കേരളം

കേസുകള്‍ സെറ്റില്‍ ചെയ്യാനൊരു ‘കുഴല്‍’ കിട്ടിയെന്ന് പ്രതിപക്ഷം ! ബിജെപിക്ക് സഭയില്‍ ആളില്ലാത്തതിനാല്‍ പ്രതിപക്ഷം ബിജെപി നാവായെന്നു മുഖ്യമന്ത്രിയും. ആയിരം പിണറായി വിജയന്‍മാര്‍ ഒരുമിച്ച് വന്നാലും യുഡിഎഫുകാരുടെ തലയില്‍ സംഘിപ്പട്ടം ചാര്‍ത്താന്‍ സാധിക്കില്ലെന്നു വിഡി സതീശന്‍ ! കൊടകര കുഴല്‍പണക്കേസിലെ ആരോപണ പ്രത്യാരോപണങ്ങള്‍. കവല പ്രസംഗമായി മാറുന്ന ധനാഭ്യര്‍ത്ഥ ചര്‍ച്ച ! മിന്നുന്നതൊന്നും പൊന്നല്ലെന്നും എല്ലാം മിന്നല്‍ പിണറായി പോയെന്നും തിരുവഞ്ചൂര്‍. ഗവര്‍ണറുടെ ഉപവാസത്തില്‍ സര്‍ക്കാരിനെ കുത്തി പഴയ പ്രതിപക്ഷ നേതാവ് ചെന്നിത്തല. കേരളാ പോലീസ് മാലാഖമാരെന്ന കണ്ടുപിടുത്തത്തില്‍ എഎന്‍ ഷംസീര്‍ ! പോലീസിന്റെ ലോക്ഡൗണ്‍ സേവനം എന്നും സ്മരിക്കപ്പെടുമെന്നും ഷംസീര്‍. നിയമസഭയില്‍ ഇന്ന് നടന്നത്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, July 26, 2021

തിരുവനന്തപുരം: നിയമസഭ എന്നും വാക്‌പോരിന്റെ ഇടം തന്നെയാണ്. ഏതു സമ്മേളനകാലത്തും അതിനൊരുമാറ്റവുമില്ല. ചിലപ്പോള്‍ ഏറിയും കുറഞ്ഞുമിരിക്കാം. അത്രയേ ഉണ്ടാകു വ്യത്യാസം. ഇന്നു നിയമസഭയില്‍ കണ്ടതും ഇതൊക്കെ തന്നെയാണ്. സഭയിലെ ഇന്നത്തെ താരം കുഴലായിരുന്നു.

കര്‍ണാടകയില്‍ നിന്നും വന്ന കുഴലിലൂടെ തിരികെ ചിലര്‍ പരപ്പന അഗ്രഹാരവരെ പോയെന്ന വിമര്‍ശനം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായിരുന്നു. ഇതിന്റെ പ്രതിഫലനമായിരുന്നു സഭയിലെ അടിയന്തര പ്രമേയം. കൊടകരയിലെ കുഴല്‍പണക്കേസ് ബിജെപിയും സിപിഎമ്മും ചേര്‍ന്ന് സെറ്റില്‍ ചെയ്യുന്നുവെന്നായിരുന്നു പ്രമേയത്തിന് അനുമതി തേടിയ റോജി എം ജോണ്‍ പറഞ്ഞു വച്ചത്.

കൊടകരയില്‍ അന്വേഷണം അട്ടിമറിച്ചപ്പോള്‍ നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്തും ബിനീഷ് കോടിയേരിയുടെ മയക്കുമരുന്നുകേസും കരുവന്നൂരിലെ ബാങ്ക് തട്ടിപ്പുമൊക്കെ തിരിച്ചും സെറ്റിലാക്കിയെന്നായിരുന്നു ആക്ഷേപം. ആക്ഷേപത്തിന് ആദ്യം തന്നെ പിണറായിയുടെ കൗണ്ടര്‍ വന്നു.

ബിജെപിയെ സഹായിക്കാന്‍ കൊടകര അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറണമെന്ന് കോണ്‍ഗ്രസുകാരെ കുത്തി പിണറായി പറഞ്ഞപ്പോ ട്രഷറി ബെഞ്ചുകളില്‍ നിറഞ്ഞ കയ്യടി. ബിജെപിക്ക് നിയമസഭയില്‍ പ്രാതിനിധ്യമില്ലാത്തതിനാല്‍ അവര്‍ക്കുവേണ്ടി പ്രതിപക്ഷം സഭയില്‍ സംസാരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു വച്ചു.

