പത്മശ്രീ നേടിയവരുടെ ഈ പേരുകള്‍ കേള്‍ക്കുമ്പോള്‍ നമുക്കും അഭിമാനം തോന്നുന്നു; പത്മ പുരസ്കാരങ്ങളെ മുന്‍ വര്‍ഷങ്ങളിലേതുപോലെ സിനിമാ അവാര്‍ഡാക്കാതെ സിവിലിയന്‍ ബഹുമതികളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനായതില്‍ രാജ്യത്തിന് അഭിമാനം !

Vincent
Thursday, September 7, 2017

പത്മ പുരസ്കാരങ്ങളുടെ പേരില്‍ രാജ്യത്ത് ആക്ഷേപങ്ങള്‍ നിറയുന്നത് ദശാബ്ദങ്ങളായുള്ള പതിവാണ്. രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതികള്‍ അനര്‍ഹരിലേക്ക് എത്തുന്നു എന്ന പരാതികള്‍ക്ക് അറുതിയുണ്ടായിട്ടില്ല. പണക്കൊഴുപ്പിന്റെ മറവില്‍ രാജ്യത്തിന്റെ യശസിന് വിലയിടുന്നവര്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു പതിവ്.

എന്നാല്‍ ഇത്തവണ അതിന് ഒരു പരിധിവരെ തടയിടാനും അര്‍ഹരായ ഒരുപറ്റം ആളുകളെ അവരര്‍ഹിക്കുന്ന വിധം ആദരിക്കാനും രാജ്യത്തിന്‌ കഴിഞ്ഞിരിക്കുന്നു എന്നഭിമാനിക്കാം. കുറഞ്ഞ പക്ഷം പത്മശ്രീ പുരസ്കാരങ്ങളുടെ കാര്യത്തിലെങ്കിലും. പത്മവിഭൂഷന്‍ പുരസ്കാരങ്ങള്‍ നേടിയ 7 പേരില്‍ രാഷ്രീയ വ്യക്തിത്വങ്ങള്‍ കടന്നുകൂടിയത് ഭൂഷണമല്ല. അതേസമയം യേശുദാസ്, സദ്‌ഗുരു ജഗ്ഗി വാസുദേവ്, പ്രൊഫ; യൂ ആര്‍ റാവു എന്നിവരുടെ കാര്യത്തില്‍ വിയോജിപ്പുകളില്ല. പത്മഭൂഷന്റെ കാര്യത്തില്‍ എന്നാല്‍ വലിയ ആക്ഷേപങ്ങള്‍ക്ക് സ്ഥാനമില്ല.

എന്നാല്‍ പ്രസിദ്ധരല്ലാത്തവരും അര്‍ഹാരായവരുമായ ഇരുപതോളം പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കണ്ടെത്തി പത്മശ്രീ നല്‍കിയെന്നതില്‍ ആഭ്യന്തര മന്ത്രാലയത്തെ അഭിനന്ദിക്കാതെ വയ്യ. സിനിമാ താരങ്ങളെയും വ്യവസായികളെയും പ്രാഞ്ചിയേട്ടന്‍മാരെയും മറ്റും തിരുകിക്കയറ്റി രാജ്യത്തിന്റെയും പുരസ്കാരങ്ങളുടെയും അന്തസ്സ് നശിപ്പിക്കുന്ന സമീപനം ഇത്തവണ മാറ്റിമറിച്ചു എന്നതില്‍ ആഭ്യന്തര വകുപ്പിനെ അഭിനന്ദിക്കണം.

നടന്‍ ജയറാമിനെപ്പോലുള്ളവര്‍ക്ക് പത്മശ്രീ നല്‍കിയ രാജ്യമാണിത്‌. ജയറാമിന് എന്തിനു പത്മശ്രീ കൊടുത്തെന്നു കേന്ദ്രസര്‍ക്കാരിനോ എന്തിനിത് കിട്ടിയെന്നു ജയറാമിനോ പോലും അറിയില്ല !

ആ പതിവിനു വിപരീതമായാണ് പണത്തിനും പ്രശസ്തിക്കും അംഗീകാരങ്ങള്‍ക്കും വേണ്ടി പരതി നടക്കാതെ സ്വന്തം കര്‍മ്മ മണ്ഡലങ്ങളില്‍ മികവും പ്രാഗത്ഭ്യവും തെളിയിച്ച് രാജ്യനന്മയ്ക്കായി പതിറ്റാണ്ടുകളായി അഹോരാത്രം പണിയെടുത്ത യഥാര്‍ത്ഥ പ്രതിഭകളെ കണ്ടെത്തി ആദരിക്കാന്‍ കഴിഞ്ഞതിലൂടെ സിവിലിയന്‍ ബഹുമതികളുടെ നഷ്ടപ്രതാപം വീണ്ടെടുത്തിരിക്കുകയാണ്.

