തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ ആഴക്കടല്‍ മത്സ്യബന്ധനത്തിന് വേണ്ടി അമേരിക്കന്‍ കുത്തക കമ്പനിയായ ഇഎംസിസിയും പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയും തമ്മിലുണ്ടാക്കിയ 5000 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഴക്കടല്‍ കൊള്ളയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരികയും ഇതിലെ സര്‍ക്കാരിന്റെ പല കള്ളകളികളും പുറത്താകുകയും ചെയ്ത സാഹചര്യത്തിലാണ് കരാര്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതമായത്.
അതിലുപരി, മത്സ്യതൊഴിലാളികള്‍ക്കിടയില്‍ സര്‍ക്കാരിനെതിരെ വലിയ ജനവികാരം ഉയര്‍ന്നുവരികയും ചെയ്ത സാഹചര്യത്തിലാണ് നാണംകെട്ട് കരാറില്‍ നിന്നും പിന്മാറിയത്. പ്രതിപക്ഷ ആരോപണത്തെതുടര്‍ന്ന് ഇടതുസര്‍ക്കാര്‍ പിന്‍വലിച്ച 11-ാമത്തെ പദ്ധതിയാണ് ആഴക്കടല്‍ മത്സ്യബന്ധന ധാരണാപത്രം. ഇക്കഴിഞ്ഞ ദിവസം ഇഎംസിസിയും ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനുമായി ഉണ്ടാക്കിയ 2950 കോടി രൂപയുടെ ധാരണാ പത്രവും റദ്ദാക്കിയിരുന്നു.
ചേര്‍ത്തല പള്ളിപ്പുറത്ത് നല്‍കിയ നാലേക്കര്‍ സ്ഥലം നല്‍കാമെന്നായിരുന്നു ധാരണാപത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളായിരിക്കും റദ്ദ് ചെയ്യുക. ഏകദേശം 5000 കോടി രൂപ ചിലവ് പ്രതീക്ഷിച്ചിരുന്ന ആഴക്കടല്‍ മത്സ്യബന്ധനം, തുറമുഖങ്ങളുടെ നവീകരണം അതോടൊപ്പം തന്നെ മത്സ്യ സംസ്‌കരണം, നവീകരണം, വിതരണം തുടങ്ങിയവ യെല്ലാം ഉള്‍പ്പെടുന്ന ഗൃഹത്തായ പദ്ധതി കെഎസ്‌ഐഡിസിയും ഇഎംസിസി എന്ന കമ്പനിയും തമ്മില്‍ അസന്റ് എന്നുള്ള നിക്ഷേപസംഗമത്തില്‍ വെച്ചാണ് ഒപ്പിടുന്നത്. ഇതിപ്പോള്‍ റദ്ദാക്കുകയെന്ന തീരുമാനത്തിലാണ് വ്യവസായി മന്ത്രി എത്തിയിരിക്കുന്നത്. പ്രതിപക്ഷം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു അതുപോലെതന്നെ വളരെ തെറ്റായ തരത്തിലുള്ള ധാരണകള്‍ സമൂഹത്തില്‍ പരത്തുന്നു എന്നൊക്കെയുള്ള വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.
‘അസെന്‍ഡ്’ നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടത് 2020 ഫെബ്രുവരി 28നാണ്. ആറുമാസം കഴിഞ്ഞാല്‍ ധാരണാപത്രത്തിനു സാധുതയില്ലെന്നായിരുന്നു സര്‍ക്കാര്‍വാദം. മന്ത്രി ഇ.പി.ജയരാജന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ഏത് കരാര്‍, എന്ത് കരാര്‍, ആരുമായും അത്തരം കരാറില്ലെന്നുമൊക്കെയായിരുന്നു ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും, വ്യവസായ മന്ത്രി ഇ.പി ജയരാജനും പറഞ്ഞിരുന്നത്. 2018-ല്‍ മേഴ്‌സിക്കുട്ടിയമ്മയും ഇഎംസിസി ്പ്രതിനിധികളും തമ്മില്‍ ന്യൂയോര്‍്ക്കില്‍ വെച്ച് ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ച് ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് 5000 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവെച്ചെന്നായിരുന്നു രമേശ് ചെന്നിത്തല തെളിവുകള്‍ സഹിതം ഉന്നയിച്ചത്.
