യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും സജി മഞ്ഞക്കടമ്പനെ ജോസഫ് വിഭാഗം വെട്ടി; ജൂണിയറായവര്‍ക്കു പോലും യുഡിഎഫ് സ്ഥാനങ്ങള്‍ നല്‍കിയിട്ടും ജില്ലാ പ്രസിഡന്റായ മഞ്ഞക്കടമ്പനെ വെട്ടിയത് മോന്‍സ് ജോസഫ് ! പൂഞ്ഞാര്‍ സീറ്റിനുവേണ്ടി സജി നടത്തിയ നീക്കങ്ങളില്‍ നേതൃത്വത്തിന് അതൃപ്തിയെന്നും സൂചന; യുഡിഎഫ് ജില്ലാ ചെയര്‍മാന്‍-കണ്‍വീനര്‍ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ കോട്ടയത്ത് ജോസഫ് വിഭാഗത്തില്‍ തമ്മിലടി രൂക്ഷമാകുന്നു !

ന്യൂസ് ബ്യൂറോ, കോട്ടയം
Sunday, October 18, 2020

കോട്ടയം: യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരെയും കണ്‍വീനര്‍മാരെയും പ്രഖ്യാപിച്ചതിനു പിന്നാലെ കോട്ടയത്ത് പുതിയ വിവാദം. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റായ സജി മഞ്ഞക്കടമ്പനെ മാറ്റി മോന്‍സ് ജോസഫ് എംഎല്‍എയെ ജില്ലാ യുഡിഎഫ് ചെയര്‍മാനാക്കിയതാണ് വിവാദമാകുന്നത്. യുഡിഎഫിന്റെ സംസ്ഥാന ഏകോപന സമിതിയിലുള്ള മോന്‍സ് ജോസഫ് ജില്ലാ ചെയര്‍മാനായത് മഞ്ഞക്കടമ്പനെ വെട്ടാന്‍ വേണ്ടി മാത്രമാണെന്നാണ് ആരോപണം.

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടതോടെയാണ് സംസ്ഥാനത്തെ 14 ജില്ലകളിലും പുതിയ യുഡിഎഫ് ചെയര്‍മാന്‍, കണ്‍വീനര്‍ സ്ഥാനം പ്രഖ്യാപിച്ചത്. ഇതില്‍ കോട്ടയത്തു മാത്രമാണ് ചെയര്‍മാന്‍ സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കിട്ടുള്ളത്. ബാക്കിയുള്ള മൂന്നു ജില്ലകളില്‍ കണ്‍വീനര്‍ സ്ഥാനമാണ് ജോസഫിന് കിട്ടിയത്.

മുന്‍കാലങ്ങളില്‍ കേരളാ കോണ്‍ഗ്രസിലെ പതിവ് അനുസരിച്ച് ജില്ലാ പ്രസിഡന്റ് തന്നെയാണ് പാര്‍ട്ടിക്ക് ലഭിക്കുന്ന ജില്ലാ യുഡിഎഫ് ചെയര്‍മാനായിരുന്നത്. മുമ്പ് ഇജെ ആഗസ്തിയും, സണ്ണി തെക്കേടവുമൊക്കെ ഇത്തരത്തില്‍ തന്നെയാണ് പദവി വഹിച്ചത്. എന്നാല്‍ ജോസഫ് വിഭാഗത്തിന് ചെയര്‍മാന്‍ സ്ഥാനം കിട്ടിയതോടെ ജില്ലാ പ്രസിഡന്റായ സജി മഞ്ഞക്കടമ്പനെ തഴഞ്ഞ് മോന്‍സിനെ നിയമിക്കുകയായിരുന്നു.

പാലാ, പൂഞ്ഞാര്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് സജി മഞ്ഞക്കടമ്പന്‍ നടത്തിയ നീക്കങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ഒതുക്കുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്നാണ് സൂചന. നിയമസഭാ സ്ഥാനാര്‍ത്ഥിത്വത്തിനായി മഞ്ഞക്കടമ്പന്‍ പിജെ ജോസഫിന്റെ പക്കലും വലിയ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് യുഡിഎഫ് ചെയര്‍മാന്‍ പദവി വെട്ടിയത്.

നേരത്തെ യൂത്ത്ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ്, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്തംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ് സജി മഞ്ഞക്കടമ്പന്‍. നേരത്തെ മാണി വിഭാഗത്തിന്റെ ശക്തനായ വക്താവായിരുന്നു സജി. ലോക്‌സഭാ തെരഞ്ഞെടുപ്പിലും സീറ്റിനായി ചില ശ്രമങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് സജി ജോസഫ് വിഭാത്തില്‍ എത്തിയത്.

അതേസമയം നേരത്തെ ഇരു കേരളാ കോണ്‍ഗ്രസുകളും ഒരുമിച്ചുണ്ടായിരുന്ന കാലത്തെ അത്ര എണ്ണം ജില്ലകളില്‍ പ്രാതിനിധ്യം ഇത്തവണ ജോസഫ് വിഭാഗത്തിന് നല്‍കിയിട്ടുണ്ട്. കോട്ടയത്തെ ചെയര്‍മാന്‍ സ്ഥാനത്തിന് പുറമെ ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നിവിങ്ങളില്‍ കണ്‍വീനര്‍ സ്ഥാനവും ജോസഫിനുണ്ട്.

ജോസഫ് വിഭാഗത്തിന് ലഭിച്ച സ്ഥാനങ്ങളില്‍ മാണി വിഭാഗത്തില്‍ നിന്നും വന്നവര്‍ക്ക് വിട്ടു നല്‍കിയത് പത്തനംതിട്ട മാത്രമാണ്. വിക്ടര്‍ തോമസിനെ കണ്‍വീനറായാണ് ഇവിടെ നിയമിച്ചിട്ടുള്ളത്.

Read Also…പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിച്ച് സജി മഞ്ഞക്കടമ്പന്‍; ജോസഫ് വിഭാഗം പൊട്ടിത്തെറിയിലേക്ക്‌

×