നിശ്ചിത സമയത്തിനുള്ളില്‍ അയച്ച എല്ലാ സന്ദേശങ്ങളും നീക്കം ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ടെക് ഡസ്ക്
Tuesday, October 1, 2019

ടെലിഗ്രാം ആപ്പിലെ ഉപകാരപ്രദമായ ഫീച്ചറുകളിലൊന്നാണ് സെല്‍ഫ് ഡിസ്ട്രക്റ്റിങ് ടൈമര്‍. ഒരാള്‍ക്ക് അയച്ച സന്ദേശങ്ങള്‍ നിശ്ചിത സമയം കഴിഞ്ഞാല്‍ നീക്കം ചെയ്യപ്പെടും. ഇതിന് സമാനമായ ഡിസപ്പിയറിങ് മെസേജസ് എന്ന ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സാപ്പും. നിശ്ചിത സമയത്തിനുള്ളില്‍ അയച്ച എല്ലാ സന്ദേശങ്ങളും നീക്കം ചെയ്യാന്‍ ഈ ഫീച്ചറിലൂടെ സാധിക്കും.

ടെലിഗ്രാമില്‍ പേഴ്‌സണല്‍ ചാറ്റുകളില്‍ മാത്രമേ ഈ ടൈമര്‍ സംവിധാനമുള്ളൂ. അതുപോലെ വാട്‌സാപ്പില്‍ ഗ്രൂപ്പ് ചാറ്റില്‍ മാത്രമേ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ ലഭ്യമാകു. ഈ ഫീച്ചര്‍ നിലവില്‍ വന്നുകഴിഞ്ഞാല്‍ ഗ്രൂപ്പില്‍ വരുന്ന സന്ദേശങ്ങള്‍ എത്രനേരം പ്രദര്‍ശിപ്പിക്കണം എന്ന് ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് തീരുമാനിക്കാം. അഞ്ച് സെക്കന്റ് മുതല്‍ ഒരു മണിക്കൂര്‍ നേരം വരെ സമയം നിശ്ചയിക്കാനുള്ള സൗകര്യമേ ഇപ്പോഴുള്ളൂ എന്ന് വാബീറ്റാ ഇന്‍ഫോ എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നൂ. ഗ്രൂപ്പ് ചാറ്റുകളില്‍ മാത്രമാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത് എങ്കിലും പേഴ്‌സണല്‍ ചാറ്റുകളിലും ഈ സൗകര്യം എത്തിയേക്കാം.

×