27
Saturday November 2021

ആനയും മനുഷ്യനും: എന്നും സംഘർഷഭൂവിൽ

ഗവാസ് കാഞ്ഞിരംനിൽക്കുന്നതിൽ, ബോസ് പ്രതാപ്
Thursday, December 21, 2017

ആന, അത് കാട്ടിലെയായാലും നാട്ടിലെയായാലും മനുഷ്യരെ ആക്രമിക്കുമ്പോൾ വലിയ വാർത്തയാകാറുണ്ട്. മാധ്യമങ്ങൾ അറിഞ്ഞോ അറിയാതെയോ പൊടിപ്പും തൊങ്ങലും വച്ച് വലിയ തലക്കെട്ടുകൾക്ക് കീഴിൽ ഇത്തരം സംഭവങ്ങളെ വികാരവൽക്കരിക്കുമ്പോൾ ചപല മനസ്സുകളിലെങ്കിലും ആന ഒരു ദുഷ്ടകഥാപാത്രമായി മാറുന്നു – വെറുക്കപ്പെടേണ്ട, ഹനിക്കപ്പെടേണ്ട ഒരു അധമകഥാപാത്രമായി.

കെട്ടുകഥകളിൽ ജീവിച്ച് മതിയാവാത്ത വലിയ ഒരു വിഭാഗം ജനം ഈവിധം പ്രചാരണങ്ങൾക്ക് അടിപ്പെടുവാൻ സാധ്യത ഏറെയാണ്‌ എന്ന് മനസ്സിലാക്കുന്ന വിരുതന്മാരായ ചില അപഹരണബുദ്ധികൾ ചരിത്രത്തിലുടനീളം ഇവരുടെ ഈ ദൗർബല്യം മുതലെടുത്ത്‌ ഈ ഗംഭീരമൃഗങ്ങളെ ഇല്ലായ്മ ചെയ്ത് സ്വന്തം നീചമായ താൽപര്യങ്ങൾ നടത്തിപ്പോന്നതായ്‌ അറിയുന്നത് പ്രതിഫലിപ്പിക്കുന്നത് ചരിത്രപരമായ ഒരു വലിയ ദുരന്തത്തെ തന്നെയാണ്. അവരുടെ കഥകളിൽ നല്ല ആനകൾ മനുഷ്യൻറെ ആജ്ഞകൾ വിധേയത്വത്തോടെ അനുസരിയ്ക്കുന്നവയും ദുഷ്ടമൃഗങ്ങൾ പ്രതികരിയ്ക്കുന്നവയും പ്രതിഷേധിക്കുന്നവയും.

ഒരുകാലത്ത് രാജകീയ വിനോദോൽസവങ്ങളിൽ ആനകൾ തമ്മിലുള്ള രക്തരൂഷിതമായ പോരാട്ടങ്ങൾ (പാർശ്വങ്ങളിൽ കുന്തങ്ങൾ കൊണ്ട് കുത്തി മുറിവേൽപിച്ച് കൊമ്പനാനകളെ ഭ്രാന്തരാക്കിക്കൊണ്ട്) മുഖ്യ പരിപാടിയാക്കിയിരുന്ന ബ്രിട്ടീഷ് ഇന്ത്യയിലെ ബറോഡ രാജാക്കന്മാരും ആയിരക്കണക്കിന് അതിഥികൾക്ക് ദർശിക്കുവാൻ തക്കവണ്ണം രണ്ടാനകളുടെ പരസ്യമായ ഇണചേരൽ ഒരുക്കിയ പൂർവേന്ത്യയിലെ ധെൻകനൽ രാജാവും മുതൽ അതിശയോക്തി തുളുമ്പുന്ന കഥകൾ പ്രചരിപ്പിച്ച് അത് മറയാക്കി ആനകളെ (മറ്റു മൃഗങ്ങളെയും) കശാപ്പ് ചെയ്ത ബ്രിട്ടീഷ് ഇന്ത്യൻ വേട്ടക്കാരൻ കെന്നത്ത് ആൻറെഴ്സണും കൊമ്പുകൾക്കായി അവറ്റയെ കൊന്നൊടുക്കിയ വീരപ്പനും, ഇന്ന് നയനസുഖം മാത്രം അർത്ഥമാക്കി ഈ ജീവികളെ മൈലുകളോളം ഒരേ നിൽപ്പിൽ ശകടങ്ങളിൽ ദുരിതയാത്രകൾക്ക് പാത്രമാക്കുന്ന ആനപ്രേമികൾ വരെയും ചെയ്തതും ചെയ്തുപോരുന്നതും ഒന്ന് മാത്രമാണ് – ഒരു ജീവിയുടെ, അതിന്റേതായ ലോകത്ത് സ്വാതന്ത്ര്യത്തിൽ വാഴുവാനുള്ള അവകാശത്തിൻറെ ധ്വംസനം.

അടുത്ത കാലം വരെ ഭാരതത്തിൽ ആനപിടുത്തം നിയമവിധേയമായിരുന്നു. സമതലങ്ങളിൽ തീറ്റയും ജലവും സുലഭമാകുന്ന ഡിസംബർ മുതൽ മെയ് വരെയുള്ള കാലപരിധിയിൽ ആനകൾ കൂട്ടമായി ആമോദിക്കുന്ന കാലമായതിനാൽ ഈ സമയങ്ങളിൽ ആനകൾ പതിവായി സഞ്ചരിക്കാറുള്ള താരകളിൽ കാലേക്കൂട്ടി നിർമ്മിക്കുന്ന വാരിക്കുഴികളിൽ വീഴ്ത്തിയാണ് പ്രധാനമായും ആനയെ കുടുക്കാറുണ്ടായിരുന്നത്.

ഒരു തവണ ഒരു മൃഗത്തെ മാത്രമേ കുടുക്കാൻ കഴിയൂ എന്ന ഈ സമ്പ്രദായത്തിന്റെ ന്യൂനതയെ ഗണിച്ചാണ് ഒരു കൂട്ടത്തിലെ ഒന്നിലേറെ ആനകളെ ഒരുമിച്ച് പടക്കം പൊട്ടിച്ച് പരിഭ്രാന്തരാക്കി ഓടിച്ച് മുൻകൂട്ടി തയ്യാറാക്കിയ ഒരു വലിയ ശക്തമായ വേലിക്കെട്ടിൽ (കൊപ്പം) കയറ്റി കുടുക്കുന്ന രീതിയായ ഖെദ്ദ അവലംബിക്കപ്പെട്ടത്. കേരളത്തിൽ കോന്നി വനാന്തരങ്ങളിൽ ഈ സമ്പ്രദായം പിന്തുടർന്ന് പോന്നതായി കേട്ടറിവുണ്ട്‌.

മാർഗ്ഗമേതായാലും ബന്ധുസ്നേഹത്തിൽ മനുഷ്യനോളം തന്നെ എത്തുന്ന ഈ മൃഗത്തെ അതിൻറെ കൂട്ടത്തിൽ നിന്നും ഒറ്റപ്പെടുത്തി പരിചയം തീരെയില്ലാത്ത സാഹചര്യങ്ങളോട് ബലാൽക്കാരമായി ചേർക്കുമ്പോൾ അവിടെ ധർമ്മം തന്നെയാണ് ബലികൊടുക്കപ്പെടുന്നത്.

ഈ സാധു ജീവിയുടെ സ്വാതന്ത്ര്യത്തിൻമേലുള്ള മനുഷ്യന്റെ കടന്നുകയറ്റം ഇവിടെ തീരുന്നില്ല. അടുത്തതായി രംഗപ്രവേശനം ചെയ്യുന്നത് എന്തിനും പോരുന്ന താപ്പാനകളും വിധ്വംസനായുധങ്ങളുമാണ്. കാട്ടാനകളെ മെരുക്കുന്നതിൽ മനുഷ്യനെ സഹായിക്കുവാനും അവയെ വരുതിയിൽ നിർത്തുവാനും പ്രത്യേക പരിശീലനം സിദ്ധിച്ച കരുത്തരായ ആനകളാണ് താപ്പാനകൾ.

വാരിക്കുഴിയിൽ നിന്ന് ബന്ദിയാനയെ കരയ്ക്ക് കയറ്റി നടത്തിക്കൊണ്ട് പോകുവാനും കൂട്ടിലടയ്ക്കുവാനും തീറ്റ ശേഖരിച്ച് കൊണ്ടുവരുവാനും ആദ്യഘട്ട പരിശീലനങ്ങൾക്ക് ശേഷം കുളിപ്പിക്കുവാനായി പുഴയിൽ കൊണ്ടുപോകുവാനും ഒക്കെ താപ്പാനകളുടെ സഹായം ആവശ്യമായി വന്നിരുന്നു.

കോന്നി ആനക്യാമ്പിൽ പരിപാലിച്ചിരുന്ന കൊച്ചയ്യപ്പൻ എന്ന താപ്പാന, ഒരിക്കൽ കുഴിയിൽ വീണ ഒരു കാട്ടാനയെ മെരുക്കുവാൻ കഴിയാതെ വന്നപ്പോൾ അതിനെ ബന്ധിച്ച വടം ചവിട്ടിപ്പിടിച്ച് കാട്ടാനയുടെ കൊമ്പ് നിലത്തുകുത്തിച്ച് വയറിൻറെ പാർശ്വഭാഗത്ത് കൊടുത്ത ആഞ്ഞൊരു കുത്തിലൂടെ അതിൻറെ കഥ കഴിച്ച സംഭവം ഇന്നും ഈ പ്രദേശത്തെ മുത്തശ്ശിക്കഥകളിൽ ഒന്നാണ്.

