പാരലൽ റോഡ്: പക്ഷപാതപരമായ വിലനിർണയം കോടതിയിൽ ചോദ്യം ചെയ്തു വിജയിച്ച ഭൂവുടമകളെ മുനിസിപ്പൽ ചെയർമാൻ അധിക്ഷേപിക്കുന്നത് ചിലരുടെ ജാള്യത മറക്കാൻ - യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി

New Update

publive-image

പാലാ:പ്രാദേശികമായി രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉള്ളവരോട് പക പോക്കുവാൻ പക്ഷപാതപരമായി, സ്ഥലം ഏറ്റെടുക്കലിൽ വില നിർണയം നടത്തിയത് കോടതിയിൽ ഭൂവുടമകൾ തെളിയിച്ചതിലുള്ള ചിലരുടെ ജാള്യത മറയ്ക്കാനാണ് മുനിസിപ്പൽ ചെയർമാൻ വ്യാജ പ്രസ്താവനകൾ നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി ആരോപിച്ചു.

Advertisment

ഭരണഘടന നല്കുന്ന അവകാശം ഉപയോഗിച്ച് നീതി നിഷേധം കോടതിയിൽ ചോദ്യം ചെയ്ത ഭൂവുടമകളെ അപമാനിക്കുന്നത് ചിലരുടെ രാഷ്ട്രീയ ജാള്യത മറക്കാൻ ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.

നഗര പിതാവിൻറെ ഉത്തരവാദിത്വം രാഷ്ട്രീയ പ്രീണനം അല്ല എന്ന് തിരിച്ചറിവുണ്ടായി നഗര ഭരണത്തിൽ നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുവാൻ ഉള്ള ആർജ്ജവമാണ് നഗരപിതാവ് കാണിക്കേണ്ടത്.

അദ്ദേഹത്തിൻറെ പാർട്ടിയുടെ പ്രാദേശിക നേതാവ് നടത്തുന്ന അഴിമതിയുടെയും, മാനസിക പീഡനത്തിൻറെയും തെളിവുകൾ ഓരോദിവസവും പുറത്തു വരുമ്പോൾ അതിൽ ഇടപെടാതെ തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകൾ നടത്തി ജനശ്രദ്ധ തിരിച്ചുവിടുകയാണ് ചെയർമാൻറെ ലക്ഷ്യം.

ഇത് രാഷ്ട്രീയമായി തന്നെ പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. അസഹിഷ്ണുത മുഖമുദ്രയാക്കി പ്രവർത്തിക്കുന്നവരുടെ കാപട്യങ്ങളെ ജനങ്ങൾ തിരിച്ചറിഞ്ഞതുകൊണ്ടാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥി ദയനീയമായി പരാജയപ്പെട്ടത്.

എന്നാൽ യാഥാർത്ഥ്യങ്ങളെ തമസ്കരിച്ചുകൊണ്ട് അന്ധമായ രാഷ്ട്രീയ വിരോധം മുഖമുദ്രയാക്കി മുന്നോട്ടുപോകുന്ന നിലപാടുകൾക്ക് കുടപിടിക്കുകയാണ് മുനിസിപ്പൽ ചെയർമാൻ ചെയ്യുന്നത്. ഇതിനുള്ള പ്രതിഫലമായി പദവിയെ കാണുന്നവർ പദവിയുടെ അന്തസ്സ് കളഞ്ഞു കുളിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ഈ പൊള്ളത്തരങ്ങൾ തുറന്നു കാട്ടി നഗര ഭരണത്തിലെ അഴിമതികളും, കെടുകാര്യസ്ഥതയും അവസാനിപ്പിക്കാൻ തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതു വരെ യൂത്ത് കോൺഗ്രസ് സമര രംഗത്ത് ഉണ്ടാകുമെന്നും, വ്യാജം പറയുന്ന അധികാരസ്ഥാനങ്ങളെ പ്രസ്ഥാനം ഭയക്കുകയോ, അധികാരത്തിൻറെ അഹന്തയ്ക്കു് മുന്നിൽ മുട്ടുകുത്തുകയോ ചെയ്യില്ല എന്നും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് തോമസ് ആർ വി ജോസ് പറഞ്ഞു.

youth congress
Advertisment