ജിഹാദ്; ഒരു ഭീകര കഥയല്ല - ശ്രദ്ധേയമായി വിസ്‌ഡം യൂത്ത് ഓൺലൈൻ സമ്മേളനം

New Update

publive-image

പെരിന്തൽമണ്ണ: ജിഹാദ് -ഈ വാക്ക് കേൾക്കുമ്പോൾ തന്നെ പൊതു സമൂഹത്തിന്റെ മനസ്സിലേക്കോടിയെത്തുന്ന ചില ചിഹ്നങ്ങളുണ്ട്. ബോംബ്, വാൾ, ഒളിയുദ്ധങ്ങൾ, ചാവേർ ആക്രമണങ്ങൾ, നിരപരാധികളെ കൊന്നൊടുക്കൽ അങ്ങനെയങ്ങനെ ക്രൂരതയുടെ പര്യായമായ വൃത്തികെട്ട പദമായിട്ടാണ് ഭൂരിപക്ഷം പേരും ജിഹാദിനെ മനസ്സിലാക്കിയിട്ടുള്ളത്.

Advertisment

അവിശ്വാസികളെ എല്ലാം കൊല്ലലാണ് ജിഹാദ് എന്ന് തെറ്റിദ്ധരിച്ചവർക്ക് മുമ്പിൽ വിസ്‌ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ നടത്തിയ ആഗോള മലയാളബോധവൽക്കരണ പരിപാടി തത്സമയം പതിനായിരങ്ങൾ കണ്ടു.

അവിശ്വാസികളെ കൊല്ലലാണ് ജിഹാദ് എങ്കില്‍ മുഹമ്മദ് നബി(സ) എന്ന മാതൃകാ മുസല്‍മാന്‍ ആദ്യം കൊല്ലേണ്ടിയിരുന്നത് മുസ്‌ലിം ആകാന്‍ വിസമ്മതിച്ചുകൊണ്ടുതന്നെ മുഹമ്മദ് നബിയെ സ്‌നേഹിച്ചു ജീവിച്ച അബൂത്വാലിബ് എന്ന മുഹമ്മദ് നബിയുടെ രക്തബന്ധുവിനെ ആയിരുന്നല്ലോ.

'ഭീകരതക്ക് മതമില്ലെന്നും ഭീകരത മതമല്ലെന്നും ഐ.എസ് ഇസ്‌ലാം അല്ലെന്നും' ഒക്കെ ഇവിടെ ആദ്യം പറഞ്ഞത് മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരുമാണ്. ഐ എസും അൽ ഖായിദയും പിന്നെ പേരറിയാത്ത കുറേ ഒളിപ്പോർ സംഘങ്ങളും നടത്തുന്നത് ജിഹാദാണെന്നാണ് പലരും ധരിച്ചു വച്ചിട്ടുള്ളത്.

സാധാരണക്കാർ മുതൽ സമൂഹത്തിൽ ഇടപഴകി ജീവിക്കുന്ന ലോക വിവരമുണ്ടെന്ന് നാം കരുതുന്ന വലിയ വലിയ ആൾക്കാർ വരെ ജിഹാദിനെ മനസ്സിലാക്കിയിട്ടുള്ളതിങ്ങനെതന്നെയാണ്.

എന്നാൽ ഇതൊന്നുമല്ല ജിഹാദെന്നും ഇസ്ലാമിലെ മഹത്തായൊരു സാങ്കേതിക ശബ്ദമാണതെന്നും തിരുത്തിക്കൊടുക്കേണ്ട ബാധ്യത ഇസ്ലാമിനെയും പ്രവാചകനെയും സ്നേഹിക്കുന്ന മുഴുവൻ വിശ്വാസികളുടെയും ബാധ്യതയാണ്. കഠിനപരിശ്രമമെന്നർത്ഥം വരുന്ന ജിഹാദിനെ നിരപരാധികളെ ആക്രമിച്ചു കൊല്ലുന്ന ക്രൂരതയ്ക്ക് പേരിട്ടു നൽകിയതാരാണ്?

സ്വന്തം മാതാപിതാക്കളെ പരിചരിക്കൽ മഹത്തായ ജിഹാദാണെന്ന് പഠിപ്പിച്ച ഇസ്ലാം കരുണയുടെയും ദയയുടെയും പര്യായപദമായിട്ടാണ് അതിനെ നമുക്ക് പരിചയപ്പെടുത്തുന്നത്.
വ്യത്യസ്തമായ ഒരു പാട് അർത്ഥതലങ്ങളുള്ള ജിഹാദിനെ കുറിച്ച് സമൂഹത്തിനിടയിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന ധാരണാപിശകുകളെ തിരുത്താൻ വിസ്ഡം യൂത്ത് ആണ് പ്രത്യേക പരിപാടി ഒരുക്കിയത്.

അബ്ദുൽജബ്ബാർ അബ്ദുല്ല മദീനി, ഹാരിസ്ബിൻസലീം, സിപി.സലീം, അബ്ദുൽ മാലിക് സലഫി, മുജാഹിദ് ബാലുശ്ശേരി, പി.എൻ.അബ്ദുറഹ്മാൻ അബ്ദുലത്തീഫ്, നിഷാദ് സലഫി, ഡോ.അബ്ദുല്ല ബാസിൽ സി.പി, അബ്ദുറഹ്മാൻ ചുങ്കത്തറ തുടങ്ങിയ പ്രഗത്ഭരായ പണ്ഡിതന്മാർ 'ജിഹാദ് ഒരു ഭീകര കഥയല്ല' വിസ്‌ഡം ഡയലോഗ് 4.0 സമ്മേളനത്തിൽ സംസാരിച്ചു.

വിസ്‌ഡം ഗ്ലോബൽ ടിവി യിലൂടെയും വിസ്‌ഡം യൂത്ത് ഫേസ്ബുക്ക് പേജിലൂടെയും ആയിരങ്ങൾ പരിപാടി ഷെയർ ചെയ്തു.

wisdom youth
Advertisment