ഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 48 പേരെന്ന് ആരോഗ്യ മന്ത്രാലയം. ഇതോടെ ആകെ മരണം 872 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1,396 പേരില്‍ കൂടി കൊവിഡ് പോസിറ്റീവ് കണ്ടെത്തിയതോടെ ആകെ രോഗബാധിതര്‍ 27,892 ആയി. രാജ്യത്ത് ഇതുവരെ 6,185 പേര്‍ക്കാണ് അസുഖം ഭേദമായത്.
/sathyam/media/post_attachments/qJIZSSf52RUSNbkCKjwe.jpg)
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുളളതും മരണം സംഭവിച്ചതും മഹാരാഷ്ട്രയിലാണ്. 8,068 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഇവിടെ 342 പേരാണ് ഇതുവരെ മരിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ വലിയതോതില്‍ വര്‍ധനയുണ്ടായ മഹാരാഷ്ട്രയിലെ മുംബൈ, പൂനെ എന്നിവിടങ്ങളില്‍ മേയ് 18 വരെ ലോക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് വിവരം. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഗുജറാത്തിലാണ് കൂടുതല്‍ രോഗികളുളളത്. 3,301 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 151 പേരാണ് മരിച്ചത്.
ഡല്‍ഹിയില്‍ ഇതുവരെ 2,918 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തെലങ്കാനയില്‍ ഇന്നലെ 11 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് കണ്ടെത്തിയതോടെ രോഗികളുടെ എണ്ണം 1,001 ആയി. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്ന ഒന്‍പത് സംസ്ഥാനങ്ങളാണുളളത്.
രാജ്യത്ത് രണ്ടാംഘട്ട ലോക്ക് ഡൗണ്‍ മേയ് മൂന്നിന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് ചര്‍ച്ച നടത്തും. ലോക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം ഏഴ് സംസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കും.
ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാള്‍, പഞ്ചാബ്, തെലങ്കാന, ഒഡീഷ എന്നി സംസ്ഥാനങ്ങളാണ് മേയ് 15 വരെ എങ്കിലും ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യം ഉയര്‍ത്തുന്നത്.