അഡ്വ. ഹാരിസ് ബീരാനെ കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിക്കുന്നതില്‍ നിന്നു മാറ്റി ;നടപടി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം

Vincent
Saturday, May 27, 2017

തിരുവനന്തപുരം : ഡിജിപി ടി.പി. സെന്‍കുമാറിനു വേണ്ടി സുപ്രീംകോടതിയില്‍ കേസ് വാദിച്ച അഡ്വ. ഹാരിസ് ബീരാനെ കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിക്കുന്നതില്‍നിന്നു മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. മൂന്നുമാസത്തിനിടെ 13 കേസുകളില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ഹൈക്കോടതിയിലെ സ്റ്റാന്റിങ് കൗണ്‍സിലിനെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

പത്തുവര്‍ഷത്തിലേറെയായി സുപ്രീംകോടതിയില്‍ കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിച്ചിരുന്നതു ഹാരിസ് ബീരാനാണ്. എന്നാല്‍ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയ ടി.പി. സെന്‍കുമാറിനു വേണ്ടി സുപ്രീംകോടതിയില്‍ വാദിക്കുകയും സര്‍ക്കാരിനു പ്രതികൂലമായി വിധി നേടിക്കൊടുക്കുകയും ചെയ്തതോടെയാണു ഹാരിസ് ബീരാന്‍ അനഭിമതനായത്. ഹാരിസിനെ മാറ്റാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദേശിക്കുകയായിരുന്നു. ഇതു സംബന്ധിച്ച കത്ത് ഗതാഗതമന്ത്രി കെഎസ്ആര്‍ടിസി എംഡിയ്ക്കു കൈമാറി. വി. ഗിരിയാണു പുതിയ അഭിഭാഷകന്‍.

ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കൗണ്‍സിലായ ജോണ്‍ മാത്യുവിനെയും ഒഴിവാക്കാന്‍ തീരുമാനിച്ചു. മൂന്നുമാസത്തിനിടെ 13 കേസുകളില്‍ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണിത്. റൂട്ടുകേസുകളടക്കം ഇതില്‍ ഉള്‍പ്പെടുന്നു. എന്‍സിപി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നുമാസം മുമ്പാണ് ജോണ്‍മാത്യുവിനെ നിയമിച്ചത്.

ഇതിനിടെ, അടുത്തമാസം 15 മുതല്‍ 7,000 രൂപയില്‍ താഴെ വരുമാനം ഉള്ള ഓര്‍ഡിനറി സര്‍വീസുകളിലെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും സംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താന്‍ എംഡി നിര്‍ദേശം നല്‍കി. ആറര മണിക്കൂറില്‍ അധികം ജോലിചെയ്യുന്നവര്‍ക്കു ശേഷിച്ച സമയത്തിനു തുല്യമായ തുക നല്‍കും. 7000 രൂപയില്‍ താഴെയുള്ള ഏതെങ്കിലും ഓര്‍!ഡിനറി സ്റ്റേ സര്‍വീസുകള്‍ നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ അവയെ ഡബിള്‍ ഡ്യൂട്ടിയായി പുനക്രമീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

 

×