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും തിരിച്ചടിച്ചു. പശുവിനെ കുറിച്ച് ചോദിക്കുമ്പോള്‍ അതിനെ കെട്ടിയ തെങ്ങിനെക്കുറിച്ചാണ് മുഖ്യമന്ത്രി മറുപടി പറയുന്നതെന്നും സതീശന്റെ പരിഹാസം.

ആയിരം പിണറായി വിജയന്‍മാര്‍ ഒരുമിച്ച് വന്നാലും യുഡിഎഫുകാരുടെ തലയില്‍ സംഘിപ്പട്ടം ചാര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ബിജെപി നേതാക്കളും കേസില്‍ പ്രതികളാകില്ലെന്ന് ഉറപ്പുവരുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ കൊടകര കേസ് അന്വേഷണം അവസാനിപ്പിക്കുന്നതെന്നു പറഞ്ഞാണ് വിഡി സതീശന്‍ ഇറങ്ങിപ്പോക്ക് പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരായ സതീശന്റെ ഇന്നത്തെ പ്രസംഗത്തിന് ഇത്തിരി ആവേശം കൂടുതലുണ്ടെന്നു തന്നെയാണ് അദ്ദേഹത്തിന്റെ ആരാധക പക്ഷം. അതുകൊണ്ടുതന്നെ പ്രസംഗം വൈറലാകുമെന്ന് ഉറപ്പ്. ഇറങ്ങിപ്പോയ അതേ വേഗതയില്‍ തന്നെ തിരികെ വന്നു പ്രതിപക്ഷം പുതിയ മാതൃക കാട്ടുന്നത് ഈ നിയമസഭയുടെ പ്രത്യേകതയെന്ന് തന്നെ വിശേഷിപ്പിക്കാം.

ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലും നിറഞ്ഞു നിന്നത് രാഷ്ട്രീയം തന്നെ. ഇരുവിഭാഗത്തുനിന്നും പ്രസംഗിച്ചവരൊക്കെ കവല പ്രസംഗം നടത്തി മടങ്ങി. സംസ്ഥാനത്തെ സ്ത്രീകളൊക്കെ ഇപ്പോ പറയുന്നത് മിന്നുന്നതൊന്നും പൊന്നല്ലെന്നും എല്ലാം മിന്നല്‍ പിണറായി പോയെന്നുമാണെന്നാണ് തിരുവഞ്ചൂരിന്റെ കണ്ടുപിടുത്തം. സ്ത്രീക്കള്‍ക്കെതിരായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തിരുവഞ്ചൂരിന്റെ വിമര്‍ശനം.

സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയവര്‍ക്കും പരോള്‍ കൊടുത്തെന്ന ഗുരുതരമായ ആരോപണവും തിരുവഞ്ചൂര്‍ പറഞ്ഞു വച്ചു. പഴയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസംഗം തുടങ്ങിയപ്പോഴെ മാസ്‌ക് വയ്ക്കണെമെന്ന് സ്പീക്കറുടെ ഓര്‍മ്മപ്പെടുത്തല്‍. ഗവര്‍ണര്‍ ഉപവസിച്ചതിന്റെ രാഷ്ട്രീയ പ്രാധാന്യം സര്‍ക്കാരിനെ ഓര്‍മ്മപ്പെടുത്തി ചെന്നിത്തലയും തുടങ്ങി. എകെ ശശീന്ദ്രനെതിരായ കേസും ചെന്നിത്തല പറഞ്ഞു വച്ചു.

ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ ഷംസീര്‍ നടത്തിയ കണ്ടുപിടുത്തം ലോകത്തെ ഏറ്റവും മികച്ച പോലീസ് സേനയെ പറ്റിയായിരുന്നു. ജപ്പാനിലെ പോലീസ് സേനയാണ് അതെന്നും കേരളാ പോലീസും അതേ മാതൃകതന്നെയും ഷംസീര്‍ പറഞ്ഞു വച്ചപ്പോള്‍ ഭരണപക്ഷം പോലും കയ്യടിച്ചില്ല എന്നതും സത്യം.

കേരളത്തിലെ പോലീസ് മാലാഖമാരാണെന്നും പോലീസ് ഹീറോസ് ആണെന്നും ഷംസീറിന്റെ കണ്ടുപിടുത്തം കേട്ട ഏത്തമിട്ട സഖാക്കളൊക്കെ എന്തുപറയുമോ എന്തോ ? ലോക്ഡൗണ്‍ കാലത്ത് പോലീസിന്റെ സേവനം വാതോരാതെയാണ് ഷംസീര്‍ വിവരിച്ചത്. പോലീസിന്റെ ജനാധിപത്യ വിരുദ്ധ സമീപനം ഓര്‍മ്മപ്പെടുത്തി ഷംസീറിന് മോന്‍സ് ജോസഫ് മറുപടിയും ഇന്നു കണ്ടു.

×