1889 ജനുവരി 4. അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു. സമയം വൈകുന്നേരം നാലുമണിയോട് അടുക്കുകയാണ്. ഫോര്‍ട്ട്കൊച്ചിയുടെ ആകാശം ജനുവരിയുടെ തെളിച്ചത്തില്‍ കൂടുതല്‍ പ്രഭാവതിയായിരുന്നു. അറബിക്കടലിലെ തിരമാലകള്‍ കരയിലേയ്ക്ക് കയറിയിറങ്ങി കളിച്ചുകൊണ്ടേയിരുന്നു. മീന്‍ പിടിയ്ക്കാന്‍ പോയ കൊച്ചുവള്ളങ്ങളും തടിയും കരയണയുന്നതും കാത്ത് പരുന്തും കാക്കയും തിരക്ക് കൂട്ടി പറന്നു…
''ബ്രിട്ടീഷ്കൊച്ചി''യിലെ പാണ്ടികശാലകളില്‍ നിന്ന് ഏലത്തിന്‍റെയും കുരുമുളകിന്‍റെയും ചുക്കിന്‍റെയും കറുവപ്പട്ടയുടെയും ഗ്രാമ്പൂവിന്‍റെയും സുഗന്ധം പരന്നു. ബ്രിട്ടീഷ് കമ്പനികളായ ആസ്പിന്‍ വാളിലും പിയേഴ്സ് ലെസ്ലിയിലും വോക്ക് ആര്‍ട് ബ്രോസിലും തൊഴിലാളികള്‍ അന്നത്തെ ജോലി തീര്‍ക്കാന്‍ ഓടി നടന്നു.
പെട്ടന്നായിരുന്നു വോക്ക് ആര്‍ട് ബ്രോസ് കമ്പനിയുടെ പുറകില്‍ നിന്നും ഭീതി ഉണര്‍ത്തി ആകാശത്തേയ്ക്ക് കറുത്ത പുകച്ചുരുളുകള്‍ ഉയര്‍ന്നത്. മീന്‍ പിടുത്തക്കാരുടെ നിലവിളി കരയെത്തി. വോക്ക് ആര്‍ട് കമ്പനിയുടെ മേധാവി കിളിവാതില്‍ തുറന്ന് നോക്കിയപ്പോള്‍ ആ കാഴ്ച കണ്ട് ഞെട്ടിവിറച്ചുപോയി.
കമ്പനിയോട് ചേര്‍ന്ന് നങ്കൂരമിട്ടിരുന്ന ചന്ദ്രഭാനു എന്ന കപ്പലിന് തീപ്പിടിച്ചിരിയ്ക്കുന്നു. ഓലമേഞ്ഞ കെട്ടിടങ്ങളും പാണ്ടികശാലകളും അഗ്നിനാളങ്ങള്‍ വിഴുങ്ങും. അയാള്‍ അലറിവിളിച്ചു. പേടിച്ചരണ്ട് ഒരു ജീവനക്കാരന്‍ വന്നു.
''ആ ഉരുവിന്റെ കയര്‍ ചെത്തിക്കണ്ടിച്ച് വിട് '' അയാള്‍ ഭയപ്പാടോടെ തൊഴിലാളിയോട് പറഞ്ഞു. തൊഴിലാളി പാഞ്ഞു. ഉടനെതന്നെ രണ്ട് ആശാരിമാര്‍ ഉളി കടിച്ചുപിടിച്ച് നീന്തിച്ചെന്ന് കയര്‍ ചെത്തിക്കണ്ടിച്ചു.
തേക്കുതടിയില്‍ തീര്‍ത്ത 500 ടണ്‍ കേവുഭാരമുള്ള ചന്ദ്രഭാനു കെട്ടുചെത്തിവിട്ടപ്പോള്‍ തീഗോളമായി കടലിലൂടെ കാറ്റില്‍ വിറളിപിടിച്ച് പാഞ്ഞു. കടല്‍ക്കാറ്റേറ്റ് അഗ്നി പടര്‍ന്നുകയറിയ കപ്പല്‍ പിയേഴ്സ് ലെസ്ലിയും ആസ്പിന്‍വാളും അഗ്നിക്കിരയാക്കിയിട്ട് വോക്ക് ആര്‍ട്ട് ബ്രോസും ഹോമിച്ചു. ടണ്‍കണക്കിന് വെളിച്ചെണ്ണയും കയറും കയറുല്‍പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അഗ്നി തിന്നുതീര്‍ത്തു.
