റിയാദ് - റിയാദ് സീസൺ പരിപാടികളുടെ ഭാഗമായി സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി വനിതാ ഗുസ്തി മത്സരം സംഘടിപ്പിക്കുന്നു. ആഗോള നിലവാരത്തിലുള്ള വിനോദ, സ്‌പോർട്‌സ് മത്സരങ്ങൾ സൗദി നിവാസികൾക്കും സന്ദർശകർക്കും മുന്നിലെത്തിക്കുന്നു. ഇന്നാണ് ചരിത്ര മത്സരം. ഇന്നലെ റിയാദ് കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ വേൾഡ് റസ്‌ലിംഗ് എന്റർടൈൻമെന്റ് ആണ് വനിതാ ഗുസ്തി മത്സരം പ്രഖ്യാപിച്ചത്.
വേൾഡ് റസ്‌ലിംഗ് എന്റർടൈൻമെന്റ് സംഘത്തിനൊപ്പം നതാലിയയും ലേസി ഈവൻസും റിയാദിലെത്തിയിട്ടുണ്ട്. ലേസി ഈവൻസ് മുൻ അമേരിക്കൻ മറീനാണ്. നതാലിയ മുൻ ഗുസ്തി താരം ജിം നീദാർട്ടിന്റെ മകളും മുൻ ഗുസ്തി താരം ടൈസൻ കിഡിന്റെ ഭാര്യയുമാണ്.വേൾഡ് റസ്‌ലിംഗ് എന്റർടൈൻമെന്റ് താരങ്ങളായ നതാലിയയും (നതാലി കാതറിൻ നീദാർട്ട്-വിൽസൺ) ലേസി ഈവൻസുമാണ് ക്രൗൺ ജ്യുവൽ എന്നു പേരിട്ട മത്സരത്തിൽ ഏറ്റുമുട്ടുക. ലോക പ്രശസ്തരായ മറ്റേതാനും ഗുസ്തി താരങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങളുമുണ്ടാകും.