 

ഒരു നൂറു താപ്പാനകളുടെ ഫലം ഒരു ആനത്തോട്ടി തരുമെന്നത്രെ ഗജശാസ്ത്രം. ഒരു വിധം ആനകളെല്ലാം തോട്ടി, ചൂണ്ട, വടി എന്നീ ആയുധങ്ങൾ കണ്ടാൽ തന്നെ നടുങ്ങി വിറയ്ക്കും, ഒരിക്കലെങ്കിലും അവയുടെ രുചി അനുഭവിച്ചിട്ടുണ്ടെങ്കിൽ. തോട്ടിപ്രയോഗം ആണ് കൂട്ടത്തിൽ ഏറ്റവും ഭയങ്കരം. ഗജശാസ്ത്രം പറയുന്നത് ആനയുടെ ശരീരത്തിലെ മർമ്മപ്രധാനമായ ആറ് ഭാഗങ്ങളിലാണ് തോട്ടിപ്രയോഗിക്കുക എന്നതാണ്.

മസ്തകമധ്യം, രണ്ടു വിതാനങ്ങൾ, കഴുത്ത്, നെറ്റിത്തടം, മസ്തക എടുപ്പ്, കടക്കണ്ണ്‍ എന്നീ മർമ്മങ്ങളിൽ തോട്ടി ഒന്ന് ഉരുമ്മിയാൽ പോലും ആന ചൊൽപ്പടിക്ക്‌ വരുമെന്നാണ് ശാസ്ത്രം. തോട്ടിയുടെ പ്രയോഗം ആറ് വിധത്തിൽ ഉള്ളതായി ഇവിടെ സൂചിപ്പിച്ചിരിക്കുന്നു.

വെറും സ്പർശം, അമർത്തിയുള്ള സ്പർശം, തുളച്ചിറക്കൽ, ചുഴറ്റിയമർത്തൽ, ചുഴറ്റിവലിക്കൽ, ചുഴറ്റി ആട്ടിപ്പിടിക്കൽ എന്നിങ്ങനെ പോകുന്നു അവ. ഒരു സ്പർശത്തിൽ മാത്രം ഒരിഞ്ചോളം തൊലിക്കുള്ളിലേക്ക് ആണ്ടിറങ്ങുന്ന കൂർത്ത തോട്ടിമുന മറ്റൊരു തരത്തിൽ പ്രയോഗിക്കുമ്പോൾ സംഭവിക്കുന്നത് ഊഹിക്കാവുന്നതേയുള്ളൂ.

അത്യാവശ്യ അവസരങ്ങളിൽ മാത്രമാണ് തോട്ടി പ്രയോഗിക്കുന്നതെങ്കിൽ, സർവ്വസാധാരണയായി ആനയെ നിയന്ത്രിക്കുവാൻ ഉപയോഗിക്കുന്നത് വടിയും, കുന്തവുമാണ്. ആനയുടെ ശരീരത്തിന്റെ ഇരുവശങ്ങൾ, രണ്ടു മസ്തകമുഖപ്പുകൾ, വാൽചുവട് എന്നിങ്ങനെ അഞ്ച് പ്രദേശങ്ങളിലാണ് വടിപ്രയോഗം നടത്തുക.

കുത്താനും ഇടിക്കാനുമാണ് കുന്തം ഉപയോഗിക്കുന്നത്. ചൂർ എന്നാണ് കുന്തമുനയെ വിളിക്കുന്നത്. കത്തി എന്നറിയപ്പെടുന്ന കുന്തത്തിന്റെ കടഭാഗം ഇരുമ്പ് ദണ്‍ഡുകളാൽ യോജിപ്പിക്കപ്പെട്ട് ഇടിക്കുവാൻ പാകത്തിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആറ് സെന്റിമീറ്ററോളം നീളമുള്ള മൂർച്ചയേറിയ ഒരു മുള്ളാണ് കുത്തുവാൻ ഉപയോഗിക്കുന്ന ചൂരിൽ പിടിപ്പിച്ചിരിക്കുന്നത്.

കത്തി കൊണ്ടുള്ള ഇടി ആനയുടെ കാലിൻറെ മുട്ടിന് കീഴെയായും കൊമ്പിനും പീലിയ്ക്കും ആണ് ഏൽപ്പിക്കാറെങ്കിൽ ചൂർ കൊണ്ട് കുത്തുന്നത് കാലിൻറെ ചുവടുഭാഗത്താണ്, പലപ്പോഴും ചെറിയ ഒരു പൊട്ടൽ ഉണ്ടാക്കിക്കൊണ്ട്. കുന്തത്തിന്റെ കത്തി ഭാഗം കൊണ്ടുള്ള ഇടി സ്ഥാനം മാറി കൊണ്ട് പലപ്പോഴും ആനയ്ക്ക് ക്ഷതമുണ്ടാവാറുമുണ്ട്.

മദ്യം പോലെയുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് സ്വബോധം നഷ്ടം വന്ന പോലെ പെരുമാറുന്ന പാപ്പാന്മാരുടെ വിവേകരഹിതമായ സമീപനമാണ് മിക്കപ്പോഴും ആനയുടെ വിരളിച്ചയിൽ കൊണ്ടെത്തിക്കുന്നതും തദ്ഫലമായി അവ നിരപരാധികളായ വഴിപോക്കരുടെയും കാണികളുടെയും ഒക്കെ ജീവനും ആരോഗ്യത്തിനും ഭീഷണിയായി തീരുന്നതെന്നും കടന്നു പോയ സമാനമായ അനേകം സംഭവങ്ങളിലൂടെ മനസ്സിലാക്കാം.

അല്ലെങ്കിൽ തന്നെ കാട്ടിൽ സ്വച്ഛന്ദം വിഹരിക്കേണ്ട ഈ ഗംഭീര മൃഗത്തിന് എന്താണ് നാട്ടിൽ കാര്യം? സ്വതവേ മനുഷ്യനെ അങ്ങേയറ്റം ഭയത്തോടെ കാണുന്ന കാട്ടാനയെ കുടുക്കി കൂട്ടിലാക്കിയ സമയം മുതൽ അത് തികഞ്ഞ അസ്വസ്ഥത കാട്ടി തുടങ്ങും. ബന്ദിയാനയുടെ അസ്വസ്ഥത ഉച്ചസ്ഥായിയിൽ എത്തുന്നത് കൂടിന് ചുറ്റും കാഴ്ചക്കാർ ഏറുമ്പോഴാണ് എന്നതിൽ നിന്ന് തന്നെ മനസ്സിലാക്കാം ആ മൃഗം മനുഷ്യനിൽ നിന്ന് എത്രകണ്ട് അകന്നു നില്ക്കുവാൻ താല്പര്യപ്പെടുന്നു എന്നത്.

ഇന്ന് ഉത്സവപ്പറമ്പുകളിലും മറ്റ് ആർഭാടപ്രകടനങ്ങൾക്കിടയിലും പെട്ട് ആന വിരളുന്നത് പ്രധാനമായും പരിചയമില്ലാത്ത സ്ഥലത്ത് പരിചയമില്ലാത്ത മനുഷ്യരെ അടുത്ത് കാണുമ്പോഴാണ്.

ആ ജീവി ഈവിധം ഹിംസിക്കപ്പെടുന്നത് കണ്ടു നിൽക്കുന്നതിൽ ഒരു പ്രത്യേക തരം രസം കണ്ടെത്തുന്ന അവിവേകികളും അധർമ്മികളുമായ മനുഷ്യരോ അരോചകമായ കൂക്കുവിളികളും കാഹളങ്ങളും മുഴക്കി അവിടെ നിന്നും മാറാതെ തുടർന്ന് ആ മൃഗത്തെ കൂടുതൽ പരവശനാക്കുന്നു. അപ്രതീക്ഷിതമായി ഒരാക്രമണമുണ്ടാവുന്നത് പലപ്പോഴും ഗതികെടുമ്പോൾ മാത്രമാണെന്ന് കൂടി ഓർക്കുക.

വനത്തിലാണെങ്കിൽ കൂടി മനുഷ്യൻ ഈ ജിവിക്ക് പരമാവധി പീഡനങ്ങൾ എൽപ്പിക്കുവാനാണ് എന്നും ശ്രമിച്ചിട്ടുള്ളത് എന്നതും എടുത്തുപറയേണ്ട വസ്തുതയാണ്. വനം ആനയുടെ വിഹാരരംഗമാണ് അവിടെ അതിൻറെ സ്വൈര്യത കെടുത്തുവാൻ മനുഷ്യനല്ലാതെ മറ്റൊരു ജീവി ഇല്ലെന്നു തന്നെ പറയാം.

കൂട്ടം കൂടി ബന്ധുക്കളോടൊപ്പം ആമോദിച്ച് നടക്കുന്ന ബന്ധുസ്നേഹം ഏറെയുള്ള മൃഗങ്ങളെ അവറ്റകളുടെ ബന്ധുജീവികളിൽ നിന്നും വേർപിരിച്ച് സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുവാൻ തരം പാർത്ത് കഴിയുന്ന മനുഷ്യൻ വനപുത്രർക്കായി ഒരുക്കുന്ന മറ്റൊരു തരം ഘോരതയാണ് ആനകളുടെ ( മറ്റ് അനേകം മൃഗങ്ങളുടെയും കൂടി) നിലനിൽപ്പിന് അത്യന്താവശ്യമായ അടിക്കാടുകൾ ഇല്ലാതാക്കുന്നത്.