കല്‍വത്തിയിലുളള മുന്നൂറോളം ഓലക്കെട്ടിടങ്ങള്‍, സ്വദേശികളുടെയും വിദേശികളുടെയും ഉള്‍പ്പെടെ ഹനുമാന്‍ ലങ്കാപുരി ദഹിപ്പിച്ചപോലെ ചന്ദ്രഭാനു ദഹിപ്പിച്ചു. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒരു മിണ്ടാപ്രാണിയുടെ സ്വാതന്ത്ര്യസമരയുദ്ധവും പ്രതികാരമായിരുന്നോ അത്…
ചന്ദ്രഭാനുവിന്റെ കഥ
1795 ലാണ് ബ്രിട്ടന്‍ ഫോര്‍ട്ട് കൊച്ചി നിയന്ത്രണത്തിലാക്കുന്നത്. അവര്‍ പിന്നീട് ഫോര്‍ട്ട് കൊച്ചിയ്ക്ക് ബ്രിട്ടീഷ് കൊച്ചി എന്ന് പേരിട്ടു. സ്വദേശികള്‍ക്ക് യാതൊരു സ്വാതന്ത്ര്യവും അനുവദിച്ചുകൊടുക്കാറില്ലായിരുന്നുവല്ലോ അവര്‍. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് ഇവിടെ വന്ന് കച്ചവടം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്തു.
കൊച്ചിയുടെ നിയന്ത്രണം ഏറ്റെടുത്ത ബ്രിട്ടന്‍ ജനങ്ങളെ ദ്രോഹിയ്ക്കാതിരിക്കുമോ. തീരദേശവാസികളായ കൊച്ചിനിവാസികള്‍ക്ക് യാത്രചെയ്യേണ്ടിവരുന്നതും കച്ചവട ആവശ്യങ്ങള്‍ക്കായി ആശ്രയിക്കേണ്ടിവരുന്നതും വള്ളങ്ങളെയും ചെറിയ ഉരുക്കളെയുമായിരുന്നു. അതിനാല്‍ സ്വന്തമായി ഉരുക്കളോ, കപ്പലോ ഉണ്ടാക്കാന്‍ നമ്മുടെ നാട്ടുകാരെ അനുവദിച്ചില്ല. നാട്ടുകാരായ ധനാഢ്യര്‍ കപ്പലുണ്ടാക്കിയാല്‍ മറ്റ് വിദേശികളുമായി കച്ചവടത്തില്‍ ഏര്‍പ്പെട്ടാലോ എന്ന ഭയമായിരിക്കണം അതിനുപിന്നില്‍.
എന്നാല്‍ രണ്ടും കല്‍പിച്ച് നാട്ടുകാരനായ ഒരു ധനികന്‍ ഒരു കപ്പല്‍ നിര്‍മ്മിച്ചു. തേക്കുതടിയില്‍ തീര്‍ത്ത 500 ടണ്‍ കേവുഭാരമുള്ള വലിയ കപ്പല്‍, ചന്ദ്രഭാനു. കപ്പല്‍ നീരണിയുന്നത് കാണാന്‍ ആബാലവൃദ്ധവും കരയില്‍ തടിച്ചുകൂടി. അഭിമാനത്തോടെ, ആര്‍പ്പ് വിളികളുടെ അകമ്പടിയോടെ കപ്പല്‍ നീരണിഞ്ഞു. ഓളപ്പരപ്പിലൂടെ ചന്ദ്രഭാനു മെല്ലെമെല്ലെ നീങ്ങി.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ചന്ദ്രഭാനു ജെട്ടിയില്‍ വിശ്രമിയ്ക്കുമ്പോള്‍ സായ്പിന്റെ ആള്‍ക്കാര്‍ ചന്ദ്രഭാനുവിനെ പിടിച്ചെടുത്തു. മദ്രാസ് കോടതിയില്‍ നിന്നും കപ്പല്‍ പിടിച്ചെടുക്കാനുള്ള ഉത്തരവ് കൈക്കലാക്കിയിരുന്നു സായപ്. ബ്രിട്ടീഷുകാരുടെ വിലക്ക് മറികടന്ന് ഒരു നാട്ടുകാരന്‍ കപ്പല്‍ നിര്‍മ്മിച്ചതിന്റെ വൈരാഗ്യമായിരുന്നു കാരണം.
ചന്ദ്രഭാനുവിനെ കെട്ടിവലിച്ച് കൊണ്ടുപോയി വോക്ക് ആര്‍ട് ബ്രോസ് കമ്പനിയുടെ പുറകില്‍ നങ്കൂരമിട്ടു.
