പാർട്ടിക്ക് സംഭവിച്ച വീഴ്ചകളിൽ കോൺഗ്രസ് മാപ്പ് പറഞ്ഞ സാഹചര്യവും സംഘ്പരിവാറിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ പര്യാപ്തമായ മറ്റ് കക്ഷികളുടെ അപര്യാപ്തയും മുൻ നിർത്തിയാണ് മുസ്ലീങ്ങൾ അടക്കമുള്ള ജനവിഭാഗങ്ങൾ വീണ്ടും കോൺഗ്രസ്സിനെ പിൻതുണക്കാൻ തീരുമാനിച്ചത്.

2004 ലും 2009 ലും രാജ്യത്ത് യു.പി.എ സർക്കാർ അധികാരത്തിലേക്ക് വന്നത് സംഘ്പരിവാറിനെതിരെ ശക്തമായ മതേതര മുന്നണിക്ക് കോൺഗ്രസ് നേതൃത്വം നൽകിയതിനാലാണ്. എന്നാൽ പഴയ തെറ്റുകൾ ആവർത്തിക്കാനാണ് നേതാക്കൾ ശ്രമിക്കുന്നതെങ്കിൽ അത് വലിയ തകർച്ചക്ക് കാരണമാകും.

ഈ സാഹചര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം കമൽനാഥിനെപ്പോലുള്ള നേതാക്കൾക്കെതിരെ കർശന നടപെടിയെടുക്കാൻ തയ്യാറാവുകയും സംഘ്പരിവാറിനെതിരായ പോരാട്ടത്തിൽ ഉറച്ച നിലപാട് സ്വീകരിക്കുകയും വേണം. അതിന് സന്നദ്ധമായില്ലെങ്കിൽ നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന മതേതര പിന്തുണ കോൺഗ്രസ്സിന് നഷ്ടമാകും. കേരളത്തിലെ കോൺഗ്രസ് നേതൃത്വവും ഇക്കാര്യത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

×