വനത്തിലെ സസ്യബുക്കുകളുടെ ഇഷ്ടഭോജ്യങ്ങളായ മുള, ഈറ്റ, ചണ്ണ, കാട്ടിഞ്ചി, കാട്ടുമഞ്ഞൾ എന്നീ സസ്യവിഭവങ്ങൾ ധാരാളം വളരുന്ന അടിക്കാടുകൾ മനുഷ്യൻ ഇല്ലാതാക്കുന്നത് മുഖ്യമായും വനം കയ്യേറ്റം ലക്ഷ്യമാക്കിയാണ്. വീട്ടുസാമഗ്രികൾ മുതൽ കടലാസ് വരെ നിർമ്മിക്കുവാൻ മനുഷ്യൻ ആശ്രയിക്കുന്ന ഈറ്റയിൽ പക്ഷെ ആനകൾ കാണുന്നത് രോഗപ്രതിരോധ ഔഷധത്തിന് പുറമെ തങ്ങളുടെ വിശപ്പുമകറ്റുവാനുള്ള പ്രധാന ഭക്ഷണപദാർത്ഥം മാത്രമാണ്.

സ്വാഭാവിക കാട്ടുതീ ആനകളുൾപ്പെടെ ഒട്ടുമിക്ക വനജീവികൾക്കും വൻവിപത്താണ് സൃഷ്ടിക്കുന്നതെങ്കിൽ. വനം ആളി കത്തുന്നത് പൊതുമുതൽ കട്ടുമുടിക്കുവാനായി തങ്ങൾക്ക് ലഭിക്കുന്ന സുവർണ്ണാവാസരം സൃഷ്ടിച്ചു കൊണ്ടാണ് എന്ന അറിവ് ഭരിക്കുന്ന അനേകം വൻകിട-ചെറുകിട കർഷക മുതലാളിമാരുടെ ദുഷ്ചിന്തകളുടെ ദൃഷ്ടാന്തമാണ് കൌണ്ടർ ഫയർ, അഥവാ വനപാർശ്വങ്ങളിലെ ചില കൃഷിയിട മുതലാളിമാർ തങ്ങളുടെ അതിർത്തികൾ അന്യായമായി വിപുലീകരിക്കുവാനായി രഹസ്യമായി കൂട്ടുന്ന എതിർ തീ. ഈ അഗ്നിയാണ് ഉൾവനങ്ങളേക്കാൾ ഏറെ അടിക്കാടുകൾക്ക് ദോഷമായി തീരുന്നത്.

കൌണ്ടർ ഫയർ കൊണ്ട് അതിൻറെ വക്താക്കൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ നിരവധിയാണ്; സ്വാഭാവികമായി രൂപം കൊള്ളുന്ന കാട്ടുതീ തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് കയറാതെയിരിക്കുവാൻ സഹായകമാകുന്ന ഒരു ഫയർ ലൈൻ ഉണ്ടാവുന്നതാണ് പ്രധാനമെങ്കിൽ ആ തീയിൽ നശിക്കുന്ന വനപ്രദേശത്തേക്ക് കൂടി തങ്ങളുടെ കൃഷിയിടം വിപുലീകരിക്കാമെന്നതും, വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് വനത്തിന്റെ അതിരുകൾ നിശ്ചയിക്കുവാൻ സഹായകമാവുന്ന അടയാളങ്ങൾ (ചില മരങ്ങൾ) ഈ കോലാഹലത്തിനിടയിൽ ഇല്ലാതായാൽ പിന്നെ വനം കയ്യേറ്റം നിർവിഘ്നം നടത്താമെന്നതും മുതൽ, ഈ അവിശുദ്ധാഗ്നിയിൽ ചത്തു വീശുന്ന ജീവികളെ ഭക്ഷണമാക്കാമെന്നത് വരെയുള്ള ആനുകൂല്യങ്ങൾ ഇതിൽ പെടും.

ഈവിധം ആവാസവ്യവസ്ഥ നഷ്ടമാകുമ്പോഴാണ് കൂടുതലും ആനകൾ കാടിറങ്ങി തൊട്ടടുത്ത പ്രദേശങ്ങളിലുള്ള കൃഷിയിടങ്ങൾ തേടുന്നത്. അതും മനുഷ്യർ അവരുടെ ഭക്ഷണാവശ്യത്തിനായി നട്ടുനനച്ചുണ്ടാക്കുന്ന വിഭവങ്ങളാണ് അവ എന്ന അറിവോടെയല്ല. മറിച്ച് കാട്ടിലെ വയലുകളിൽ (ചതുപ്പുകളിൽ) മേയുന്ന സ്മരണയിൽ തന്നെയാണ് അവ ഇവിടങ്ങളിലും മേയുന്നത്. ഇത് തുടർച്ചയാകുമ്പോൾ അവിടെ മനുഷ്യനും ആനയും തമ്മിലുള്ള സംഘർഷം ആരംഭിക്കുന്നു.

ഏതാണ്ട് ആറേഴ് സഹസ്രാബ്ദങ്ങൾ മുൻപ് വരെ ഭാരതത്തിൽ അനുസ്യൂതമായി കിടന്ന വനമേഖലകളിൽ ഏറിയ പങ്കും മനുഷ്യാധിനിവേശം മൂലം തുണ്ടുകളായി മാറിയത് ഇന്ന് വളരെ ചുരുങ്ങിയ ഏതാനും ആനത്താവളങ്ങളായി രൂപാന്തരം പ്രാപിച്ചു.

നിലവിലെ സാഹചര്യങ്ങളിൽ ഭാരതത്തിലെ പ്രധാന ആനത്താവളങ്ങൾ വടക്ക് ഡേരാഡൂണ്‍, ബിജ്നോർ, നൈനിറ്റാൾ എന്നിവിടങ്ങളിലെ വനങ്ങൾ ഉൾപ്പെട്ട മേഖല, തെക്ക് കർണാടകം, കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ ഭാഗമായ പശ്ചിമഘട്ട വനമേഖല, പടിഞ്ഞാറ് വടക്കൻ ബംഗാൾ, അസം, മറ്റ് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയിൽ പെടുന്ന പരസ്പരം ബന്ധമറ്റ് കിടക്കുന്ന കാടിൻറെ തുണ്ടുകൾ, പിന്നെ രാജ്യത്തിൻറെ മധ്യ ഭാഗത്ത് ബീഹാർ, ഒറീസ, ബംഗാളിൻറെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിലായി പരന്ന് കിടക്കുന്ന ഖണ്ഡിത വനമേഖല എന്നിവയാണ്.

മനുഷ്യൻറെ അധിനിവേശവഴികളിൽ ആനയുമായുള്ള സംഘർഷങ്ങൾ ചരിത്രത്തിലുടനീളം ഉണ്ടായിപ്പോന്നതിന് തെളിവുകളുണ്ട്. ഇന്ന് ഈ സംഘർഷങ്ങളിൽ ഏറിയ പങ്കും നടക്കുന്നത് വടക്കൻ മധ്യമേഖലകളിലെ വനാതിർത്തികളിൽ ആണ് എന്ന് നിസ്സംശയം പറയാം. ദക്ഷിണ-പൂർവ്വ മേഖലകളിലെ കാടുകളുടെ അതിരുകൾ പൂർണ്ണമായും സംഘർഷവിമുക്തമാണെന്ന് പറയവയ്യെങ്കിലും താരതമ്യേന ഇവിടങ്ങളിലെ ഏറ്റുമുട്ടലുകളുടെ തോതും രൂക്ഷതയും കുറഞ്ഞാണ് കണ്ടുവരുന്നത്.

ഇതിൻറെ പിന്നിലെ വലിയ കാരണം ഈ പ്രദേശങ്ങളിലെ വനനിബിഡതയും ഇതുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന ഭക്ഷണസമൃദ്ധിയും ആണെന്ന് വിദഗ്ധാഭിപ്രായം. കേരളത്തിൽ മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിൽ നടക്കുന്ന സംഘർഷങ്ങളിൽ ഏറിയ പങ്കും വയനാട്, പേപ്പാറ വനാതിർത്തികളിലാണ് എന്ന് രേഖകൾ പറയുന്നു. ഇതിന് ഹേതുവായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്ന മുഖ്യ കാരണം ഈ ഭാഗങ്ങളിലെ വനം കയ്യേറലിന്റെ തീവ്രതയാണ്.

ഒരു കാലത്ത് കേരളത്തിലെ ഏറ്റവും വലിയ വനഖണ്‍ഡമായി അറിയപ്പെട്ടിരുന്ന വയനാട് വനപ്രദേശം ഇന്ന് മനുഷ്യൻറെ ഔചിത്യമില്ലാത്ത അനേകം അധിനിവേശയത്നങ്ങളുടെ ഫലമായി പൊട്ടിമുളച്ച വനാന്തർഗ്രാമങ്ങളാൽ ചിന്നഭിന്നമാക്കപ്പെട്ട ഒരു വലിയ പരിസ്ഥിതിലോല മേഖലയാണ്.

വയനാടൻ കാടുകൾ ഇന്ന് കുപ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നത് ആദിവാസി സമരങ്ങളുടെയും കാട്ടുതീയുടെയും പേരിലാണ്, തൊട്ടുകിടക്കുന്ന അടുത്ത സംസ്ഥാനങ്ങളിലെ ബന്ദിപ്പൂർ, കബനി, നാഗർഹോളെ (കർണാടകം), മുതുമല (തമിഴ്നാടിന്റെ നീലഗിരി ബയോസ്ഫിയർ) വനപ്രദേശങ്ങൾ ഉത്തമ വനപാലനത്തിന്റെ പേരിൽ പ്രസിദ്ധിയാർജ്ജിച്ച് കൊണ്ടിരിക്കുമ്പോൾ.

