22 കാരനായ കോളജ് വിദ്യാർത്ഥിയാണെന്നു പറഞ്ഞ് വ്യാജ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലുണ്ടാക്കി; പെൺകുട്ടിയുടെ ചിത്രങ്ങൾ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തി; 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45കാരൻ അറസ്റ്റിൽ

New Update

പാലക്കാട്; 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ 45കാരൻ അറസ്റ്റിൽ. എറണാകുളം കളമശ്ശേരി കൈപ്പടിയില്‍ ദിലീപ് കുമാറാണ് അറസ്റ്റിലായത്. വ്യാജ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലുണ്ടാക്കി പെൺകുട്ടിയുടെ ചിത്രങ്ങൾ കൈവശപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ചാലിശ്ശേരി സ്വദേശിയായ 16 കാരി വീടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.

Advertisment

publive-image

22 കാരനായ കോളജ് വിദ്യാർത്ഥിയാണെന്നു പറഞ്ഞുകൊണ്ടാണ് പെൺകുട്ടിയുമായി ഇയാൾ പരിചയപ്പെടുന്നത്. ബന്ധുവായ യുവാവിന്റെ ചിത്രങ്ങളാണ് ഇതിനായി ഇയാൾ പ്രൊഫൈൽ ചിത്രമാക്കിയത്.

പിന്നീട് പലപ്പോഴായി പെണ്‍കുട്ടിക്ക് കൈമാറിയിരുന്നതും ഇതേ യുവാവിന്റെ ചിത്രങ്ങളായിരുന്നു. മാതാപിതാക്കള്‍ ബാങ്ക് ഉദ്യോഗസ്ഥരാണെന്നാണ് പറഞ്ഞിരുന്നത്. അമ്മയാണെന്ന് വിശ്വസിപ്പിക്കാനായി കൂട്ടുകാരിയെക്കൊണ്ട് പെണ്‍കുട്ടിയുമായി ഫോണില്‍ സംസാരിപ്പിക്കുകയും ചെയ്തു.

പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഇടപെടല്‍. ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ് 16കാരിയുടെ ആത്മഹത്യയിലെത്തിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടി കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

പെണ്‍കുട്ടിയുടെ ഫോണ്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് ചാലിശ്ശേരി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ദിലീപ് കുമാറിനെ അറസ്റ്റു ചെയ്യുന്നത്. സമൂഹമാധ്യമത്തിൽ മുഖം പ്രദര്‍ശിപ്പിക്കാതെ വര്‍ഷങ്ങളായി മറ്റൊരു യുവതിയുമായി ഇതേ രീതിയില്‍ ദിലീപ് കുമാർ സൗഹൃദം സ്ഥാപിച്ചിരുന്നതായും കണ്ടെത്തി.

arrest report
Advertisment