എന്നാല്‍, മേഴ്‌സിക്കുട്ടിയമ്മ ഇക്കാര്യം പാടെ നിഷേധിച്ചു. പ്രതിപക്ഷ നേതാവ് പിറ്റേന്ന് ഇഎംസിസി പ്രതിനിധികളുമായി മേഴ്‌സിക്കുട്ടിയമ്മ ചര്‍ച്ച നടത്തുന്നതിന്റെ ചിത്രം പുറത്തുവിട്ടതോടെ മന്ത്രിക്കൊടുവില്‍ സമ്മതിക്കേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമാനമായ കള്ളങ്ങളാണ് പറഞ്ഞിരുന്നത്.
ഇഎംസിസി എന്ന തട്ടിക്കൂട്ട് കമ്പനിയുമായി മുഖ്യമന്ത്രിയുടെ വകുപ്പിലുള്ള കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ (കെഎസ്‌ഐഎന്‍സി) 2950 കോടി രൂപയുടെ കരാറില്‍ ഒപ്പുവെച്ചതും വിവാദമായിരുന്നു. ഇക്കാര്യം സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിച്ചുകൊണ്ടുള്ള പരസ്യവും രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്നതോടെ സര്‍ക്കാരിന് നിക്കകള്ളിയില്ലാതായി. എന്നിട്ടും പതിവ് പോലെ ന്യായീകരണങ്ങളും മലക്കംമറിച്ചിലുകളും നടത്തുകയായിരുന്നു പിണറായിയും കൂട്ടരും. സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ കൈയോടെ പിടിക്കപ്പെട്ടപ്പോള്‍ പ്രതിപക്ഷത്തെ ആക്ഷേപിക്കാനാണ് മുഖ്യമന്ത്രിയും കൂട്ടരും ശ്രമിച്ചിരുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ ഒരു തരത്തിലും അംഗീകാരം നല്‍കിയിട്ടില്ലെന്ന് വീമ്പടിച്ചവരാണ് ഇപ്പോള്‍ ധാരണാപത്രം റദ്ദാക്കിയിരിക്കുന്നത്.
തീരദേശവാസികളുടെ ആശങ്കകള്‍ കണക്കിലെടുക്കാതെയും കൂടിയാലോചനകള്‍ നടത്താതെയും വിദേശ കമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിന് ധാരണാ പത്രം ഒപ്പിട്ടതിനെതിരെ ലത്തീന്‍ സഭയും, കേരള കത്തോലിക്ക മെത്രാന്‍ സമിതിയും രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ പ്രക്ഷോഭണങ്ങളും സഭയുടെ എതിര്‍പ്പും ഭയന്നാണിപ്പോള്‍ ധാരണാപത്രം റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത്. അതിലുപരി, രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി ആശയവിനിമയം നടത്തുകയും, അവരുടെ പ്രശ്‌നങ്ങള്‍ ദേശീയ തലത്തില്‍ ചര്‍ച്ച ആകുകയും ചെയ്തതോടെയാണ് മനസ്സില്ലാ മനസ്സോടെ ധാരണാപത്രം റദ്ദ് ചെയ്യാന്‍ തയ്യാറായത്. അടുത്ത മാസം ഒന്നാം തീയതി മുതല്‍ അഞ്ചാം തീയതി വരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ തീരദേശ മേഖലകളില്‍ പ്രചരണ ജാഥകള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, ഇ.എം.സി.സി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് തുറന്നുസമ്മതിച്ച് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. കമ്പനിയെക്കുറിച്ച് സര്‍ക്കാരിന് മികച്ച അഭിപ്രായമില്ലെന്ന് മന്ത്രി വാര്‍ത്താ ചാനലുകളോട് പറഞ്ഞിരുന്നു. കമ്പനിയെപറ്റി മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍ അയച്ച കത്ത് താന്‍ കണ്ടിട്ടില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പൊതുമേഖലാസ്ഥാപനം വിദേശകമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതിന്റെ ലക്ഷ്യം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നൊക്കെയാണ് മന്ത്രി ഇപ്പോഴും പറയുന്നത്. തൊണ്ടിയോടെ പിടിക്കപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് വീണ്ടും വീണ്ടും കള്ളത്തരങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.