ന്യൂ മെക്സിക്കോ: ന്യൂ മെക്സിക്കോയിൽ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളുടെ വീടുകൾ ആക്രമിച്ചതിന്റെ സൂത്രധാരൻ എന്ന കുറ്റം ചുമത്തി റിപ്പബ്ലിക്കൻ മുൻ സ്ഥാനാർഥിയും ഡൊണാൾഡ് ട്രംപിന്റെ അനുയായിയുമായ 39 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 2021 ജനുവരി 6നു യുഎസ് ക്യാപിറ്റോൾ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നുവെന്നു കരുതപ്പെടുന്ന സോളമൻ പെന നവംബറിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ സംസ്ഥാന സഭയിലേക്കു മത്സരിച്ചു തോറ്റിരുന്നു.
തിരഞ്ഞെടുപ്പ് തട്ടിപ്പായിരുന്നു എന്നു ട്രംപിനെപ്പോലെ ആരോപണം ഉന്നയിച്ചു ഉദ്യോഗസ്ഥരെ കണ്ടെങ്കിലും തെളിവുകൾ ഇല്ലാത്തതിനാൽ പെനയുടെ വാദങ്ങൾ വിലപ്പോയില്ല. അടുത്തിടെ ഡെമോക്രാറ്റിക് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും വീടുകൾക്കു നേരെ വെടിവയ്‌പ് നടത്തിയത് ഇയാൾ നയിച്ച സംഘമായിരുന്നുവെന്നു അൽബുക്കർക്ക് പോലീസ് കണ്ടെത്തി. ബെർണാലിലോ കൗണ്ടിയിലെ രണ്ടു കമ്മീഷണർമാരുടെയും രണ്ടു ഡെമോക്രാറ്റിക് നിയമസഭാംഗങ്ങളുടെയും വീടുകൾക്കു നേരെ വെടിവയ്ക്കാൻ നാലു പേർക്ക് അയാൾ പണം നൽകിയതായി പത്രസമ്മേളനത്തിൽ പോലീസ് പറഞ്ഞു.
തിങ്കളാഴ്ച അൽബുക്കർക്കിൽ സ്വാറ്റ് സംഘമാണ് പെനയെ പിടികൂടിയത്. പെന താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്ന് അറസ്റ്റ് ചെയ്യും മുൻപ് അയാൾ ആയുധധാരിയാണെന്നു പോലീസ് ജനങ്ങൾക്കു താക്കീതു നൽകി. കെട്ടിടത്തിനു മുകളിൽ പോലീസ് ഡ്രോണുകൾ പറന്നു കൊണ്ടിരുന്നു.
ആക്രമണങ്ങളുടെ സൂത്രധാരൻ പെന ആണെന്നു കണ്ടെത്തിയതായി പോലീസ് മേധാവി ഹാരോൾഡ് മെദിന മാധ്യമങ്ങളോടു പറഞ്ഞു. സ്റേറ് ഹൗസിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡിസ്‌ട്രിക്‌ട് 14 ൽ അയാൾ തോറ്റിരുന്നു. ഡെമോക്രാറ്റ് മിഗ്‌വൽ ഗാർഷ്യ അയാളെ തോല്പിച്ചത് 26 നെതിരെ 74% വോട്ട് നേടിയാണ്.
അതിനു പിന്നാലെ പെന ട്വിറ്ററിൽ ഇങ്ങിനെ ഒരു സന്ദേശം പോസ്റ്റ് ചെയ്തു: "ഞാൻ എച് ഡി 14 മത്സരത്തിൽ തോൽവി സമ്മതിച്ചിട്ടില്ല. ഇപ്പോൾ എന്ത് ചെയ്യാം എന്ന് ഗവേഷണം നടത്തുകയാണ്."
പെന പിന്നീട് മൂന്നു കൗണ്ടി കമ്മീഷണർമാരെ കണ്ടു പരാതി പറഞ്ഞെന്നു ഗാർഷ്യ ചൂണ്ടിക്കാട്ടി. ഒരു ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്ററെയും കണ്ടു. വിജയം തട്ടിയെടുക്കാൻ ഡെമോക്രാറ്റുകൾ ഗൂഢാലോചന നടത്തിയെന്നു അയാൾ ആരോപിച്ചു.
ബെർണലിലോ കൗണ്ടി കമ്മീഷണർ അഡ്രിയാൻ ബാര്ബോവയുടെ വീടിനു നേരെ ഡിസംബർ 4 നു നടന്ന ആക്രമണം നയിച്ചത് പെന ആണ്. മുൻ കൗണ്ടി കമ്മീഷണർ ഡെബ്ബി ഓ മാലിയുടെ വീട് ഡിസംബർ 11നു ആക്രമിച്ചു. ന്യൂ മെക്സിക്കോ ഹൗസ് സ്പീക്കർ ഹവിയർ മാർട്ടിനെസിന്റെ വീട് ഡിസംബർ 8നും.
സ്റ്റേറ്റ് സെനറ്റർ ലിൻഡ ലോപ്പസിന്റെ വീട്ടിൽ ജനുവരി 3 നാണു ആക്രമണം ഉണ്ടായത്. അവിടെ പെന കാഞ്ചി വലിച്ചത്തായി തെളിവുണ്ട്.
മറ്റു വലതു പക്ഷ തീവ്രവാദികളെ പോലെ തിരഞ്ഞടുപ്പ് തോൽക്കുമ്പോൾ അതു തട്ടിപ്പായിരുന്നു എന്ന് ആരോപിക്കയും ജനാധിപത്യ പ്രക്രിയയെ വെല്ലുവിളിക്കയുമാണ് അയാൾ ചെയ്തതെന്നു അൽബുക്കർക്ക് മേയർ ടിം കെല്ലർ പറഞ്ഞു. "രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടാവുമ്പോൾ ഏറ്റവും വൃത്തികെട്ട പണി ചെയ്യുക എന്നതാണ് സമീപനം -- അക്രമത്തിനു പോകുക."
ഇത്തരം തീവ്രവാദം നാടിനു ആപത്താണ്. അതിപ്പോൾ നമ്മുടെ പടിവാതിൽക്കലും എത്തി."