Advertisment

മാര്‍ച്ച് 11 ലോക വൃക്കദിനം…

New Update

publive-image

Advertisment

അങ്ങനെ മറ്റൊരു ലോകവൃക്കദിനം കൂടി വന്നെത്തി. വൃക്കകളുടെ പ്രാധാന്യവും, വൃക്കരോഗങ്ങളുടെ വ്യാപ്തിയും കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ലോകവൃക്കദിനത്തിന്‍റെ ലക്ഷ്യം. 2006-ല്‍ ആണ് മാര്‍ച്ചിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോകവൃക്കദിനം ആയി ആചരിക്കുന്ന പതിവ് തുടങ്ങിയത്.

ഈ വര്‍ഷത്തെ ലോകവൃക്കദിനത്തിന്‍റെ പ്രമേയം വൃക്കരോഗവുമായി എങ്ങനെ നന്നായി

ജീവിക്കാം എന്നതാണ്. ഏകദേശം 850 ദശലക്ഷത്തോളം സ്ഥായിയായ വൃക്കരോഗികള്‍ ലോകത്തുണ്ട്. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. വൃക്കരോഗങ്ങളും അവയുടെ ചികിത്സയും വ്യക്തികളിലും കുടുംബങ്ങളിലും ഏല്‍പ്പിക്കുന്ന സാമ്പത്തിക ആഘാതം ചെറുതല്ല.

ശരീരത്തിലെ മാലിന്യങ്ങള്‍ പുറംതള്ളുന്ന അരിപ്പയായി പ്രവര്‍ത്തിക്കുക എന്നതാണ് വൃക്കകളുടെ പ്രധാന ജോലി. ഇതുകൂടാതെ ശരീരത്തിനാവശ്യമായ വിവിധ ഹോര്‍മോണുകള്‍ നിര്‍മ്മിക്കുക, ശരീരത്തിലെ ജലാംശത്തിന്‍റെയും ധാതുലവണങ്ങളുടെയും സന്തുലിതാവസ്ഥ നിലനിര്‍ത്തുക, രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുക മുതലായ അതിപ്രധാന ജോലികള്‍ ചെയ്യുന്നതും വൃക്കകള്‍ തന്നെയാണ്.

ജീവിതശൈലി രോഗങ്ങളാണ് പ്രധാനമായും വൃക്കരോഗത്തിനു കാരണമാകുന്നത്. പ്രമേഹം, അനിയന്ത്രിതമായ രക്തസമ്മര്‍ദ്ദം എന്നിവയാണ് അവയില്‍ ഏറ്റവും പ്രധാനം. വൃക്കയെ

ബാധിക്കുന്ന കല്ലുകളും, പാരമ്പര്യ വൃക്കരോഗങ്ങളും നല്ലൊരു ശതമാനം സ്ഥായിയായ വൃക്കരോഗങ്ങള്‍ക്കു കാരണമാകുന്നുണ്ട്. അനിയന്ത്രിതമായ വേദനാസംഹാരികളുടെയും ഫാസ്റ്റ്ഫുഡിന്‍റേയും ഉപയോഗം, മദ്യപാനം, പുകവലി, ഉറക്കക്കുറവ്, നിര്‍ജ്ജലീകരണം മുതലായവയും വൃക്കരോഗങ്ങള്‍ക്കു കാരണമാകുന്നു.

നല്ലൊരു ശതമാനം വൃക്കരോഗികളും ആരംഭഘട്ടങ്ങളില്‍ യാതൊരു രോഗലക്ഷണങ്ങളും

കാണിക്കാറില്ല. മൂത്രം പതയുക, മൂത്രത്തില്‍ രക്തവും പഴുപ്പും കാണുക, കാലിലും മുഖത്തും

നീരുണ്ടാവുക എന്നിവയാണ് പ്രധാനപ്പെട്ട രോഗലക്ഷണങ്ങളായി കാണാറുള്ളത്. രോഗം

മൂര്‍ച്ഛിക്കുന്നത് അനുസരിച്ച് വിശപ്പില്ലായ്മ, തളര്‍ച്ച, രക്തക്കുറവ് മുതലായവയും ഉണ്ടായേ

ക്കാം.

