ഞാൻ ജനിച്ചിരുന്നു എന്നു തിരിച്ചറിഞ്ഞ നിമിഷം…!

കൊട്ടാരക്കര ഷാ
Friday, May 11, 2018

അത്യപൂർവമായ ഒരു ഭാഗ്യത്തെ കുറിച്ചു പറയാനാണീ പോസ്റ്റ്. 2 വർഷത്തെ ബാംഗ്ലൂരിലെ ഫാർമസി ഡിപ്ലോമ പഠന കാലത്തിനു ശേഷം കൊട്ടാരക്കരയിൽ ഞാൻ പിറന്നു വീണ ഗവർമെന്റ് ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു എന്റെ ട്രെയിനിങ് കാലം..

അന്നവിടെ കൊട്ടാരക്കരയിലെ വൈദ്യ ശാസ്ത്ര രംഗത്തെ പല പ്രമുഖ ഡോക്ടർമാരും സേവനം അനുഷ്ഠിച്ചിരുന്നു അന്നവിടെ. ഡോക്ടർ എൻ എൻ മുരളിയും , എബ്രഹാം വർഗീസും , ഹരീന്ദ്ര ബാബു ഡോക്ടറും ഉൾപ്പെടെ പലരും..

എബ്രഹാം വർഗീസ് ഡോക്ടറുടെയും ഇടിക്കുള ഡോക്ടറുടെയും വിരമിക്കൽ ദിനത്തിലും ചടങ്ങിലും പങ്കെടുക്കാനായി. ചിത്രത്തിലും ഞാനുണ്ട്. ഇനി വിഷയത്തിലേക്ക് വരാം.. ഇന്നിപ്പോ പുതിയ OP, CASUALTY ഒക്കെ നിൽക്കുന്ന ബിൽഡിങ്ങിന്റെ സൈഡിൽ അക്കാലത്ത് ഒരു റെക്കോർഡ് റൂം ഉണ്ടായിരുന്നു. ഹോസ്പിറ്റൽ തുടങ്ങിയ കാലം മുതൽ ഉള്ള ലെഡ്ജറുകളും, റെജിസ്റ്ററുകളും, രസീതികളും ഒക്കെ അവിടെ സൂക്ഷിച്ചിരുന്നു.

സത്യത്തിൽ ഒരു കൗതുകത്തിന്റെ ഭാഗമായി ഞാൻ അവിടെ എത്തിപ്പെട്ടു, എന്റെ ജന്മ സ്ഥലം ആണല്ലോ, അതിന്റെ രേഖകൾ അവിടെ ഉണ്ടാകുമോ എന്നറിയാനുള്ള ആഗ്രഹം..

1977ലെ OP രജിസ്റ്റർ പൊടി തട്ടിയെടുത്തു. മെയ് എട്ടാം തീയതി രാത്രി അമ്മായെ അഡ്മിറ്റ് ചെയ്ത പേജ്!

N Naseera Beevi
W/o M Sirajudeen Thambi
Benglow vila veedu
Muslim street, ktra

സംഭവമുണ്ട്, സംഭവമുണ്ട്.. എന്തൊക്കെയോ നോട്ട്സ് കുത്തികുറിച്ചിട്ടുണ്ട്. അവിടെ തീർന്നില്ലല്ലോ എന്റെ കൗതുകം! ഞാൻ ജനിച്ചു എന്ന് ഉറപ്പാക്കണ്ടേ…? OPയിൽ നിന്നും Maternity വാർഡിലേക്ക് മാറ്റുമ്പോ രജിസ്റ്റർ മാറും, അങ്ങനെ ഒരു പ്രശ്നമുണ്ട്…

പിന്നെ, അത് തപ്പിയെടുക്കുന്ന തത്രപ്പാടായി, കുറെ തപ്പിയപ്പോ 1976 മുതൽ ഉള്ള ഒരു തടിയൻ കാർഡ് ബോഡ് ബൈൻഡ് ഇട്ട രജിസ്റ്റർ കിട്ടി, ഏറെക്കുറെ കവർ ഒക്കെ ദ്രവിച്ചു തുടങ്ങിയ അവസ്ഥയിൽ, ഇപ്പോൾ അത് ഉണ്ടാവുമോ ആവോ…

പേജുകൾ പരതി പരതി 1977 മെയ് 8ലെ ആ സ്ഥലമെത്തി…! ചെറിയൊരു കോളത്തിൽ അമ്മാടെ പേരും മെഡിസിൻ ഡീറ്റൈൽസും താഴെ സൈഡിൽ എഴുതി വച്ചതായി ഞാൻ കണ്ടു…..!!!

Early morning 3:25
“baby boy born”

ആ ഫീൽ എങ്ങനെ നിങ്ങളെ പറഞ്ഞറിയിക്കും എന്നറിയില്ല…, സ്വന്തം ജനനത്തിന്റെ രേഖ നേരിട്ട് കാണാൻ ഭാഗ്യമുണ്ടായ മറ്റാരെയും ഞാൻ ജീവിതത്തിൽ കണ്ടതായി ഓർക്കുന്നില്ല. അങ്ങനെ ഞാനും ഈ ഭൂമിയിൽ ജനിച്ചിരുന്നു എന്നെനിക്ക് ഉറപ്പായി..!

SSLC ബുക്കിൽ എന്റെ ജന്മദിനം മെയ് 8 ആണ്, സത്യത്തിൽ ഒൻപതാം തീയതി പുലർച്ചെയാണ് ഞാൻ ജനിച്ചത്. അതു കൊണ്ട് തന്നെ മെയ് ഒൻപതാം തീയതി തന്നെ ആഘോഷിക്കുന്നതാണ് എനിക്കിഷ്ടവും…. മുഖപുസ്‌തകത്തിൽ അങ്ങനെ തന്നെയാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നതും.

പതിവു പോലെ പ്രതീക്ഷിച്ച പലരും ആശംസകളും ആയി വന്നില്ല, എന്നാ ഞെട്ടിച്ചു കൊണ്ട് പലരും പ്രാർത്ഥനകളും, സ്നേഹവുമായെത്തി.. അയിഷു കടന്നു വന്ന വർഷം, സംവിധായകനായ വർഷം, പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സജീവമായ വർഷം, നല്ല സുഹൃത്തുക്കളും സിനിമകളും ഉണ്ടായ വർഷം, അങ്ങനെ അങ്ങനെ….

ഞാൻ ധന്യനാണ്, മകൾ ഇശാലുവിനെ കാണാനാവാതെ നാട്ടിലായിപ്പോയതൊഴിച്ചാൽ ..

×