Advertisment

കേരള ബജറ്റ് 2023; സ്ത്രീസുരക്ഷയ്ക്ക് 14 കോടി; മെൻ‌സ്ട്രൽ കപ്പുകളുടെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കും

New Update

publive-image

Advertisment

തിരുവനന്തപുരം: സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് പ്രാബല്യത്തിൽ വരുത്തിയിട്ടുള്ള വിവിധ നിയമങ്ങളുടെയും ഭരണഘടനാ വ്യവസ്ഥകളുടെയും നടപ്പാക്കൽ അവലോകനത്തിനും അവ ശക്തിപ്പെടുത്തുന്നതിനുമായി 14 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സ്കൂളുകളിലെ സൈക്കോ സോഷ്യൽ പദ്ധതികൾക്കായി 51 കോടി രൂപ മാറ്റി വച്ചതായും മന്ത്രി പറഞ്ഞു.

സാനിറ്ററി നാപ്കിനുകൾക്ക് പകരമായി കൂടുതൽ പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ മെൻസ്ട്രൽ കപ്പുകളുടെ ഉപയോ​ഗം പ്രേത്സാഹിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ഇതിനായി സ്കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ സർക്കാർ തലത്തിൽ ബോധവൽക്കരണവും പ്രചരണവും സംഘടിപ്പിക്കും. ഇതിന് 10 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

ജെൻഡർ‌ പാർക്കിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ വകയിരുത്തി. അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കാൻ ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്ന പദ്ധതിയുടെ നടത്തിപ്പിനായി 63.5 കോടി രൂപ വകയിരുത്തി. സംസ്ഥാനത്ത് ക്രഷുകൾ കൂടുതലായി ആരംഭിക്കേണ്ടത് അത്യാവശ്യമാണ്. ഐടി വ്യവസായ രം​ഗത്തുള്ളവരുമായുള്ള ചർച്ചയിൽ, തൊഴിൽ ശാലകൾക്ക് സമീപം വയോജനങ്ങൾക്ക് ഡേ കെയർ കേന്ദ്രങ്ങൾ കൂടി ഉണ്ടാകണം എന്ന അഭിപ്രായം ഉയർന്നുവന്നു.

തദ്ദേശസ്ഥാപനങ്ങൾ, ജനകീയ സമിതികൾ എന്നിവയുടെ സഹകരണത്തോടെ കൂടുതൽ ഡേ കെയർ സെന്ററുകൾ, ക്രഷുകൾ ആരംഭിക്കാനുള്ള നടപടികൾ തുടങ്ങും. ഇതിനായി 10 കോടി രൂപ മാറ്റിവച്ചു.  കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പദ്ധതികൾക്കായി 19.3 കോടി രൂപ വകയിരുത്തി. നിലവിലുള്ള 28 പോക്സോ ഫാസ്റ്റ്ട്രാക്ക് കോടതികളുടെ തുടർച്ചയായ പ്രവർത്തനങ്ങൾക്കായും 28 പുതിയ കോടതികൾ സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാ​ഗമായി 8.5 കോടി രൂപ വകയിരുത്തി.

സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാനവിഹിതമായി 13 കോടി രൂപ വകയിരുത്തി. ഇതിലേക്ക് കേന്ദ്രവിഹിതമായി 19.50 കോടി രൂപ പ്രതീക്ഷിക്കുന്നതായും മന്ത്രി ബജറ്റ് പ്രസം​ഗത്തിൽ പറഞ്ഞു.

Advertisment