വൃക്കരോഗങ്ങളുടെ കാരണം അനുസരിച്ചാണ് ചികിത്സയും തീരുമാനിക്കുന്നത്. ജീവി

തശൈലി രോഗങ്ങളായ പ്രമേഹവും, രക്താതിമര്‍ദ്ദവും നിയന്ത്രിക്കുന്നതിലൂടെ നല്ലൊരു ശതമാനം വൃക്കരോഗങ്ങള്‍ക്കും തടയിടാനാകും. മറ്റു വൃക്കരോഗങ്ങള്‍ക്കും വളരെ ഫലപ്രദമായ ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. വൃക്കരോഗങ്ങള്‍ കണ്ടെത്താന്‍ താമസിച്ചാലോ ശരിയായ ചികിത്സ നല്‍കിയില്ലെങ്കിലോ അത് ശാശ്വതമായ വൃക്കപരാജയത്തിലേയ്ക്ക് നയിക്കാം.

ഇങ്ങനെ വൃക്കകള്‍ തകരാറിലായാല്‍ ജീവിതം നിലനിര്‍ത്തിക്കൊണ്ടു പോകാനായി രക്തശുചീകരണം അല്ലെങ്കില്‍ ഡയാലിസിസ് ചെയ്യേണ്ടിവന്നേക്കാം. വൃക്ക മാറ്റിവയ്ക്കല്‍ നടത്തുന്നതിലൂടെ രോഗികള്‍ക്ക് നിരന്തരമായ ഡയാ ലിസിസില്‍ നിന്നും മോചനം ലഭിക്കുകയും കൂടുതല്‍ അര്‍ത്ഥവത്തായ ജീവിതം നയിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. വൃക്കകള്‍ ജീവിച്ചിരിക്കുന്ന ആളുകളില്‍ നിന്നും മരിച്ച വ്യക്തികളില്‍ നിന്നും സ്വീകരിക്കാനുള്ള നടപടികള്‍ ഇന്ത്യയില്‍ ലഭ്യമാണ്.

വൃക്കരോഗനിര്‍ണ്ണയത്തിലും ചികിത്സകളിലും രോഗിയുടെയും ബന്ധുക്കളുടെയും

പ്രാതിമുഖ്യം ഉറപ്പുവരുത്തുക എന്നത് അത്യന്താപേക്ഷിതമാണ്. രോഗത്തെക്കുറിച്ചും, ചികി

ത്സാരീതികളെക്കുറിച്ചും ആവശ്യമായ അറിവ് രോഗികള്‍ക്കു പകര്‍ന്നു നല്‍കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനം.

രോഗികളും അവരുടെ ബന്ധുക്കളും ഡോക്ടറും തമ്മിലുള്ള തുടര്‍ച്ചയായതും, സുതാര്യവുമായ ആശയവിനിമയത്തിലൂടെ മാത്രമേ ഇതു സാധിക്കുകയുള്ളൂ. ഡോക്ടര്‍മാര്‍ മാത്രമല്ലാതെ ഹോസ്പിറ്റലുകളില്‍ ലഭ്യമായ ഡയറ്റീഷ്യന്‍, നേഴ്സ്, കൗണ്‍സിലര്‍ മുതലായവരുടെ സഹായവും ഇതിന് വളരെ ആവശ്യമാണ്. രോഗികളെ മുഴുവന്‍ ഒരു വ്യക്തിയായി കണ്ട് അവരുടെ രോഗലക്ഷണങ്ങള്‍ക്കും, ജീവിതശൈലികള്‍ക്കും, ജീവിതലക്ഷ്യങ്ങള്‍ക്കും പ്രാതിനിധ്യം കൊടുക്കുന്നതിലൂടെ വൃക്കരോഗ ചികിത്സ കൂടുതല്‍ അര്‍ത്ഥവത്താക്കുക എന്നതാണ്

ഈ ലോകവൃക്കദിനം നമുക്കു നല്‍കുന്ന സന്ദേശം.

കൂടുതല്‍ ആരോഗ്യപരമായ ജീവിതശൈലികളില്‍ ഏര്‍പ്പെട്ടുകൊണ്ടും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വൈദ്യസഹായം തേടിയും നമ്മുടെ വൃക്കയെ പരിപാലിക്കുന്ന കാര്യത്തില്‍ നമുക്കും കൂടുതല്‍ ശ്രദ്ധാലുക്കളാകാം.

-ഡോ. സോനു മാനുവല്‍ എംഡി ഡിഎം (നെഫ്രോ)

നെഫ്രോളജിസ്റ്റ്, സെന്‍റ് മേരീസ് ഹോസ്പിറ്റല്‍, തൊടുപുഴ.

 

health news
Advertisment