തീപ്പിടിച്ച് കടലിലൂടെ കാറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി നടന്ന ചന്ദ്രഭാനുവിനെ പീരങ്കി വെടിവച്ച് കടലില്‍ താഴ്ത്തിയത് ബ്രണ്ടന്‍ കമ്പനി അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു. ചന്ദ്രഭാനു കൊളുത്തിയ തീ ഒരാഴ്ചയിലധികം തീരമേഖലയില്‍ നിന്നുകത്തുകയായിരുന്നു. അന്ന് ഇന്നത്തെ പോലെ ഫയര്‍ റെസ്ക്യൂ സംവിധാനമുണ്ടായിരുന്നില്ലല്ലോ. നാട്ടുകാര്‍ അവരെക്കൊണ്ട് ആവുന്നപോലെ തീ കെടുത്താന്‍ പ്രയത്നിച്ചപ്പോള്‍ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു ക്രൂരരായ ബ്രിട്ടീഷ്കാര്‍ എന്ന് കൊച്ചിന്‍ ആര്‍ഗസ് എന്ന ഇംഗ്ളീഷ് പത്രം ''The Great Fire of Cochin'' എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
''കൊച്ചിയിലെ ഭയങ്കര തീപ്പിടിത്തത്തിന്റെ'' ഓര്‍മ്മയും പേറി ഫോര്‍ട്ട്കൊച്ചി ബീച്ചില്‍ ഒരു സ്മാരകം അധികമാരും ശ്രദ്ധിയ്ക്കാതെ നില്‍ക്കുന്നുണ്ട്. വിക്ടോറിയ ജെട്ടിയില്‍ 1890 ഒക്ടോബര്‍ മാസത്തില്‍ അന്നത്തെ തുറമുഖ ഓഫീസറായിരുന്ന ജെ.ഇ വിങ്ക്ലര്‍ സായ്പ് ഒരു തൂണ് തീപ്പിടത്തത്തിന്റെ സ്മാരകമായി സ്ഥാപിച്ചു.
ഈ തൂണിനും ഉണ്ട് ഒരു കഥ. 1663 ല്‍ പോര്‍ച്ച്ഗീസ്കാര്‍ കൊച്ചിയില്‍ നിര്‍മ്മിച്ച സാന്താക്രൂസ് ബസലിക്കയുടെ തൂണായിരുന്നു ഇത്. പിന്നീട് ഡച്ച്കാര്‍ പോര്‍ച്ചഗീസ്കാരെ തോല്‍പിച്ചപ്പോള്‍ ഈ പള്ളി അവരുടെ ആയുധപ്പുര ആക്കുകയായിരുന്നു. 18-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ്കാര്‍ കൊച്ചിയെ ആക്രമിച്ചപ്പോള്‍ ഈ പള്ളി തകര്‍ത്തു. കേടുപാടുകൂടാതെ കിടന്ന ഈ തൂണ് തീപ്പിടുത്ത സ്മാരകത്തിനായി ആരോ കണ്ടെത്തുകയായിരുന്നു. ഒരേ സമയം പോര്‍ച്ച്ഗീസ്കാരുടെ ബസലിക്കയുടെ സ്മാരകവും കൊച്ചിയിലെ തീപ്പിടിത്തത്തിന്റെ സ്മാരകവും ആകാന്‍ ഈ തൂണിന് ഭാഗ്യമുണ്ടായി.
വിക്ടോറിയ ജട്ടിയില്‍ നിന്നും ഈ സ്മാരകം പിന്നീട് കൊച്ചിയിലെ പൈലറ്റ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടിലേയ്ക്ക് മാറ്റിസ്ഥാപിച്ചത് കഴ്സണ്‍ പ്രഭുവിന്റെ ബ്രിട്ടീഷ് കൊച്ചി സന്ദര്‍ശനത്തിന് മുന്നോടിയായിരുന്നു. അത് മാറ്റാന്‍ ഉണ്ടായ കാരണം ആ സ്മാരകം ജെട്ടിയുടെ മുന്നില്‍ നിന്നാല്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് തടസ്സമുണ്ടാക്കുമെന്ന് പറഞ്ഞായിരുന്നു.
ഇന്ത്യ സ്വതന്ത്രയായി. കൊച്ചി കോര്‍പറേഷനായി. ഫോര്‍ട്ട്കൊച്ചി ബീച്ചിന്റെ സൗന്ദര്യ വല്‍ക്കരണം നടക്കുന്ന സമയം. പൈലറ്റ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ടില്‍ നിന്നും ഇന്നുകാണുന്ന സ്ഥലത്തേയ്ക്ക് ഈ സ്മാരകം മാറ്റി സ്ഥാപിച്ചു.
ഇന്ന് 2021 ജനുവരി 4 - 'കൊച്ചിയിലെ വന്‍ തീപിടുത്തത്തിന്‍റെ' 131-ാം വാര്‍ഷിക ദിനം…