/sathyam/media/post_attachments/j7gX00JQfqUZoiYxIRSS.jpg)
തൃശൂർ: കസ്റ്റഡിയിലെടുത്ത യുവാക്കള്‍ പൊലീസ് സ്റ്റേഷനിൽ അക്രമസക്തരായി. റോഡിൽ ബഹളം വെച്ചതിന് എടവിലങ്ങ് പൊടിയൻ ബസാർ സ്വദേശികളായ വാലത്ത് വികാസ് (35), കുന്നത്ത് രഞ്ജിത്ത് (37) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനിലെത്തിയ ഇവർ എസ്ഐയെ ആക്രമിക്കുകയും സ്റ്റേഷൻ അടിച്ചു തകർക്കുകയുമായിരുന്നു.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തെക്കേ നടയിൽ അശ്വതി ബാറിനു സമീപം മദ്യപസംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം നിയന്ത്രിക്കാൻ എത്തിയതായിരുന്നു പൊലീസ്. കുറച്ചുപേരെ പൊലീസ് വിരട്ടിയോടിച്ചെങ്കിലും വികാസും രഞ്ജിത്തും പൊലീസിനോട് തട്ടിക്കയറുകയും തർക്കിക്കുകയും ചെയ്തു. തുടർന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇരുവരെയും സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ അക്രമം നടത്തുകയായിരുന്നു. കസേരയെടുത്ത് അടിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചപ്പോഴാണ് എസ്ഐക്ക് പരിക്കേറ്റത്. വികാസിനെതിരെ 2017ലും പൊലീസിനെ ആക്രമിച്ചതിന് കേസുണ്ട്. പരിക്കേറ്റ എസ്ഐ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരെയും റിമാൻഡ് ചെയ്തു.