Advertisment

സേവനത്തിനിടെ കൊവിഡ് ബാധിച്ച ജീവനക്കാര്‍ക്ക് പാരിതോഷികം നല്‍കാന്‍ കുവൈറ്റ്; വിശദവിവരങ്ങള്‍ ഇങ്ങനെ

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: പാരിതോഷികം ലഭിക്കാന്‍ അര്‍ഹതയുള്ള ജീവനക്കാരുടെ ലിസ്റ്റുകള്‍ അവലോകനം ചെയ്യാന്‍ ജല-വൈദ്യുത മന്ത്രാലയം രൂപീകരിച്ച സമിതി മന്ത്രാലയം അണ്ടര്‍സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ലിസ്റ്റില്‍ ഉള്‍പ്പെടേണ്ടവരുടെ പേരുകള്‍ തീരുമാനിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനാണ് യോഗം ചേരുക.

സിവില്‍ സര്‍വീസ് കമ്മീഷന് (സി.എസ്.സി) പേരുകള്‍ കൈമാറുന്നതിന് മുമ്പ് ലിസ്റ്റ് വിശദമായി പരിശോധിക്കുമെന്ന് സമിതി അറിയിച്ചു. തുടര്‍ന്ന് സി.എസ്.സിയും ഇത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും.

കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് പാരിതോഷികം നല്‍കാന്‍ ജീവനക്കാരെ മൂന്ന് വിഭാഗങ്ങളായി സി.എസ്.സി തിരിച്ചിരുന്നു. മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം സി.എസ്.സി അണ്ടര്‍സെക്രട്ടറി ബദര്‍ അല്‍ ഹമദ് കഴിഞ്ഞയാഴ്ച ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയിരുന്നു.

ആരോഗ്യമന്ത്രാലയത്തിലെയും ആഭ്യന്തരമന്ത്രാലയത്തിലെയും അടക്കം ജീവനക്കാര്‍ ഉള്‍പ്പെടുന്ന ഹൈ റിസ്‌ക് വിഭാഗമാണ് ഒന്നാമത്തേത്. സാധാരണ ജോലികള്‍ ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടാമത്തേതും (മീഡിയം റിസ്‌ക്) രാജ്യത്തെ കര്‍ഫ്യൂ സമയത്ത് തങ്ങളുടെ പതിവ് ജോലികളല്ലാതെ മറ്റു ജോലികള്‍ ചെയ്യാന്‍ ചുമതലപ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ മൂന്നാം വിഭാഗത്തിലും (ലോ-റിസ്‌ക്) ഉള്‍പ്പെടുന്നു.

കൊവിഡ് ബാധിച്ച ജീവനക്കാര്‍ക്ക് അവരുടെ പ്രതിമാസ ശമ്പളത്തിന്റെ ഇരട്ടിയോ അല്ലെങ്കില്‍ 8000 കെ.ഡിയുടെ ഒറ്റത്തവണ ബോണസോ പാരിതോഷികം നല്‍കും.കൊവിഡ് രോഗികളുമായി നേരിട്ട് ഇടപഴകാത്ത സാഹചര്യത്തില്‍ മന്ത്രാലയത്തിലെ രണ്ടാമത്തെയും മൂന്നാമത്തെയും വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്ക് സി.എസ്.സിയുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പാരിതോഷികം നല്‍കും.

അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ള സമിതിയംഗങ്ങള്‍ നിരവധി ജീവനക്കാരെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി അര്‍ഹതപ്പെട്ട വ്യക്തികളുടെ വിവരങ്ങള്‍ കൈമാറണമെന്ന് വകുപ്പ് മേധാവികള്‍ക്ക് കര്‍ശനം നിര്‍ദ്ദേശം നല്‍കും.

ഫെബ്രുവരി 24 മുതല്‍ മേയ് 31 വരെ നടത്തിയ സേവനമാണ് പാരിതോഷികം നല്‍കുന്നതിനായി പരിഗണിക്കുന്നത്. ജോലിക്കിടെ കൊവിഡ് ബാധിച്ച് മരിച്ചവരെ 'സേവനത്തിന്റെ രക്തസാക്ഷികള്‍' ആയി പ്രഖ്യാപിക്കുകയും ചെയ്തു.

Advertisment