കൊല്ലം: ഓയൂർ കരിങ്ങന്നൂരിൽ ഗൃഹനാഥയെ വീടിന് സമീപത്തെ പറമ്പിൽ ദുരൂഹ സാഹചര്യത്തിൽമരിച്ചനിലയിൽ. കരിങ്ങന്നൂർ ആലുംമൂട്ടിൽ സുജാത വിലാസത്തിൽ പരേതനായ ശശിയുടെ ഭാര്യ: സുജാത (52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയ സുജാത കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1ന് വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ശരീരത്ത് മുറിവുകളും, ചതവുകളും കാണപ്പെട്ടു. വസ്ത്രങ്ങളില്ലാത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് സുജാതയുടെ മകൾ സൗമ്യയെയും സമീപവാസിയായ മൂന്ന് പേരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഫോറൻസിക് , വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ കൊലപാതകമാണോ സ്വാഭാവികമാണോ എന്ന് പറയാൻ കഴിയു എന്ന് ഡി വൈ എസ് പി വിജയകുമാർ പറഞ്ഞു. എഴുകോൺ സി ഐ ശിവ , പൂയപ്പള്ളി എസ് ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.