തിരുവുനനതപുരം ജില്ലയിലെ പേപ്പാറ വനപ്രദേശത്തിൻറെ പ്രത്യേകത ഇവിടെ വയനാട്, പറമ്പിക്കുളം, ചിന്നാർ, പെരിയാർ കടുവാ സങ്കേതം വനങ്ങളെ അപേക്ഷിച്ച് താപനില ഏറുമെന്നതാണ്.

പ്രത്യേകിച്ച് വേനൽക്കാലങ്ങളിൽ ഉയരങ്ങളിൽ വരൾച്ച ബാധിക്കുന്നതോടെ മൃഗങ്ങൾ ജലവും ഭക്ഷണവും തേടി സമതലങ്ങളിൽ വരുമ്പോൾ വലിയ ചൂടുള്ള അന്തരീക്ഷമാവും അവയെ അവിടെ സ്വാഗതം ചെയ്യുക. ഈ ഉയർന്ന താപനിലയാണ് ആനകളുടെ മനോസന്തുലിതാവസ്ഥ തകർക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നത് എന്നാണ് വിദഗ്ധപക്ഷം.

ഇതിന് പുറമെ തങ്ങളുടെ ആവാസവ്യവസ്ഥയുടെ മർമ്മം തന്നെയായ അടിക്കാടുകൾ ഇവിടെയും മനുഷ്യനാൽ ഹനിക്കപ്പെട്ടതുകൊണ്ട് സ്വാഭാവികമായും കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടാനകൾക്കെതിരെ പ്രതികരിക്കുന്ന മനുഷ്യർ അനേകം പോർമുഖങ്ങൾ തുറക്കുന്നു. ഈ വിധം ആനയും മനുഷ്യനും പലയിടങ്ങളിലായി ഏറ്റുമുട്ടുമ്പോൾ എന്താണ് വാസ്തവത്തിൽ സംഭവിക്കാറെന്നത് പുറം ലോകം അറിയുന്നത് മനുഷ്യരുടെ നാവിൽ നിന്നുമാണ്; ഒരുപക്ഷെ പൊടിപ്പും തൊങ്ങലും അതിശയോക്തിയും കലർത്തിയ പേടിപ്പെടുത്തുന്ന ആനകഥകളുടെ രൂപത്തിൽ.

ഇവിടെയാണ്‌ പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യ വർഷങ്ങളിൽ കൊലകൊല്ലി എന്ന പേരിൽ നാട്ടുകാരെയും മാധ്യമങ്ങളെയും വിറപ്പിച്ച ആന വാണതും വീണതും. മാധ്യമങ്ങൾ സൃഷ്ടിച്ച ഘോര പ്രതിച്ഛായയുമായി നാട്ടുകാരെ കൊലചെയ്യുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആ മത്തഗജം ആദ്യമായി ഒരു മനുഷ്യജീവൻ എടുക്കുന്നതിന് മുൻപ് വരെ നാട്ടിൽ മറ്റൊരു പേരിലായിരുന്നു പരിചിതനായിരുന്നത് – ‘ചക്കമാടൻ’.

ചക്ക പഴുക്കുന്ന കാലങ്ങളിൽ മാത്രം കാടിറങ്ങി കൃഷിയിടങ്ങളിൽ വന്നുകൊണ്ടിരുന്ന, ചക്കയുടെ ഗന്ധവും സ്വാദും ഏറെ ഇഷ്ടപ്പെട്ടിരുന്ന ചക്കയുടെ ഗന്ധമുള്ള ചക്കമാടൻ ഒരു രാത്രി വെളുത്തപ്പോൾ എങ്ങിനെ നാട്ടുകാരുടെ പേടിസ്വപ്നമായ കൊലകൊല്ലിയായി എന്നത് തീർച്ചയായും ഒരു വിദഗ്ധ അന്വേഷണം അർഹിക്കുന്ന കാര്യമാണ്.

വികസിത രാജ്യങ്ങളിൽ നടക്കാറുള്ളത് പോലെ കുറ്റവാളി സൃഷ്ടിക്കപ്പെടും മുൻപ് അവനെ വഴിമാറ്റി വിടുവാനുള്ള ശ്രമങ്ങളോ പഠനങ്ങളോ നടത്തുന്നത് ഇവിടെ നൂറുകോടിയിൽ ഏറെ മനുഷ്യരിൽ പ്രായോഗികമല്ലെങ്കിലും വലിയ ജോലിത്തിരക്കുകൾ ഇല്ലാതെ കഴിയുന്ന ഒരു മൃഗസംരക്ഷണവകുപ്പിലെ സാഹസികർക്ക് തീർച്ചയായും പേപ്പാറയിലെയും വയനാട്ടിലെയും ആയിരത്തിൽ താഴെ വരുന്ന ആനകളെ അതീവപ്രാധാന്യമുള്ള വിശദപഠനങ്ങൾക്ക് വിധേയമാക്കുവാൻ വലിയ ആയാസമൊന്നും വേണ്ടിവരില്ല; അതുവഴി മനുഷ്യനും മൃഗങ്ങളുമായുള്ള സംഘട്ടനങ്ങൾ കുറയ്ക്കുവാനും.

ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ഗണിക്കേണ്ട കാര്യങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു സംഭവമാണ് ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് പശ്ചിമ ബംഗാളിന്റെ ഡാർജീലിംഗ് ജില്ലയിലെ തുക്രബസ്തിയിൽ 2002 ജൂണ്‍ 23ന് നടന്നതായി മുൻ ബംഗാൾ വനസംരക്ഷണ വകുപ്പ് മേധാവി എൻ സി ബഹഗുണ തൻറെ ‘ദി മാൻ ഈറ്റിംഗ് എലിഫൻറ്’ എന്ന ഗ്രന്ഥത്തിൽ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്.

അദ്ദേഹത്തിൻറെ പുസ്തകം പറയുന്നത് സത്യമെങ്കിൽ അന്നവിടെ ഗ്രാമത്തിന് തൊട്ടടുത്ത നപാനിയ വനത്തിൽ നിന്നും ഭ്രാന്ത് ബാധിച്ചത്‌ പോലെ ഒരാന കുതിച്ചു വന്ന് ഏതാനും കുടിലുകൾ നിമിഷങ്ങളിൽ നിലംപരിശാക്കി ഒടുവിൽ ഇഷ്യൂ ക്സാൽക്സൊ എന്ന അൻപതുകാരനെ തുമ്പിക്കയ്യിൽ എടുത്ത് ചുഴറ്റി നിലത്തടിച്ച് കൊന്നതിന് ശേഷം അയാളുടെ ജഡം ഭക്ഷിക്കുവാനാരംഭിച്ചു.

അദ്ദേഹം പിന്നീട് ഈ സംഭവത്തിന്മേൽ നടത്തിയ അന്വേഷണത്തിൽ ഒരു പിടിയാന തൊട്ടപ്പുറത്ത് നേപ്പാളിലെ ഒരു ഗ്രാമത്തിലെ രണ്ടു പേരെയുൾപ്പെടെ ആകെ പതിമൂന്നു പേരെ കൊന്നൊടുക്കിയതായി അറിഞ്ഞതും പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

പിന്നീട് വെടിവച്ച് വീഴ്ത്തപ്പെട്ട കുപ്രസിദ്ധയായ ആ ആനയുടെ (അതിൻറെ മൃതശരീരത്തിൽ നടത്തിയ പരിശോധനയിൽ പല്ലിനിടയിലും ആമാശയത്തിലും മനുഷ്യമാംസത്തിൻറെ അംശം കണ്ടെത്തിയതായും പുസ്തകം സ്ഥിരീകരിക്കുന്നു) നിഗൂഡതയിലേക്ക് അനിമൽ പ്ലാനറ്റ് ടി വി ചാനൽ നടത്തിയ അന്വേഷണത്തിൽ അവളുടെ മുലകുടി മാറാത്ത കുഞ്ഞിനെ തോട്ടം അധികാരികളുടെ കയ്യാളുകൾ ആരോ വെടിവച്ച് കൊന്നതിൻറെ രോഷമാണ്‌ വിചിത്രമായ രീതിയിൽ അവൾ തീർക്കുവാൻ ശ്രമിച്ചതെന്ന് തെളിഞ്ഞതായി അവരുടെ ചിത്രീകരണം പറയുന്നു.

ഈ കാരണം തന്നെ ബഹുഗുണയുടെ പുസ്തകവും സാക്ഷ്യപ്പെടുത്തുമ്പോൾ ശ്രദ്ധയിൽ പെടുന്ന കാര്യം പിടിയാനകൾ സാധാരണ മനുഷ്യനെ അറിഞ്ഞുകൊണ്ട് കൊലപ്പെടുത്താറില്ല എന്ന വസ്തുതയാണ്.

കൊമ്പനാനകൾ കൂട്ടത്തിൽ നിന്നും നിഷ്കാസിതരായതിന് ശേഷം അനുഭവിക്കുന്ന ഏകാന്തത അവരെ ആക്രമണകാരികളാക്കിയേക്കാം, മദം പൊട്ടുന്ന അവസരങ്ങളിൽ കൊമ്പൻമാർക്ക് ഇണകളെ ലഭിച്ചില്ലെങ്കിലും അവർ ആക്രമണസ്വഭാവം കാട്ടിയേക്കാം പക്ഷെ പിടിയാനകളുടെ ഭാഗത്ത് നിന്നും ഇങ്ങനെയുള്ള കടന്നുകയറ്റങ്ങൾ സംഭിവച്ചതായി അറിയുന്നത് തീരെ ചുരുക്കമാണ്. വിദഗ്ധർ പറയുന്നത് പിടിയാനകളുടെ ആക്രമണത്തിൽ മനുഷ്യർ മരിക്കുന്നത് യാദൃശ്ചികമായി മാത്രമാണെന്നാണ്.

