‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ സീ കേരളം ചാനലിൽ റിലീസിനൊരുങ്ങുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, April 7, 2021

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട സീ കേരളം ചാനലിൽ ഡയറക്ട് ടിവി റിലീസ് ആയി പുറത്തിറങ്ങിയ ‘ഇന്ന് മുതൽ’ എന്ന സിനിമയ്ക്കു ലഭിച്ച വമ്പൻ പ്രതികരണത്തിന് ശേഷം മറ്റൊരു പുതുപുത്തൻ ചിത്രത്തിന്റെ റിലീസിനൊരുങ്ങുകയാണ് ചാനലിപ്പോൾ.

സൂരജ് ടോം സംവിധാനം ചെയ്യുന്ന ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ എന്ന ചിത്രമാണ് 2021 ഏപ്രിൽ 11 ന് വൈകുന്നേരം 7 മണിക്ക് സീ കേരളത്തിൽ നേരിട്ട് പ്രദർശിപ്പിക്കുക. കോമഡി പശ്ചാത്തലത്തിലുള്ള ഈ ഹൊറർ ത്രില്ലെർ സിനിമയുടെ ട്രൈലെർ പുറത്തിറങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ ഹിറ്റായിരുന്നു.

വിഷ്ണു ഉണ്ണികൃഷ്ണൻ, സാനിയ അയ്യപ്പൻ എന്നിവർ പ്രധാനവേഷത്തിലും നിഗൂഢത നിറഞ്ഞ കൃഷ്ണൻകുട്ടി എന്ന കഥാപാത്രവുമെത്തുന്ന ചിത്രം ടെലിവിഷൻ പ്രേക്ഷകർക്ക് ഒരു ദൃശ്യശ്രവ്യ വിരുന്നായിരിക്കുമെന്നതിൽ സംശയമില്ല.

സംഗീത സംവിധായകൻ ആനന്ദ് മധുസൂദനന്റെ തിരക്കഥയിൽ ജിത്തു ദാമോദർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ശബ്ദ ഡിസൈനിംഗ് ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവ് കൂടിയായ ജസ്റ്റിൻ ജോസാണ്.

ബാഹുബലി, പദ്മാവത് തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് ശേഷം ജസ്റ്റിൻ ജോസിന്റെ സംഗീത വിസ്മയം ഉൾക്കൊള്ളുന്നുവെന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. പേപ്പർകോൺ സ്റുഡിയോസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രം നിർമിച്ചിരിക്കുന്നത് നോബിൾ ജോസാണ്.

ഏപ്രിൽ 11 ന് വൈകുന്നേരം 7 മണിക്ക് സീ കേരളം ചാനലിൽ ‘കൃഷ്ണൻകുട്ടി പണി തുടങ്ങി’ പ്രദർശനത്തിനെത്തും.

×