സുഹൃത്തിനെ കാണാനെത്തിയ പട്ടികജാതിക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവറും സുഹൃത്തായ ഹോട്ടൽ തൊഴിലാളിയും ചേർന്നു പീഡിപ്പിച്ചതായി പരാതി

ന്യൂസ് ബ്യൂറോ, കൊല്ലം
Sunday, December 24, 2017

 കൊല്ലം :സുഹൃത്തിനെ കാണാനെത്തിയ പട്ടികജാതിക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവറും സുഹൃത്തായ ഹോട്ടൽ തൊഴിലാളിയും ചേർന്നു പീഡിപ്പിച്ചതായി പരാതി. ഓട്ടോ ഡ്രൈവർ പരവൂർ കലയ്ക്കോട് പാറവിള കോളനിയിൽ സാബുവിനെ (38) പരവൂർ പൊലീസ് പിടികൂടി. ഇയാളുടെ സുഹൃത്തും ഹോട്ടൽ തൊഴിലാളിയുമായ പൊഴിക്കര സ്വദേശി ഒളിവിലാണ്.

പരവൂർ സ്വദേശിയായ സുഹൃത്തിനെ കാണാൻ കഴിഞ്ഞ 13നാണ്  യുവതി എത്തിയത്. പിറ്റേദിവസം വീണ്ടും പരവൂരിലെത്തിയെങ്കിലും സുഹൃത്തിനെ കാണാൻ കഴിഞ്ഞില്ല. വീട്ടിലേക്കു പോകാൻ രാത്രി പരവൂർ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്ന യുവതിയോടു സാബുവും സുഹൃത്തും സൗഹൃദം നടിച്ച് അടുത്തുകൂടി.

വീട്ടിലേക്കു പോകാൻ പണമില്ലാതെ വലഞ്ഞ യുവതിയെ വീട്ടിൽ കൊണ്ടാക്കാം എന്നു പറഞ്ഞ് ഇവർ തെറ്റിദ്ധരിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റി ആദ്യം പൊഴിക്കരയിലെ ഒരു വീട്ടിലും പിന്നീട് കലയ്ക്കോട്ടും കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. രണ്ടു ദിവസമായി മകളെ കാണാനില്ലെന്നു പറഞ്ഞു വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. കൊട്ടിയം സിഐ അജയ്നാഥ്, പരവൂർ എസ്ഐ ആർ.ബിജു എന്നിവരുടെ നേതൃത്വത്തിലാണു സാബുവിനെ പിടികൂടിയത്.

×