പ്രകൃതിസ്നേഹികളേ ഗണ്യമായി നൊമ്പരപ്പെടുത്തുന്ന ആനയും മനുഷ്യനും തമ്മിലുള്ള ശത്രുത ഒരു പരിധി വരെ കുറയ്ക്കുവാൻ തമിഴ്നാട് സർക്കാർ ഓപ്പറേഷൻ മാതംഗ പദ്ധതി നീലഗിരി കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയപ്പോൾ കേരള സർക്കാർ ആനയെ തന്നെ മനുഷ്യൻറെ അടിമത്തത്തിൽ നിന്നും ഘട്ടം ഘട്ടമായി മോചിപ്പിക്കുവാൻ പോന്ന വിധം തിളക്കമാർന്ന ഒരു നൂതന പദ്ധതിയാണ് പത്തനംതിട്ട ജില്ലയിലെ കോന്നിക്കടുത്ത് അടവി പരിസ്ഥിതിടൂറിസം പദ്ധതിയോട് ചേർന്ന് വനത്തിൽ സമാരംഭിക്കുവാൻ ഒരുങ്ങുന്നത്.

ഇവിടെ തണ്ണിത്തോടിനു സമീപം വനത്തിൽ കല്ലാറിന്റെ തീരങ്ങളിൽ 160 ഏക്കറുകളിൽ ആനകളുടെ ബൃഹത്തായ പുനരധിവാസ വ്യവസ്ഥയാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്.

തേക്കുമരങ്ങളും അക്കേഷ്യ മരങ്ങളും നിറഞ്ഞ ഈ ആന പുനരധിവാസ കേന്ദ്രത്തിൽ അനാഥമായ നിലയിൽ വനത്തിൽ നിന്നും കണ്ടുകിട്ടുന്ന ആനക്കുട്ടികളെയും, മുറിവേറ്റതും, ഒറ്റപ്പെട്ടതും വയസ്സായതുമായ നാട്ടാനകളെയും രോഗഗ്രസ്തരായ കാട്ടാനകളെയും നിലവിലുള്ള വനനിയമങ്ങൾ അനുസരിച്ച് ശുശ്രൂഷിക്കുവാനും പുനരധിവസിപ്പിക്കുവാനും ആവും.

അടവി ആന പുനരധിവാസ പദ്ധതി മുന്നോട്ട് വയ്ക്കുന്ന സന്ദേശം സ്പഷ്ടമാണ്, “ആനകൾക്ക് എപ്പോഴും വനം തന്നെയാണ് അഴക്‌. അത് തന്നെയാണ് ഉത്തമവും.” ഇത് ഏറ്റവും ആഴത്തിൽ മനസ്സിലാക്കേണ്ടത് നാട്ടിലെ ആനപ്രേമികളാണ്.

ഈ വീക്ഷണം ദൃഡീകരിയ്ക്കുന്നതാണ് മുൻ കനേഡിയൻ പ്രധാനമന്ത്രി പിയറി എല്ലിയറ്റ് ട്രൂഡയോ ഒരിക്കൽ തൻറെ പ്രസംഗത്തിൽ ആനയെ പരാമർശിച്ച് നടത്തിയ പ്രയോഗം, “നിങ്ങളുടെ സമീപം ജീവിക്കുന്നത് ഒരാനയുടെ കൂടെ ശയിക്കുന്നതിന് സമാനമാണ്; ആ ജീവി എത്രകണ്ട് സൗഹൃദത്തിലും സമഭാവനയിലും ആണെങ്കിലും അതിൻറെ ഒരു തിരിവോ ഒരു ചിന്നംവിളിയോ നിങ്ങളെ കാര്യമായി ബാധിക്കും.”

മറുവശത്ത്‌ നീലഗിരിയില്‍ തുടങ്ങിയ വൈല്‍ഡ് ലൈഫ് ആന്‍ഡ് നാച്വറല്‍ കണ്‍സര്‍വേഷന്‍ ‘ഓപ്പറേഷന്‍ മാതംഗ’ പദ്ധതി ആനകളെ സംരക്ഷിക്കുന്നതിനും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിനുമാണ്. തമിഴ്‌നാട്ടില്‍ മനുഷ്യ-മൃഗ സംഘര്‍ഷം നേരിടുന്ന സ്ഥലങ്ങളെല്ലാം പദ്ധതിയുടെ പരിധിയില്‍പ്പെടും.

സുരക്ഷാ സംവിധാനത്തിന് വാഹന സര്‍വീസ് ഏര്‍പ്പെടുത്തുന്നതും സര്‍ക്കാര്‍ ഏജന്‍സികളുമായിച്ചേര്‍ന്നുള്ള എല്ലാ സുരക്ഷാപ്രവര്‍ത്തനങ്ങളിലും പങ്കാളിത്തം വഹിക്കുന്നതും ഈ പദ്ധതിയുടെ ഭാഗമായി വരും.

ആനത്താരകള്‍ക്ക് സമീപം താമസിക്കുന്നവര്‍ക്കിടയില്‍ ബോധവൽകരണം നടത്തുക, സുരക്ഷാപദ്ധതിയില്‍ പ്രദേശത്തെ യുവാക്കളെ ഉള്‍പ്പെടുത്തുക, വന്യമൃഗ ആക്രമണംകാരണം മരണമടയുന്നവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാറില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുക, ദേശീയ പാര്‍ക്കുകളുടെ സംരക്ഷണത്തിന് റിസോര്‍ട്ടുകളും ടൂര്‍ ഓപ്പറേറ്റര്‍മാരും വരുത്തിവെക്കുന്ന ഗുണദോഷ വശങ്ങള്‍ നിരീക്ഷണ വിധേയമാക്കുക തുടങ്ങിയവയാണ് ഓപ്പറേഷന്‍ മാതംഗയുടെ മറ്റ് ലക്ഷ്യങ്ങൾ. ആഗോള ആനദിനാഘോഷത്തിന്റെ ഭാഗമായാണ് ഏഷ്യന്‍ എലിഫന്റ് ഫൗണ്ടേഷന്റെ പരിപൂര്‍ണ പിന്തുണയുള്ള പദ്ധതി തുടങ്ങിയത്.

അടവിയും ഓപ്പറേഷൻ മാതംഗയും പോലെ നല്ല പദ്ധതികൾ സർക്കാരുകൾ ആവിഷ്കരിയ്ക്കുവാൻ തയ്യാറാവുന്നത് വളരെ നല്ല ശകുനമാണെങ്കിൽ കൂടി ഇത്തരം നൂതന പദ്ധതികൾ പൂർണ്ണമായി അവയുടെ ലക്‌ഷ്യം കൈവരിയ്ക്കണമെങ്കിൽ തീർച്ചയായും അവിടെ അതി വിദഗ്ധരായ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം ആവശ്യമായി വരും.

കേരളത്തിൽ കാര്യപ്രാപ്തിയുള്ള ഒരു മൃഗസംരക്ഷണ വകുപ്പ് ഇപ്പോഴും പ്രവർത്തനക്ഷമമാണ് എന്ന വിശ്വാസത്തിൽ നിൽക്കുമ്പോഴും ചില പ്രശ്നങ്ങൾ ചോദ്യചിഹ്നമായി അവശേഷിക്കുന്നത് വല്ലാത്ത അരക്ഷിതാവസ്ഥയാണ് ശുഭാപ്തിവിശ്വാസികളിൽ ഉളവാക്കുന്നത്.

ഇവിടെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനെ നോക്കി കൊഞ്ഞനം കുത്തുന്ന മുഖ്യ പ്രശ്നം കഴിഞ്ഞ പത്ത് വർഷത്തെ കാലയളവിൽ സംസ്ഥാനത്തെ വളർത്തുമൃഗങ്ങളുടെ സംഖ്യ ഏതാണ്ട് പകുതിയോളം കുറഞ്ഞുപോയതാണെങ്കിൽ നാടൊട്ടുക്ക് പരിഭ്രാന്തി പരത്തി ഓടി നടക്കുന്ന തെരുവ് നായ്ക്കളുടെ വലിയ വർദ്ധനവ്, ആന്ത്രാക്സ്, കുളമ്പ് രോഗം, പക്ഷിപ്പനി എന്നിങ്ങനെയുള്ള രോഗങ്ങൾ മൃഗങ്ങളിൽ പരക്കെ ദൃശ്യമാവുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ കഴിയാതെ വരിക, വന്യമൃഗങ്ങളുടെ പരിപാലനത്തിന്റെ ഭാഗമായ ശുശ്രൂഷയിൽ ആഗോള നിലവാരത്തിനൊത്ത് ഉയരാൻ സാധിക്കാതെ വരിക എന്നീ പ്രശ്നങ്ങളും അഭിസംബോധന ചെയ്യാതെയാണ് കിടക്കുന്നത്‌.

ആനകളുടെ – അത് കാട്ടാനകളുടെയോ നാട്ടാനകളുടെയോ ആവട്ടെ – മേഖലയിൽ വരുമ്പോൾ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിൻറെ ഏറ്റവും പരീക്ഷിക്കപ്പെടുന്ന വശം അവരുടെ മയക്കുവെടി-റേഡിയോ ട്രാക്കിംഗ് വൈദഗ്ധ്യമായിരിക്കും. മയക്കുവെടി എന്ന പദം ഇവിടെ അർത്ഥമാക്കുന്നത് അകലെ നിന്ന് കൊണ്ട് തന്നെ, പരിധികൾ താണ്ടുന്ന ആനകളെ മയക്കുമരുന്ന് കുത്തിവച്ച് ശാന്തരാക്കുവാനും തളയ്ക്കുവാനും ഉതകുന്ന ആധുനിക മാർഗ്ഗങ്ങളുടെ അറിവും അതിലെ വൈദഗ്ധ്യവുമാണ്.

