ഓസ്‌ട്രേലിയക്കെതിരെ 100 സിക്‌സുകള്‍; നേട്ടത്തിലേക്ക് എത്തുന്ന ആദ്യ താരമായി രോഹിത് ശര്‍മ

സ്പോര്‍ട്സ് ഡസ്ക്
Friday, January 8, 2021

സിഡ്‌നി: ഏറെ നാള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയ രോഹിത് സിഡ്‌നിയില്‍ സ്‌കോര്‍ ഉയര്‍ത്താനായില്ല എങ്കിലും രോഹിത് പാടെ നിരാശപ്പെടുത്തിയില്ല. 77 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സും പറത്തി 26 റണ്‍സുമായി മടങ്ങിയ രോഹിത് ഓസ്‌ട്രേലിയക്കെതിരെ ഒരു റെക്കോര്‍ഡും തന്റെ പേരില്‍ ചേര്‍ത്തു.

ഓസ്‌ട്രേലിയക്കെതിരെ രാജ്യാന്തര ക്രിക്കറ്റില്‍ 100 സിക്‌സുകള്‍ പറത്തുന്ന ആദ്യ താരം എന്ന നേട്ടമാണ് സിഡ്‌നിയില്‍ രോഹിത് സ്വന്തമാക്കിയത്. ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിനെ ലോങ് ഓഫിന് മുകളിലൂടെ സിക്‌സ് പറത്തിയാണ് രോഹിത് നേട്ടത്തിലേക്ക് എത്തിയത്.

ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 63 സിക്‌സ് ആണ് രോഹിത് നേടിയത്. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇത്രയും സിക്‌സുകള്‍ നേടിയ ഏക താരവും രോഹിത് തന്നെ. തന്റെ 424ാമത്തെ സിക്‌സ് ആണ് രോഹിത് സിഡ്‌നിയിലെ ഒന്നാം ഇന്നിങ്‌സില്‍ നേടിയത്.

ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് രോഹിത്തിന്റെ പേരിലാണ്. ഒരു എതിരാളിക്ക് എതിരെ മൂന്ന് ഫോര്‍മാറ്റിലുമായി 100 സിക്‌സ് പറത്തുന്ന ഏക താരമല്ല രോഹിത്. ക്രിസ് ഗെയ്ല്‍ ഇംഗ്ലണ്ടിന് എതിരെ 140 സിക്‌സുകള്‍ പറത്തിയിട്ടുണ്ട്.

×