“യമന് സഹായമായി 430 മില്യൺ ഡോളർ നൽകും; രാഷ്ട്രീയ പരിഹാര ശ്രമങ്ങൾക്ക് പിന്തുണ”: യു എൻ സഹായ ദാതാക്കളുടെ യോഗത്തിൽ സൗദി അറേബ്യ

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Tuesday, March 2, 2021

ജിദ്ദ: ആഭ്യന്തര യുദ്ധം താറുമാറാക്കിയ ദരിദ്ര അറബ് രാജ്യത്തിന് നടപ്പ് വർഷം സൗദി അറേബ്യ നൽകുന്ന മാനുഷിക സഹായം 430 മില്യൺ ഡോളർ. ഐക്യരാഷ്ട്ര സഭ സംഘടിപ്പിച്ച യമൻ സഹായ രാഷ്ട്രങ്ങളുടെ യോഗത്തിൽ സൗദി പ്രഖ്യാപിച്ചതാണ് ഇത്. നൂറോളം രാഷ്ട്രങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ, സൗദി അറേബ്യയുടെ കിംഗ് സൽമാൻ റിലീഫ് സെന്റർ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ ആണ് പ്രഖ്യാപനം നടത്തിയത്. ദരിദ്ര ജനതകൾക്ക് വിവേചന മേതുമില്ലാതെ സഹായിക്കുകയെന്നത് സൗദി അറേബ്യയുടെ ഇതുവരെയുള്ള പതിവാണെന്നും ഡോ. അൽറബീഅ കൂട്ടിച്ചേർത്തു..

തിങ്കളാഴ്ചയായിരുന്നു യമന് സാമ്പത്തിക സഹായം നൽകാൻ സന്നദ്ധരായ രാഷ്ട്രങ്ങളുടെ സൂം കോൺഫറൻസ് യു എൻ സംഘടിപ്പിച്ചത്. നടപ്പു വർഷത്തിൽ യമന് മാനുഷിക പ്രതിബദ്ധതയിൽ നടപ്പിലാക്കുന്ന പദ്ധ്വതികൾക്കായാണ് സൗദി തുക നൽകുന്നത്. ഇത് യു എൻ, അന്താരാഷ്ട്ര സംഘടനകൾ, മേഖലാ – പ്രാദേശിക സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ എന്നിവയിലൂടെയാണ് നൽകുകയെന്നും സൗദി പ്രതിനിധി വിശദീകരിച്ചു. അന്താരാഷ്‌ട്ര – മേഖലാ തലങ്ങളിൽ ധനസഹായം തേടുന്ന രാഷ്ട്രങ്ങൾക്ക് ഏറ്റവും കൂടുതൽ ഫണ്ട് നൽകുന്ന രാഷ്ട്രങ്ങളിൽ മുൻ നിരയിലാണ് സൗദിയെന്നും അത്തരം രാഷ്ട്രങ്ങളിൽ മുൻപന്തിയിലാണ് യമൻ എന്നും ഡോ. അൽറബീഅ പറഞ്ഞു.

യമന്റെ സമീപ രാജ്യങ്ങളുടെ സഹായ ഹസ്തം ആ രാജ്യത്തിന്റെ ദുരിതം കുറച്ചു കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടെന്നും മൂന്ന് ബില്യൺ ഡോളർ എങ്കിലും യമന് ഇപ്പോൾ ആവശ്യമാണെന്നും സൗദി പ്രതിനിധി പറഞ്ഞു. വൻ മാനുഷിക പ്രതിസന്ധിയിൽ കഴിയുന്ന യമന് കൊറോണാ മാരി ഉണ്ടാക്കുന്നത് അവര്ണനീയമായ ദുരിതമാണെന്നും അൽറബീഅ വിവരിച്ചു. ഈ ഘട്ടത്തിൽ ഇറാന്റെ പിന്തുണയോടെ ഹൂഥി കലാപകാരികൾ ഉണ്ടാക്കുന്ന കലാപം ഇതിനെല്ലാം അപ്പുറ ത്തുള്ള ആഘാതം യമന് പൊതുവിലും മഅരിബ് പ്രവിശ്യയിൽ വിശേഷിച്ചും ഉണ്ടാക്കുകയാണ്.

മറ്റിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികൾക്ക് സുരക്ഷിത താവളമായിരുന്നു മഅരിബ് പ്രദേശം. എന്നല്ല, യമനിലുള്ള കലാപം സമീപ രാജ്യങ്ങൾക്കും വൻ ഭീഷണിയായി ഉയർന്നു കഴിഞ്ഞു. ഈ സന്ദർഭത്തിൽ ആഗോള സമൂഹം ഉണർന്ന് പ്രവർത്തിക്കുകയും ശക്തമായ നിലപാടിലൂടെ യമനിൽ ശാശ്വത സമാധാനവും മേഖലയിൽ സ്ഥിരതയും ഉറപ്പാക്കുകയും ചെയ്യാൻ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവർത്തിച്ചാവശയപ്പെട്ടു.

യമനിൽ രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് സൗദിയുടെ പിന്തുണ ഡോ. അബ്ദുല്ല അൽറബീഅ ആവർത്തിച്ചു പ്രഖ്യാപിച്ചു. ഇതിനായി മൂന്ന് അടിസ്ഥാനങ്ങൾ സൗദി നിർദേശി ക്കുകയും ചെയ്തു. ഗൾഫ് രാഷ്ട്രങ്ങളുടെ പദ്ധ്വതിയും അതിന്റെ നിർവഹണ സംവിധാനവും, ദേശീയ സംവാദ കോൺഫറൻസിന്റെ സംഗ്രഹം, ഐക്യരാഷ്ട്ര സഭയുടെ 2216 നമ്പർ പ്രമേയം ഉൾപ്പെടെയുള്ള അനുബന്ധ തീരുമാനങ്ങൾ എന്നിവയാണ് യമൻ രാഷ്ട്രീയ പരിഹാരത്തിന് സൗദി അറേബ്യ മുന്നോട്ടുവെക്കുന്ന വഴികൾ.

×