കളിച്ചു തോറ്റാലും ഇത്ര നാണക്കേടില്ലെന്ന് ഇംഗ്ലണ്ട്

New Update

മഴയുടെ രൂപത്തില്‍ നിര്‍ഭാഗ്യം വേട്ടയാടിയപ്പോള്‍ പൊലിഞ്ഞത് ഇംഗ്ലീഷ് പെണ്‍ പടയുടെ ട്വന്റി 20 ലോകകപ്പ് മോഹം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു പന്തുപോലും എറിയാതെയാണ് ഇന്ത്യ - ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഗ്രൂപ്പ് 'എ' യില്‍ നാലു മത്സരവും ജയിച്ച ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ എത്തി.

Advertisment

publive-image

ഇന്ത്യയുമായി കളിച്ചു തോറ്റിരുന്നെങ്കില്‍ ഇത്രയും പ്രയാസമുണ്ടാകില്ലെന്നാണ് ഇംഗ്ലണ്ട് ആരാധകര്‍ പറയുന്നത്. മഴ കളി തടസപ്പെടുത്താന്‍ സാധ്യയുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ ബുധനാഴ്ച്ച തന്നെ അറിയിച്ചിരുന്നു. എന്നാല്‍, സെമി മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനം വേണമെന്ന ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐ.സി.സി നിരാകരിച്ചു.

പ്രവചിച്ചതുപോലെ ആദ്യ സെമി മഴയില്‍ ഒലിച്ചുപോയി. ഇംഗ്ലണ്ടിനെ നോക്കുകുത്തിയാക്കി ടീം ഇന്ത്യ ഫൈനലിലേക്ക് യോഗ്യതയും നേടി. ഐ.സി.സിയുടെ തീരുമാനത്തിനെതിരെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. മഴയുടെ മുന്നറിയിപ്പ് ലഭിച്ചിട്ടും റിസര്‍വ് ദിനം അനുവദിക്കാതിരുന്ന ഐസിസിയോടാണ് രോഷം മുഴുവന്‍. ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് ഇക്കാര്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

എന്തുകൊണ്ട് റിസര്‍വ് ദിനം അനുവദിച്ചില്ല? ഐ.സി.സിയോടുള്ള ബ്രോഡിന്റെ ചോദ്യമിതാണ്. സംഭവത്തില്‍ ഐ.സി.സിക്ക് വകതിരിവു കുറഞ്ഞുപോയെന്നും ബ്രോഡ് കുറ്റപ്പെടുത്തുന്നു. സെമി ഫൈനല്‍ മത്സരം മഴ തടസപ്പെടുത്തിയാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ജയം കുറിച്ച ടീം ഫൈനലിന് യോഗ്യത നേടുമെന്നായിരുന്നു ഐ.സി.സി മുന്നോട്ടുവെച്ച നിയമം. നിര്‍ഭാഗ്യവശാല്‍ മഴ പെയ്തു. മൂന്നു മത്സരങ്ങള്‍ ജയിച്ച ഇംഗ്ലണ്ടിനെ കാഴ്ച്ചക്കാരാക്കി ഇന്ത്യ ഫൈനലിലും കടന്നു.

world cup england cricket women t20
Advertisment