കടത്തനാടന്‍ കളരി സംഘത്തിലെ മീനാക്ഷിയമ്മ ഗുരുക്കള്‍ (78), പട്ടുസാരി വേഗത്തില്‍ നെയ്യുന്നതിനുള്ള എ എസ് യു യന്ത്രം കണ്ടുപിടിച്ച ചിന്തകിണ്ടി മല്ലേശം, തെലുങ്കാനയില്‍ ഒരു കോടിയിലേറെ മരങ്ങള്‍ നട്ടുപിടിപ്പിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ചേട് ല രാമയ്യ, കല്‍ക്കട്ടയില്‍ അഗ്നിബാധയില്‍ പെടുന്നവര്‍ക്ക് രക്ഷകനായി ഓടിയെത്തുന്ന ബിപിന്‍ ഗണത്ര, 1985 ല്‍ ഇന്ത്യയില്‍ ആദ്യമായി എയ്ഡ്സ് രോഗം നിര്‍ണയിച്ച ഡോ. സുനിതി സോളമന്‍, ദേശീയ പാതകളില്‍ അപകടത്തില്‍പ്പെടുന്നവരെ സഹായിക്കുന്ന ലൈഫ് ലൈന്‍ ഫൌണ്ടേഷന്‍ സ്ഥാപകന്‍ ഡോ. സുബ്രതോ ദാസ്, ഇന്‍ഡോറില്‍ 68 വര്‍ഷമായി സൌജന്യ സേവനം നടത്തുന്ന ഗൈനക്കോളജിസ്റ്റ് ഡോ ഭക്തി യാദവ് (91), ദക്ഷിണേന്ത്യയില്‍ ചെലവ് കുറഞ്ഞ തൂക്കുപാലങ്ങള്‍ നിര്‍മ്മിച്ച ഗിരീഷ്‌ ഭരദ്വരാജ്, നേപ്പാളില്‍ മനുഷ്യക്കടത്തിനെതിരെ ധീരമായ പോരാട്ടം നടത്തി ആയിരക്കണക്കിന് പെണ്‍കുട്ടികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന അനുരാധ കൊയ് രാള,

ബംഗാളില്‍ മോട്ടോര്‍ ബൈക്കിനെ ആംബുലന്‍സാക്കി സൌജന്യ സേവനം നല്‍കുന്ന തൊഴിലാളി കരിമുല്‍ ഹഖ്, 50 വര്‍ഷമായി മഹാരാഷ്ട്രയിലെ ഗ്രാമങ്ങള്‍ തോറും ശൌചാലയങ്ങള്‍ നിര്‍മ്മിക്കുന്ന ഡോ. മാ പുസ്കര്‍, പഞ്ചാബില്‍ 160 കിലോമീറ്റര്‍ നീളമുള്ള കാളി ബെയ്ന്‍ നടി പുനരുജ്ജീവിപ്പിച്ച ബല്‍ബീര്‍ സിംഗ് സീചേവാള്‍, അന്ധരുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശേഖര്‍ നായിക് എന്ന് തുടങ്ങി ഇത്തവണ പത്മശ്രീ നേടിയവരുടെ പേരുകള്‍ കേള്‍ക്കുമ്പോള്‍ ഇവരെ ആദരിച്ചതില്‍ നമുക്കും അഭിമാനം തോന്നും.

ചാനലുകളുടെ സിനിമാ അവാര്‍ഡ് പോലെ മുന്‍ യു പി എ സര്‍ക്കാരിന്റെ കാലത്തെ മാനദണ്ഡങ്ങളായിരുന്നു ഇത്തവണയും തുടര്‍ന്നതെങ്കില്‍ നടന്‍ ജയറാമിന് പിന്നാലെ സണ്ണി ലിയോണും പ്രിയങ്ക ചോപ്രയും പ്രഭുദേവയും നയന്‍താരയും ദിലീപും കാവ്യാ മാധവനുമൊക്കെ ഇപ്രാവശ്യത്തെ ലിസ്റ്റില്‍ ഇടംപിടിക്കുമായിരുന്നു.

പിന്നെ ഫോട്ടോയ്ക്ക് മുമ്പില്‍ അനാഥാലയത്തിലെ വൃദ്ധര്‍ക്ക് ഭക്ഷണം വാരി നല്‍കുന്ന വ്യവസായിയും മൂന്നോ നാലോ കൊലപാതകങ്ങള്‍ നടത്തി ഇന്നും ഗള്‍ഫില്‍ ക്ലിനിക്കല്‍ മേഖലയില്‍ പ്രിയങ്കരനായി വിലസുന്ന “ധര്‍മ്മിഷ്ടനായ” പുതിയ പ്രാഞ്ചിയേട്ടനുമൊക്കെ പുരസ്കാരം കിട്ടാമായിരുന്നു.

എന്തായാലും വര്‍ഷങ്ങളായി ഈ മേഖലയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി എല്ലാം ശരിയെന്ന് പറയാനാവില്ലെങ്കിലും ഭൂരിപക്ഷം പേരെയും അര്‍ഹരായവരെ തെരഞ്ഞെടുത്ത ആഭ്യന്തര മന്ത്രാലയത്തിനും അതിനു നിര്‍ദ്ദേശം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കും ഞങ്ങളുടെ അഭിനന്ദനം

എഡിറ്റര്‍.

×