ശസ്ത്രക്രിയയിലൂടെ പശുവിന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 18 കിലോ പ്ലാസ്റ്റിക് : ശസ്ത്രക്രിയക്ക് പിന്നാലെ പശു ചത്തു

ന്യൂസ് ബ്യൂറോ, മുംബൈ
Monday, December 2, 2019

മുംബൈ : പശുവിന്റെ വയറ്റിൽ നിന്ന് പതിനെട്ട് കിലോ​ഗ്രാം പ്ലാസ്റ്റിക് പുറത്തെടുത്തു. ശസ്ത്രക്രിയയിലൂടെയാണ് പ്ലാസ്റ്റിക്കുകൾ പുറത്തെടുത്തത്. ശസ്ത്രക്രിയക്ക് പിന്നാലെ പശു ചത്തുവെന്ന് ഡോക്ടർമാർ അറിയിച്ചു.

മുംബൈയിലെ ഒരു ​ഗ്രാമത്തിലാണ് സംഭവം. നവംബര്‍ ഏഴിനാണ് മൃഗങ്ങള്‍ക്ക് എതിരെയുളള ക്രൂരതകള്‍ തടയുന്നതിന് ആരംഭിച്ച മുംബൈ പാരലിലുളള ബോംബെ സൊസൈറ്റിയില്‍ പശുവിനെ പ്രവേശിപ്പിച്ചത്. പശു തീറ്റ നിര്‍ത്തിയതിനെ തുടര്‍ന്നാണ് വിദഗ്ധ ചികിത്സ തേടിയത്. പിന്നീട് നടത്തിയ പരിശോധനയില്‍ വയറ്റില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടി കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ചയാണ് പശുവിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. പ്ലാസ്റ്റിക് ബാഗ് അടക്കമുളള മാലിന്യങ്ങളാണ് വയറ്റില്‍ കണ്ടെത്തിയത്. എന്നാല്‍ ശസ്ത്രക്രിയ നടത്തിയിട്ടും പശുവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തിൽ ഒക്ടോബറിൽ ചെന്നൈയിലുള്ള ഒരു പശുവിന്റെ വയറ്റിൽ നിന്ന് 52 കിലോ​ഗ്രാം പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തിരുന്നു. പാലില്ലാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍മാര്‍ പശുവിന്റെ വയറ്റില്‍ പ്ലാസ്റ്റിക് കണ്ടെത്തിയത്.

×