/sathyam/media/post_attachments/iSzfEaa9A1KEyriGEbuQ.jpg)
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു മുസ്ലീം തീര്‍ത്ഥാടന കേന്ദ്രമാണ് ബീമാപള്ളി എന്ന ജുമാ മസ്ജിദ്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ തെക്കു പടിഞ്ഞാറേക്കു മാറി അറബിക്കടല്‍ തീരത്തോടു ചേര്‍ന്ന് കിടക്കുന്ന ഒരു ചെറിയ ദേശത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. പള്ളിയുടെ പേരില്‍ തന്നെയാണ് ദേശവും അറിയപ്പെടുന്നത്.
2009 മെയ്മാസം ഇവിടെ പൊലീസ് നടത്തിയ വെടിവെപ്പില്‍ ആറുപേർ സംഭവസ്ഥലത്തും പരിക്കേറ്റ മൂന്നുപേർ പിന്നീടും കൊല്ലപ്പെട്ടു. ഐക്യകേരളം കണ്ട രണ്ടാമത്തെ വലിയ വെടിപ്പായിട്ടും രാഷ്ട്രീയ കേരളം സമർത്ഥമായി മുക്കിയ, 12 വർഷം കഴിഞ്ഞിട്ടും ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് പോലും പുറംലോകത്തെ കാണിക്കാത്ത ബീമാപള്ളി വെടിവെപ്പാണ് മാലിക് എന്ന സിനിമയുടെ പ്രമേയം.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയിലെ റമദാപ്പള്ളിയും അവിടെ നടക്കുന്ന വെടിവെപ്പും ബീമാപ്പള്ളി വെടിവെപ്പിനെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന രീതിയിലുള്ള ചർച്ചകളാണ് ഇന്ന് ഉയരുന്നത്.
ബീമാപള്ളി വെടിവെപ്പിലേക്ക് നയിച്ച കാരണം..
പ്രദേശത്തെ ലാറ്റിന്‍ കത്തോലിക് വിഭാഗങ്ങളും മുസ്ലിങ്ങളും തമ്മിലുള്ള തര്‍ക്കം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിച്ചെന്നും ഇത് പൊലീസിനെ വെടിവെപ്പിന് നിര്‍ബന്ധിതമാക്കിയെന്നുമാണ് പൊലീസ് ഭാഷ്യം. എന്നാല്‍ പ്രദേശത്തെ ചെറിയ വഴക്ക് പൊലീസ് വെടിവെപ്പിലേക്ക് കൊണ്ടുചെന്നത്തിക്കുകയായിരുന്നുവെന്ന് ബീമാപള്ളി സ്വദേശികളും പറയുന്നു. വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ വിഷയത്തില്‍ വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്.
വെടിവെപ്പ് നടക്കുന്നതിന് പത്തു ദിവസം മുന്‍പ് കൊമ്പ് ഷിബു എന്ന് വിളിപ്പേരുള്ള ഷിബു ബീമാപള്ളിയിലുള്ള മുഹമ്മദിന്റെ കടയില്‍ നിന്ന് സാധനം വാങ്ങി പണം നല്‍കാതെ തര്‍ക്കമുണ്ടാക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഇത് പിന്നീട് സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു.
ബീമ പള്ളിയില്‍ നടക്കുന്ന ഉറൂസ്/ ചന്ദനക്കുട മഹോത്സവം മുടക്കുമെന്നും കൊമ്പു ഷിബു ഭീഷണി മുഴക്കി. സംഭവത്തില്‍ മഹല്ല് കമ്മിറ്റി പൊലീസിന് കൊമ്പ് ഷിബുവിനെതിരെ പരാതി നല്‍കുകയും ചെയ്തു. കൊമ്പ് ഷിബുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പൂന്തുറ സിഐയ്ക്ക് പരാതി നല്‍കിയിരുന്നെന്ന് മഹല്ല് പ്രസിഡന്റ് അസീസ് പിന്നീട് പറഞ്ഞിരുന്നു.
അന്നത്തെ എം.എല്‍.എയായിരുന്ന വി. സുരേന്ദ്രന്‍ പിള്ള, കളക്ടര്‍ സഞ്ജീവ് കൗര്‍ എന്നിവര്‍ ബീമപള്ളിയിലെത്തി അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുനല്‍കിയെന്നും മഹല്ല് പ്രസിഡന്റായിരുന്ന അസീസ് മാധ്യമങ്ങളോട് സംഭവത്തിന് പിന്നാലെ പ്രതികരിച്ചിരുന്നു. എന്നാല്‍ ഷിബുവിനെ അറസ്റ്റ് ചെയ്യാത്തത് വലിയ വിമര്‍ശത്തിന് ഇടയാക്കിയിരുന്നു.
ഈ പ്രശ്‌നങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് 2009 മെയ് പതിനേഴിന് ഉച്ചതിരിഞ്ഞ് വെടിവെപ്പ് നടക്കുന്നത്. സംഭവത്തില്‍ വെടിവെപ്പിന് നേതൃത്വം നല്‍കിയ നാല് പൊലീസുകാരെ ജോലിയില്‍ തിരിച്ചെടുത്തതും വലിയ വിവാദം തീര്‍ത്തിരുന്നു.
ജുഡീഷ്യല്‍ അന്വേഷണം..
തിരുവനന്തപുരം ജില്ലാ ജഡ്ജി കെ.രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം നടന്നത്. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ മറച്ചുവെക്കുന്നുവെന്ന് കാണിച്ച് വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സിജി സുരേഷ് കുമാര്‍, ഡിവൈഎസ്പി ഇ.ശറഫുദ്ദീന്‍ എന്നിവരാണ് വെടിവെപ്പിന് നേതൃത്വം നല്‍കിയത്.
ബീമാപള്ളിയുടെ ചരിത്രം..
കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളില്‍ പ്രധാനമാണ് തിരുവനന്തപുരത്തെ ബീമാപള്ളി. അന്ത്യ പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയില്‍പെട്ട ബീമാ ബീവി, മകന്‍ ശൈയ്ഖ് സെയ്യിദ് ശഹീദ് മാഹീന്‍ അബൂബക്കര്‍ എന്നിവരുടെ ഖബറുകളാണ് ബീമാപള്ളിയില്‍ ഉള്ളത്.
ബീമാ ബീവിയുടെ പേരില്‍ നിന്നാണ് ബീമാപള്ളി എന്ന പേര് ഉണ്ടാകുന്നത്. ആതുര സേവനവും മത പ്രബോധനവുമായി കേരളം മുഴുവന്‍ ചുറ്റിയ ഇവര്‍ ഒടുവില്‍ തിരുവല്ലം എന്ന സ്ഥലത്തെത്തി സ്ഥിരതാമസം ആക്കി. ബീമാ ബീവിയുടെയും മകന്റെയും സ്വാധീനത്തില്‍ ദളിത് വിഭാഗത്തില്‍ നിന്ന് നിരവധി പേര്‍ ഇസ്ലാം മതം സ്വീകരിച്ചു. ഇവര്‍ ഇരുവരും പേരുകേട്ട വൈദ്യരുമായിരുന്നു.
ഇസ്ലാമിലേക്കുള്ള മതം മാറ്റം രാജകുടുംബത്തെ അസ്വസ്ഥതപ്പെടുത്തുകയും മാഹിനെയും കൂട്ടാളികളെയും ഗൂഢാലോചനയിലൂടെ കൊലപ്പെടുത്തുകയുമായിരുന്നു. മകന്‍ മരിച്ച് ദിവസങ്ങള്‍ക്കകം ബീമാ ബീവിയും മരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us