കഴിഞ്ഞ നൂറ്റാണ്ടിൽ അറുപതുകളിൽ ആഫ്രിക്കൻ ആനകളെ തളയ്ക്കുവാനും എഴുപതുകളിലും എണ്‍പതുകളിലുമായി മലേഷ്യയിലെയും, ശ്രീലങ്കയിലെയും ഒപ്പം ഭാരതത്തിലെയും ആനകളെ തളയ്ക്കുവാനും മയക്കുവെടി പ്രയോഗിച്ചു തുടങ്ങിയെങ്കിലും കേരളത്തിൽ ഈ മാർഗ്ഗം ഉപയോഗിച്ച് വിജയകരമായി തളച്ചതായി കാണുന്നത് കൂടുതലും കുഴപ്പക്കാരായ നാട്ടാനകളെയാണ്.

മൃഗത്തിന് തീരെ ശരീരക്ഷതം എൽപ്പിക്കാതെ അതിനെ തളയ്ക്കുന്ന ട്രാൻക്വിലൈസിംഗ് സമ്പ്രദായം അടുത്തകാലത്തുണ്ടായ വൈദ്യശാസ്ത്രരംഗത്തെ വലിയ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്.

എണ്‍പതുകളുടെ ആരംഭത്തിൽ ആദ്യമായി മയക്കുവെടി ഭാരതത്തിൽ പരീക്ഷിച്ച ശേഷം 1983-84 കാലഘട്ടത്തിൽ ഉത്തർ പ്രദേശിലെ രാജാജി വന്യമൃഗസംരക്ഷണകേന്ദ്രത്തിലെ ആറാനകളെ തളയ്ക്കുവാനും ഒപ്പം റേഡിയോ കോളർ ഘടിപ്പിച്ച് വിടുവാനും കഴിഞ്ഞത് ഈ മേഘലയിലെ ഒരു സുപ്രധാന മുന്നേറ്റമായി. കാട്ടാനകളുടെ ആവാസവ്യവസ്ഥയെ പഠനനിരീക്ഷണങ്ങൾക്ക് വിധേയമാക്കുവാനായിരുന്നു ആ ശ്രമം.

പിന്നീട് 1986ൽ ആനകളുടെ ജീവിതത്തിന് യോജിക്കാത്ത അസന്തുലിതമായ കർണ്ണാടകത്തിലെ കട്ടേപ്പുരം വനത്തിൽ നിന്നും ഒരു കൊലക്കൊമ്പൻ ഉൾപ്പെടെ എട്ട് ആനകളെ മയക്കി ബന്ധിച്ച് സമീപത്തെ വിശാല വനപ്രദേശമായ നാഗർഹോളെയിൽ തുറന്നു വിടാൻ ആയത് ഭാരതത്തിൽ ട്രാൻക്വിലൈസിംഗ് സമ്പ്രദായത്തിന്റെ വിശ്വാസ്യത ഉയർത്തുന്നതിൽ ഏറെ സഹായകമായി.

ഏതാനും മൃഗഡോക്ടർമാരും വനം വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങിയ അന്നത്തെ ആ മുന്നേറ്റത്തിന് അവർ നൽകിയ നാമം ഓപ്പറേഷൻ കട്ടേപ്പുരം എന്നായിരുന്നു.

മറ്റു സംസ്ഥാനങ്ങളിൽ വന്യമൃഗങ്ങളിൽ സുപ്രധാന പഠനനിരീക്ഷണങ്ങൾക്ക് വഴിയൊരുക്കുവാൻ ട്രാൻക്വിലൈസിംഗ് സമ്പ്രദായത്തിന്‌ കഴിഞ്ഞുവെങ്കിലും. കേരളത്തിൽ അതിൻറെ ഉപയോഗം മുഖ്യമായും നാട്ടുമൃഗങ്ങളിൽ അല്ലെങ്കിൽ ബന്ധികളായ മൃഗങ്ങളിൽ മാത്രം ഒതുങ്ങിയത്, സംസ്ഥാനത്തിൽ പലപ്പോഴായി ഉയർന്ന് വന്ന വന്യജീവി സമസ്യകളെ ഈ മാർഗ്ഗം അവലംബിച്ച് ഫലപ്രദമായി നേരിടുന്നതിന് കാര്യമായ ബാധയായി എന്ന് വേണമെങ്കിൽ പറയാം.

കേരളത്തിലെ മൃഗസംരക്ഷണവിദഗ്ധരുടെ ഈ ദൗര്‍ബ്ബല്യം, ഏതാനും കാട്ടാനകളുടെയും വയനാട്ടിലെ കടുവയുടെയും കോന്നിയിലെ പുലിയുടെയും ഉൾപ്പെടെ അനേകം വന്യമൃഗങ്ങളുടെ ജീവനപഹരിച്ചതിനും ലോകം കഴിഞ്ഞ ഏതാനും വർഷങ്ങളിൽ സാക്ഷ്യം വഹിച്ചു.

കേരളത്തിന് സ്വന്തമായി രണ്ട് മൃഗസംരക്ഷണ കോളേജുകൾ (മണ്ണുത്തിയിലും വയനാട്ടിലും) ഉണ്ടെങ്കിലും ഈ പഠനശാഖയ്ക്കായി പ്രത്യേകം സംവിധാനങ്ങൾ ഒനും തന്നെ ഇവിടങ്ങളിൽ ഉണ്ടായിട്ടില്ല എന്നാണ് അറിയുന്നത്. ഈ ന്യൂനത മൂലം സംസ്ഥാനത്ത് ഈ മേഖലയിൽ താല്പര്യം ജനിക്കുന്ന ഡോക്ടർമാർ ഒരു ക്യാപ്ച്ചർ ഗണ്ണുമെടുത്ത് പ്രത്യേക പരിശീലനങ്ങൾ ഒന്നുമില്ലാതെ സ്വയം ഈ രംഗത്തേക്ക് ഇറങ്ങുന്നതായാണ് കണ്ടുവന്നിട്ടുള്ളത്.

സംസ്ഥാനത്തെ ഓരോ വനപ്രദേശത്തും പൂർണ്ണ സജ്ജമായ ഓരോ ട്രാൻക്വിലൈസിംഗ്-റേഡിയോ ട്രാക്കിംഗ് സംഘങ്ങൾ ആവശ്യമുള്ളിടത്ത് ഇന്ന് ഒരു അടിയന്തിര സാഹചര്യം നേരിടുവാൻ ഒന്നോ രണ്ടോ വ്യക്തികൾ മാത്രമേ ഉള്ളൂ എന്നറിയുന്നത് ഏറെ നിരാശാജനകമാണ്.

കാട്ടാനകളുടെ ആവാസവ്യവസ്ഥയെ ആഴത്തിൽ പഠിക്കുവാനും അവയിൽ അപകടകാരികളുടെ നീക്കങ്ങൾ മുൻകൂട്ടി അറിയുന്നതിലും വനപാലകർക്കും വനത്തോട് ചേർന്ന് വസിക്കുന്നവർക്കും സമയോചിതമായി മുന്നറിയിപ്പുകൾ നൽകുന്നതിലും മൃഗസംരക്ഷണ വിദഗ്ധരെ ഏറെ സഹായിക്കാൻ പ്രാപ്തമായ റേഡിയോ ട്രാക്കിംഗ് സമ്പ്രദായം പ്രായോഗികമാക്കണമെങ്കിൽ ട്രാൻക്വിലൈസിംഗ് നൈപുണ്യം അത്യന്താവശ്യമാണ്.

സാധാരണ കാട്ടാനകളെ പോലെയുള്ള വലിയ മൃഗങ്ങളെ മയക്കുവാൻ ഇമ്മോബിലോണ്‍ എന്ന് മരുന്നാണ് പ്രയോഗിക്കുക. ഇമ്മോബിലോണ്‍ എറ്റോർഫിൻ, അസിപ്രോമാസിൻ എന്നീ രാസവസ്തുക്കളുടെ മിശ്രിതമാണ്. ഈ മിശ്രിതത്തിന്റെ പ്രത്യൗഷധം ഡൈപ്രിനോർഫിൻ ആണ്.

ഭാരം കുറഞ്ഞ കടുവ പുലി എന്നീ മൃഗങ്ങളിൽ ഇമ്മോബിലോണിന്റെ സ്ഥാനത്ത് താരതമ്യേന വീര്യം കുറഞ്ഞ കെറ്റാമിൻ-ബെൻസോഡയസപ്പൈൻ (മിഡാസോളം, ഡയസെപ്പാം) മിശ്രിതമാണ് പ്രയോഗിച്ച് കാണുന്നത്.

മയക്കുമരുന്ന് ഏതായാലും മയക്കുവാനുദ്ദേശിക്കുന്ന മൃഗത്തിൻറെ ശരീരഘടനയെ ഞൊടിയിൽ വലിയ തെറ്റില്ലാതെ അനുമാനവിധേയമാക്കുന്നതിലും മരുന്ന് പ്രയോഗത്തിലെ കൃത്യതയും (ക്യാപ്ച്ചർ ഗണ്‍ വൈദഗ്ധ്യം), പ്രയോഗം കഴിഞ്ഞതിന്‌ ശേഷമുള്ള നിരീക്ഷണപാടവവുമെല്ലാം ഫലപ്രദമായ ട്രാൻക്വിലൈസിംഗിന് ആവശ്യമാണ്.

