10 വർഷം മുൻപ് നടന്ന പതിനാലുകാരന്റെ ദുരൂഹ മരണത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നാളെ

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, October 13, 2019

തിരുവനന്തപുരം : ഭരതന്നൂരിലെ പതിനാലുകാരന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് നാളെ മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റ്‌മോർട്ടം നടപടികൾ സ്വീകരിക്കും. 10 വർഷം മുൻപ് നടന്ന ദുരൂഹ മരണം. പൊലീസ് അന്വേഷിച്ചു അപകട മരണമെന്ന് വിധിയെഴുതി.

ക്രൈ ബ്രാഞ്ച് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു. എന്നിട്ടും ഇത് വരെയും പ്രതിയെ പിടികൂടാനായില്ല. മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തു കേസിനു തുമ്പുണ്ടാക്കാൻ ശ്രമിക്കുകയാണ് ക്രൈംബ്രാഞ്ച്.

പാല് വാങ്ങാൻ വീട്ടിൽ നിന്ന് പോയ കുട്ടി. പാൽ വാങ്ങിയെങ്കിലും തിരികെ വന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിൽ മൃതദേഹം വീടിനടുത്തുള്ള കുളത്തിൽ കണ്ടെത്തി. ലോക്കൽ പൊലീസ് അന്വേഷിച്ചു ഒരു സംശയവുമില്ലാതെ റിപ്പോർട്ട് നൽകി.

അബദ്ധത്തിൽ കുളത്തിൽ വീണ് മുങ്ങി മരണമെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ ആദർശിന്റെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നും, കുളത്തിലെ വെള്ളം കുടിച്ചിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഈ വൈരുധ്യം ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങിയപ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അപകട മരണമെന്ന് കരുതിയിരുന്നത് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞു. വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് കൂടത്തായി മോഡലിൽ മൃതദേഹം പുറത്തെടുത്തെടുത്ത് നാളെ വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമനിക്കുന്നത്.

×