ഉദാഹരണത്തിന് പേപ്പാറ വനത്തിലെ കൊലകൊല്ലി ആനയും വയനാട്ടിലെ കടുവയും (വിവാദമോഴിവാക്കുവാനായി ഇതിനെ പിന്നീട് വെടിവച്ചു കൊന്നു എന്ന് പ്രചരിപ്പിച്ചു) ഒക്കെ ജീവൻ വെടിഞ്ഞത് കൃത്യതയില്ലാത്ത മയക്കുമരുന്ന് പ്രയോഗം കൊണ്ടാണെന്നത് അങ്ങാടിപ്പാട്ടാണ്.

മയക്കുമരുന്ന് അവാഹിച്ച യന്ത്രം (ഇവിടെ ഡാർട്ട്) ശരീരത്തിൽ തറച്ച് കയറിയാൽ ഉടനെ തന്നെ സാധാരണയായി കാട്ടാന ഓടുവാൻ ആരംഭിക്കും. അല്പസമയം കഴിഞ്ഞ് മാത്രമാണ് മരുന്നിനോട് പ്രതികരിച്ച് കുഴഞ്ഞ് വീഴുക. ശരീരത്ത് ഡാർട്ട് പ്രവേശിക്കുന്നത് മുതൽ മൃഗം മയങ്ങി വീഴുന്നത് വരെയുള്ള സമയത്തെ ഇൻഡക്ഷൻ പീരിയഡ് എന്നാണ് വിളിക്കുക.

ഡാർട്ട് തറച്ച സ്ഥാനം, മരുന്നിൻറെ അളവ്, സൂചിയുടെ ചരിവ്, മൃഗത്തിൻറെ മാനസികാവസ്ഥ, താപനില തുടങ്ങിയ പല ഘടകങ്ങൾ ഈ സമയത്തിന് ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കിയേക്കാം. ആനയെ സംബന്ധിച്ചിടത്തോളം അതിൻറെ പിൻഭാഗത്ത് ഉയർന്ന പ്രദേശമാണ് ഡാർട്ട് പായിക്കുവാൻ ഉത്തമം കാരണം ഈ സ്ഥാനത്ത് എൽക്കുന്ന ഡാർട്ട് മരച്ചില്ലകളിൽ തട്ടി തെറിക്കുവാനോ തുമ്പിക്കൈയ്യാൽ തട്ടിത്തെറിപ്പിക്കപ്പെടുവാനോ ഉള്ള സാധ്യത അകലെയാണ്.

മറിച്ച് ശരീരത്തിൻറെ വശങ്ങളിൽ ഏറ്റ ഡാർട്ട് ഓട്ടത്തിൽ തെറിച്ച് പോകുവാനും തോൾഭാഗത്തേറ്റത് ആനയാൽ വലിച്ചൂരിയെറിയപ്പെടുവാനും ഉള്ള സാധ്യത ഏറെയാണ്‌. ഈ മേഖലയിൽ നൈപുണ്യം സിദ്ധിച്ച ഒരു വ്യക്തിക്ക് ഈ സമസ്യകളെയൊക്കെ മുന്നിൽ കാണുവാനുള്ള കഴിവുണ്ടാവും. ഇല്ലെങ്കിൽ രക്ഷകൻ തന്നെയാവും ഏറ്റവും വലിയ ധ്വംസകൻ ആവുക.

പരിസ്ഥിതി ചർച്ചാവിഷയമായെടുക്കുമ്പോൾ ആനയും മനുഷ്യനും അതിലെ പിരിക്കുവാനാവാത്ത രണ്ട് കണ്ണികളാണെന്നു മനസ്സിലാവും. ഈ രണ്ട് ജീവികളുടെ സമാധാനപരമായ പരസ്പരപൂരണജീവിതത്തിന് പക്ഷെ മുന്നോട്ട് വച്ചിട്ടുള്ള നിർദ്ദേശങ്ങളൊക്കെ തന്നെയും മനുഷ്യൻറെ ഭാഗത്ത് നിന്നുണ്ടായതായി കാണുന്നത് ഒരു തരത്തിൽ പറഞ്ഞാൽ നൈതീകയുക്തിയുടെ അവഹേളനം തന്നെയാണ്.

മനുഷ്യൻറെ അപഹാസ്യമായ ചേഷ്ടകളുടെ ഉള്ളർത്ഥങ്ങൾ മനസ്സിലാക്കി അവന് ഏറ്റവും അഭികാമ്യമായി പെരുമാറുന്ന ആന ഗജേന്ദ്രനും, നിഷേധിക്കുന്നവൻ തെമ്മാടിയാനയും ആവുന്ന മനുഷ്യലോകത്ത് മനുഷ്യനെക്കാൾ കാലപ്പഴക്കമുള്ള വനത്തിലെ ആനയുടെ താരകൾ മാറ്റിവരയ്ക്കുവാൻ ഒരുങ്ങുന്നവർ അതിനാധാരമാക്കുന്നത് ആനയുടെ പ്രകൃതിപരമായ വാസനകൾക്ക് അപ്പുറം കേവലം സഞ്ചാരസൗകര്യം മാത്രം എന്നതിൽ ആശ്ച്ചര്യപ്പെടുവാൻ എന്തിരിക്കുന്നു?

ആനയുമായുള്ള മനുഷ്യൻറെ സുന്ദരസഹവാസത്തിന് ഏറ്റവും പ്രധാനം മനുഷ്യൻ (അത് സർക്കാരോ അതിൻറെ ഹസ്തങ്ങളായ മൃഗസംരക്ഷണ-വനസംരക്ഷണ വകുപ്പുകളോ മാത്രമല്ല) മൃഗത്തെ അറിയുവാൻ താൽപര്യപ്പെട്ടു തുടങ്ങുക എന്നതാണ്.

വനത്തിൽ ആനകൾ അന്യോന്യം ഏറെ സ്നേഹിക്കുന്നതും ലാളിക്കുന്നതും ആയ ജീവികളാണെന്ന് നിരീക്ഷണത്തിലൂടെ മനസ്സിലാക്കാം. അവയിൽ ഒന്ന് നഷ്ടപ്പെടുമ്പോൾ ബാക്കിയുള്ളവ കടന്നുപോകുന്ന വൈഷമ്യങ്ങൾ പറഞ്ഞറിയിക്കുവാൻ ആവാത്തത്രയാണ്.

അത്രയ്ക്ക് കെട്ടുറപ്പുള്ള സമൂഹങ്ങളിൽ നിന്നും ചാതുര്യം ഉപയോഗിച്ച് പിരിച്ച് കൊണ്ടുവന്നിരിക്കുന്ന മൃഗങ്ങളെ കൊണ്ട് ബലമായി ആടിക്കുന്ന കാഴ്ച്ചാരൂപങ്ങൾ, സ്നേഹത്തിൻറെ പക്ഷത്ത് വാഴുന്ന ഒരു ദൈവത്തിനും രുചിക്കുമെന്ന് കരുതവയ്യ. ആന മനുഷ്യനെതിരെ പ്രതിഷേധിക്കുവാൻ തുടങ്ങിയാൽ സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളിലും ഏറെ രൂക്ഷമായിരിക്കും ആന ലോകത്ത് നിന്ന് തന്നെ ഇല്ലാതെ പോയാലുണ്ടായേക്കാവുന്ന ദുരവസ്ഥ എന്ന വസ്തുത ആഴത്തിൽ മനസ്സിലാക്കിയത് കൊണ്ടാവണം വധിക്കപ്പെട്ട മുൻ അമേരിക്കൻ പ്രസിഡൻറ് എബ്രഹാം ലിങ്കൻ ഒരിക്കൽ, “നിങ്ങൾ ഒരാനയുടെ കണങ്കാലിൽ പിടിച്ചിരിക്കുകയും അത് രക്ഷപ്പെടുവാൻ താല്പര്യപ്പെടുകയും ചെയ്യുന്നുവെങ്കിൽ അതിനെ അതിൻറെ പാട്ടിന് വിടുകയാണ് യുക്തി” എന്ന, അടിമവംശജർക്ക് അനുകൂലമായ പ്രസ്താവന അടിമവ്യാപാരം ആസ്വദിക്കുന്ന ലോകത്തിനായി നൽകിയത്.

മനുഷ്യരുടെയിടയിൽ നിന്ന് ലിങ്കൻ വെറുത്ത അടിമവ്യവസ്ഥ കടന്നുപോയിട്ട് കാലമേറെയായെങ്കിലും ഒരുകാലത്ത് സഹജീവികളെ അടിമകളാക്കിയ സുഖസ്മരണയുടെ പേരിലോ എന്തോ ഒരു ബാധോപദ്രവം പോലെ ആ അധമാവിചാരം ചില മനുഷ്യമനസ്സുകളിലെങ്കിലും തുടരുന്നത് സാംസ്കാരിക പുരോഗതിയിലേക്ക് ചരിക്കുന്ന ഒരു ലോകത്തിന് ഒട്ടും ഭൂഷണമല്ല.

ആനയുടെ ഓർമ്മശക്തി മനുഷ്യന് അപ്രാപ്യമാകാം പക്ഷെ ആനയ്ക്ക് ആവുന്നതിലും വലിയ പാദമുദ്ര ലോകത്തിന് നൽകി മറയുവാൻ മനുഷ്യന് തീർച്ചയായും കഴിയും.

വെബ്സൈറ്റിൽ അപ്ഡേഷൻ നടക്കുന്നതിനാൻ പുതിയ വാർത്തകൾ അപ് ലോഡ് ചെയ്യുന്നതിലും വാർത്ത ലിങ്കുകൾ തുറക്കുന്നതിലും നേരിയ താമസം നേരിടുന്നുണ്ട്. മാന്യ വായനക്കാർ സഹകരിക്കുമല്ലോ.

More News

കോട്ടയം: ഇരുപത്തെട്ടു വർഷം കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ്, മീനച്ചിൽ താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ച ഇ.ജെ ആഗസ്തി കേരള കോൺഗ്രസ് (എം) പാർട്ടിയേയും ചെയർമാൻ ജോസ് കെ മാണിയേയും തള്ളിപ്പറയുന്നത് അദ്ദേഹം പാർട്ടി വിട്ടത് കൊണ്ട് വന്നു ചേർന്ന സ്ഥാന നഷ്ടം മൂലം ഉണ്ടായ നിരാശകൊണ്ടെന്ന്   സണ്ണി തെക്കേടം പറഞ്ഞു ആഗസ്തി സാർ പ്രസിഡണ്ടായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറായും പ്രവർത്തിച്ച സമയത്താണ് അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് വിതരണം […]

ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി രൺവീർ സിങ് വേഷമിടുന്ന “83” യുടെ ടീസർ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ സംവിധായകന്‍ കബീർ ഖാനാണ് സോഷൃൽ മീഡിയയിലൂടെ ടീസർ പങ്കുവച്ചത്. രൂപം കൊണ്ടും വേഷവിധാനം കൊണ്ടും കപിൽ ദേവായി രൺവീർ എത്തുന്നതിന്‍റെ ചിതങ്ങൾ ഇതിനോടകം സമൂഹ മാധൃമങ്ങളിൽ വൈറലായിരുന്നു. വിവിയൻ റിച്ചാർഡ്‌സിന് മദൻ ലാൽ എറിഞ്ഞ പന്ത് കപിൽ ദേവ് ഇന്തൃൻ ക്രിക്കറ്റ് ആരാധകരെ മുൾമുനയിൽ നിർത്തിച്ച ക്യാച്ചെടുക്കുന്നതാണ് ടീസറിൽ കാണുന്നത്. സാഖിബ് സലീം, ഹാർഡി സന്ധു, […]

അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ ക്രിസ്മസ് പരേഡ് കൂട്ടക്കൊലയുടെ ജീവിക്കുന്ന രക്തസാക്ഷിയായി പതിനൊന്നു വയസ്സുകാരി ജെസ്സലിന്‍ ടോറസ്. പരേഡ് നടക്കുന്നതിനിടയിലേക്ക് അക്രമി വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. നവംബര്‍ 21 ന് നടന്ന അപകടത്തില്‍ പരിക്കേറ്റ ഒമ്പത് കുട്ടികളില്‍ ഒരാളാണ് ജെസ്സലിന്‍ ടോറസ്. അബോധാവസ്ഥയിലുള്ള ജെസ്സലിന്‍ ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്. അമേരിക്കയില്‍ കഴിഞ്ഞ ദിവസം താങ്ക്‌സ്ഗിവിംഗ് ഡേ ആഘോഷിച്ചപ്പോള്‍ ആശുപത്രിക്കിടക്കയില്‍ മകള്‍ക്കരികിലിരുന്ന് ജസ്സലിന്റെ അമ്മ എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ കണ്ണീര്‍ പടര്‍ത്തി വൈറലായിരുന്നു. ഒരമ്മയും ഇങ്ങനൊരവസ്ഥയിലൂടെ കടന്നു […]

കുവൈറ്റ്: തൃശൂർ അസോസിയേഷന്റെ പതിനഞ്ചാം വാർഷിക ആഘോഷം ഫേസ്ബുക്ക് ലൈവ് ആയി നടത്തി. അംഗങ്ങളുടെ വെൽക്കം ഡാൻസും, വിവിധ കലാപരിപാടികളും, ഓർക്കിഡിസ് മ്യൂസിക്കൽ ഈവന്റ്സ് അവതരിപ്പിച്ച സംഗീത വിരുന്നും ആഘോഷത്തിനു മാറ്റുകൂട്ടി. പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച യോഗത്തിൽ അൽമുള്ള എക്സ്ചേഞ്ച് മാർക്കറ്റിങ്ങ് മാനേജർ ഹുസേഫ സാദൻപൂർവാല നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ അംബാസിഡർ സിബി ജോർജ്ജ് അസോസിയേഷൻ അംഗങ്ങൾക്ക്‌ ആശംസകള്‍ അര്‍പ്പിച്ചു. കുവൈറ്റിലെ വളരെ ആക്ടീവ്‌ ആയീട്ടുള്ള അസോസിയേഷനുകളിൽ ഒന്നാണ് തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് […]

അയല്‍ക്കാരന്റെ ആടുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അറുപതുകാരനായ മലേഷ്യക്കാരന് ഇരുപതു വര്‍ഷത്തെ തടവു ശിക്ഷയും ചാട്ടവാറടിയും വിധിച്ച് കോടതി. തലസ്ഥാനമായ ക്വാലാലംപൂരില്‍ നിന്ന് ഏകദേശം 18 മൈല്‍ വടക്ക് പടിഞ്ഞാറ് റാവാംഗിലാണ് സംഭവം നടന്നത്. ഹസന്‍ എന്ന അറുപതുകാരനാണ് കുറ്റം ചെയ്തതായി തെളിഞ്ഞത്. ഹസന്റെ അയല്‍ക്കാരനായ വ്യക്തിയാണ് ഇയാള്‍ക്കെതിരെ കേസ് കൊടുത്തത്. തന്റെ പെണ്ണാടിനെ ഹസന്‍ ലൈംഗികമായി ഉപദ്രവിച്ച് കൊലപ്പെടുത്തി എന്നാണ് അയല്‍ക്കാരന്റെ പരാതി. രാത്രിയില്‍ ആടിന്റെ അസ്വാഭാവികമായ ശബ്ദം കേട്ട് ഉടമ എഴുന്നേറ്റ് നോക്കിയപ്പോള്‍ വീടിന്റെ പിന്‍ഭാഗത്തായി […]

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ പെയ്യുന്ന തുടര്‍ച്ചയായ മഴയിലും തുടര്‍ന്നുണ്ടായ അപകടങ്ങളിലും മരിച്ചവരുടെ എണ്ണം എട്ടായി. വെള്ളിയാഴ്ച മൂന്നുപേര്‍ മരിച്ചതായി മന്ത്രി കെ.കെ.എസ്.എസ്.ആര്‍. രാമചന്ദ്ര പ്രതികരിച്ചു. 120 വീടുകള്‍ക്കും 681 കുടിലുകള്‍ക്കും തകരാറുണ്ടായി. 152 ഓളം കന്നുകാലികള്‍ ചത്തു. ചെങ്കല്‍പെട്ട്, കാഞ്ചീപുരം എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. തമിഴ്‌നാടിന്റെ തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട തീവ്രമഴയ്ക്കും അതിതീവ്രമഴയ്ക്കും സാധ്യത. ചെന്നൈ, ചെങ്കല്‍പേട്ട്, തിരുനെല്‍വേലി, തൂത്തുക്കുടി, രാമനാഥപുരം, നാഗപട്ടണം, […]

തിരുവനന്തപുരം: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുളള കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് തീവ്രയജ്ഞം സംസ്ഥാനത്ത് വിജയകരമായി പൂർത്തീകരിച്ചു. സംസ്ഥാനത്തുള്ള പശു, എരുമ വർഗ്ഗങ്ങളുടെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പാണ് ഇപ്പോൾ നടന്നിട്ടുള്ളത്. 11,54,105 ഉരുക്കൾക്ക് കുത്തിവയ്പ്പ് നൽകി. ആകെ ഉരുക്കളുടെ എണ്ണത്തിന്റെ 80% ത്തെ വാക്സിനേറ്റ് ചെയ്യുക വഴി “ഹെര്‍ഡ് ഇമ്മ്യൂണിറ്റി” കൈവരിക്കുന്നതിന് സാധിച്ചു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കൃത്യം ഒരു മാസത്തിനുള്ളില്‍ യജ്ഞം വിജയകരമായി അവസാനിപ്പിച്ചിട്ടുണ്ട്. യജ്ഞവുമായി ബന്ധപ്പെട്ട് പ്രതിരോധ ശേഷിയുടെ അളവ് നിർണ്ണയിക്കുന്ന സീറോ […]

തിരുവനന്തപുരം: അട്ടപ്പാടിയില്‍ അടിക്കടി ഉണ്ടാകുന്ന ശിശു മരണത്തിനു കാരണം സര്‍ക്കാരിന്റെ കടുത്ത അനാസ്ഥയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോഷകാഹാരക്കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവവുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിനു കാരണമെന്ന് നേരത്തേ മരണങ്ങള്‍ നടന്ന അവസരങ്ങളില്‍ ചൂണ്ടിക്കാട്ടിയിട്ടും അവ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരവീഴ്ചയാണ് വരുത്തിയിരിക്കുന്നത്. നേരത്തെതന്നെ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ നാലു ദിവസത്തിനിടെ നാല് പിഞ്ചു കുട്ടികളുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നു. ഈ വര്‍ഷം […]

ഐഎൻടിയുസി ജില്ലാ കമ്മിറ്റിയും ടൈറ്റാനിയം പ്രോഡക്ട്സ് ലേബർ യൂണിയനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള അഞ്ചാമത് എ വെങ്കടാചലം പുരസ്കാരം തിങ്കളാഴ്ച 3.00 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പാലക്കാട് ജില്ലയിലെ മുൻ കൊല്ലങ്കോട് എംഎൽഎ കെ.എ ചന്ദ്രന്  സമർപ്പിക്കും. പി.സി വിഷ്ണുനാഥ് എംഎൽഎ, ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ, ഡിസിസി പ്രസിഡൻറ് പാലോട് രവി, സിഐടിയു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി  കെ.പി ശങ്കരദാസ്, […]

error: Content is protected !!